Content | തൃശൂർ: മണിപ്പുർ വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നായിരുന്നു ചോദ്യം. ഒരുപാടു ചർച്ചചെയ്ത വിഷയമായതുകൊണ്ടുതന്നെ അതു പ്രതിഫലിച്ചേക്കാമെന്നായിരുന്നു മാർ താഴത്തിന്റെ മറുപടി.
ലോകത്ത് എന്തു പ്രശ്‌നമുണ്ടെങ്കിലും ആരൊക്കെ വേദനിച്ചാലും അതിന്റെ വിഷമവും വേദനയും ഭാരതീയർക്കുണ്ടാകും. മണിപ്പുർ വിഷയങ്ങളിലും അങ്ങനെതന്നെ. എനിക്കും വേദനയുണ്ട്. സാധാരണ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതു കാണുമ്പോൾ വിഷമമുണ്ട്. മണിപ്പുർ സന്ദർശിച്ചശേഷം അവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അമിത്ഷാ ഉൾപ്പടെയുള്ളവരോടു സംസാരിച്ചു. ഇപ്പോൾ അതേക്കുറിച്ച് പരസ്യ പരാമർശത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. |