Content | അമ്മ ഒരു അനിവാര്യതയാണ് വാത്സല്യത്തിന്റെ നിലാവും മാതൃത്വത്തിന്റെ മഴവില്ലും പുണ്യങ്ങളുടെ പുലരികളും നന്മയുടെ നറുസുന്നങ്ങളും അമ്മയെന്ന പ്രപഞ്ചത്തിൽ ഉണ്ട്. വിശ്വാസത്തിന്റെ തങ്ക നദിയായ അവൾ ആശ്രയ ബോധത്തിന്റെ ഉണർത്തുപാട്ടാണ്. കാലം മറക്കാത്ത മുഖമാണ് അമ്മയുടേത്. അമ്മയുടെ വിരൽത്തുമ്പിൽ പോലും സൗഖ്യത്തിന്റെ ശക്തിയുണ്ട്. അവൾ തൊട്ടാൽ ഉണങ്ങാത്ത മുറിവുകളില്ല. അവൾ നനച്ചാൽ വിരിയാത്ത പൂക്കളുമില്ല. വാതിൽ നമ്മുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഒരു വീടിന്റെ മുൻവശത്തെ വാതിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.
അതിനാൽ തേക്ക് ഈട്ടി മുതലായ നല്ല കാതലുള്ള തടികൾ കൊണ്ടാണ് നാം വീടിന്റെ പ്രധാന വാതിലുകൾ നിർമ്മിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായത്തിൽ ഈശോ പറയുന്നു ഞാൻ വാതിൽ ആകുന്നുവെന്ന്. വിശുദ്ധ പൗലോസ് കൊറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം പതിനാറാം അധ്യായം ഒൻപതാം തിരുവചനത്തിൽ പറയുന്നു ഫലപ്രദമായ പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്ക് തുറന്നു കിട്ടിയിട്ടുണ്ട്. വെളിപാട് 3: 20 പറയുന്നു ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും.
വിശുദ്ധ ഗ്രന്ഥത്തിൽ വാതിലിന് വളരെയധികം പ്രാധാന്യം ഉണ്ട്. പരിശുദ്ധ അമ്മ സ്വർഗ്ഗത്തിന്റെ വാതിലാണ് എന്ന് നാം ലുത്തിനിയായിൽ നാം പ്രാർത്ഥിക്കുണ്ട്. സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ ഈശോ മിശിഹാ ഭൂമിയിൽ വന്നത്. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്ന അകത്തേക്ക് പ്രവേശിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. സ്വർഗ്ഗത്തിന്റെ വാതിലിൽ നിന്ന് അവിടുന്ന് നമുക്ക് ആവശ്യമായത് എല്ലാം നൽകും. അസാധ്യതകളുടെ നടുവിൽ സാധ്യത തുറക്കുന്നവളാണ് പരിശുദ്ധ അമ്മ.
അതുകൊണ്ടാണല്ലോ കാനായിലെ കല്യാണവിരുന്നിൽ എല്ലാവിധ സാധ്യതകളും അടഞ്ഞപ്പോൾ അവിടെ പരിശുദ്ധ അമ്മ കടന്നുചെന്നത്. ലോകത്തിൽ തന്നെ ഒത്തിരിയേറെ അത്ഭുതങ്ങൾ പരിശുദ്ധ അമ്മയുടെ നാമത്തിൽ നടക്കുന്നു. ഏറ്റവും കൂടുതൽ പള്ളികൾ പരിശുദ്ധ അമ്മയുടെ നാമധേയത്തിലാണ്. എവിടെയെല്ലാം പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിക്കുന്നുവോ അവിടെയെല്ലാം അവൾ സ്വർഗ്ഗത്തിൽ നിന്ന് ഒത്തിരിയേറെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നു.
യാത്രക്കിടയിൽ ഒരിക്കൽ ഒരു അമ്മയെ പരിചയപ്പെടാൻ ഇടയായി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ആ അമ്മയുടെ കുടുംബം. പെൺമക്കളെ രണ്ടുപേരെയും കെട്ടിച്ചയച്ചു. ആൺകുട്ടി കായംകുളത്ത് ഒരു ഹൈന്ദവ അപ്പച്ചനെ നോക്കുവാൻ നിൽക്കുകയാണ്. തികഞ്ഞ മദ്യപാനിയാ അവൻ വീട്ടിൽ മദ്യപിച്ചു വന്നിട്ട് കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നു. എന്നാൽ അമ്മ മാതാവിന്റെ വലിയ ഭക്തയായ ആ അമ്മ എല്ലാ ദിവസവും രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റു ജപമാല ചൊല്ലി പ്രാർത്ഥിക്കും.
അതിന്റെ ഫലമായി മരുമകൾക്ക് ഒരു നല്ല ജോലി കിട്ടി. ആ ശമ്പളം കൊണ്ട് കുടുംബം തരക്കേടില്ലാതെ പോകുന്നു. ഒരു വാതിൽ അടയുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് അടുത്ത വാതിൽ തുറന്നുവെന്നു ആ നല്ല അമ്മ സാക്ഷ്യപ്പെടുത്തുകയായിരുന്നു. അതിനാൽ ആ അമ്മ മുഖത്ത് ഇന്നും നല്ല സന്തോഷമാണ്. ഒന്നിനെക്കുറിച്ചും പരാതിയില്ല പരിഭവങ്ങൾ ഇല്ല. പരിശുദ്ധ അമ്മ സ്വർഗ്ഗത്തിൽ നിന്ന് ആവശ്യമായതെല്ലാം നൽകുന്നു എന്നു ആ സാധുസ്ത്രീ വിശ്വസിക്കുന്നു.
അമ്മയ്ക്ക് മക്കൾക്ക് നന്മകൾ നൽകാൻ മാത്രമേ അറിയു. ഒരിക്കലും ഉപേക്ഷിക്കാത്ത അമ്മയെ നമ്മുടെ ജീവിതത്തിലേക്കും കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ ജീവിതം സ്വർഗ്ഗതുല്യം ആക്കാൻ ഈ വിചാരങ്ങൾ നമ്മെ സഹായിക്കട്ടെ. |