Content | സർഗോധ: പാക്കിസ്ഥാനിലെ സർഗോധയിൽ ക്രൈസ്തവര്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമായി വിശ്വാസി സമൂഹം. രാജ്യത്തു വര്‍ദ്ധിച്ച് വരുന്ന ആക്രമണത്തിലും അസഹിഷ്ണുതയിലും വിശ്വാസികള്‍ ദുഃഖം പങ്കുവെച്ചു. മെയ് 25നാണ് ക്രൈസ്തവര്‍ക്ക് നേരെ കലാപത്തിന് സമാനമായ ആക്രമണം ഉണ്ടായത്. വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവര്‍ക്ക് സുരക്ഷ ലഭ്യമാക്കണമെന്ന് ഇസ്‌ലാമാബാദ്-റാവൽപിണ്ടി സെനറ്ററും കത്തോലിക്ക വിശ്വാസിയുമായ താഹിർ ഖലീൽ സർഗോധ ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) അസദ് മാലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഇസ്ലാമാബാദിൽ നിന്ന് 150 മൈൽ തെക്ക് സർഗോധ സിറ്റിയിലെ മുജാഹിദ് കോളനിയിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. ഖുറാന്‍ അവഹേളിച്ചുവെന്നാരോപിച്ച് കത്തോലിക്ക വിശ്വാസിയായ നസീർ മസിഹിനെതിരെ തിരിഞ്ഞ ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും നസീറിന്റെ ഉടമസ്ഥതയിലുള്ള ഷൂ ഫാക്ടറിയും കത്തിച്ചു നശിപ്പിച്ചു. എഴുപത്തിയാറുകാരനായ മസിഹ് വർഷങ്ങളായി സൗദി അറേബ്യയിൽ അധ്വാനിച്ച് നേടിയതില്‍ നിന്ന്‍ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഒരു ഷൂ ഫാക്ടറി സ്ഥാപിച്ചു വിജയകരമായ രീതിയില്‍ ബിസിനസ്സ് നടത്തി വരികയായിരിന്നു.
ശനിയാഴ്ച രാവിലെ 6 മണിയോടെ മസിഹിൻ്റെ മുസ്ലീം അയൽവാസികളിലൊരാളായ അയൂബ് ഗോണ്ടൽ എന്നയാളാണ് ഖുറാൻ പേജുകൾ അവഹേളിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മസിഹിനെതിരെ രംഗത്ത് വന്നത്. കിംവദന്തികൾ പ്രചരിച്ചതോടെ പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം ആളുകളും മസിഹിൻ്റെ വീടിന് പുറത്ത് തടിച്ചു കൂടുകയായിരിന്നു. 20 കിലോമീറ്റർ ദൂരെ നിന്നുപോലും കലാപ ഭീതി പരത്തി ആളുകൾ എത്തിയിരുന്നു. വ്യാപകമായ ആക്രമണം അഴിച്ചുവിട്ട തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവരുടെ വീടുകളും ആക്രമിച്ചു. കല്ലേറുകൊണ്ടും വടികൊണ്ട് അടിയേറ്റും ഗുരുതരമായി പരിക്കേറ്റ മസിഹിനെ പിന്നീട് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിന്നു.
▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ |