Content | വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരോടുള്ള അടുപ്പത്തിൻ്റെയും കരുതലിൻ്റെയും അടയാളമായി ഫ്രാൻസിസ് മാർപാപ്പ യുക്രൈനിലെ ആശുപത്രിക്ക് മൂന്നാമത്തെ ആംബുലൻസ് സംഭാവന നല്‍കി. മാര്‍പാപ്പയുടെ ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ആംബുലന്‍സ് യുക്രൈന് കൈമാറും. ആംബുലന്‍സ് ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ചതായി ഡിക്കാസ്റ്ററി ഫോർ ചാരിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
എട്ടാം തവണയാണ് കർദ്ദിനാൾ യുക്രൈനിലേക്ക് പോകുന്നത്. ഇത്തവണ ആംബുലൻസ് സെൻട്രൽ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ അദ്ദേഹം ടെർനോപിൽ മേഖലയിലെ സ്ബോരിവ് ജില്ലയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാൻ ഫാർമസിയിൽ നിന്നും അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ഫാർമസിയിൽ നിന്നും അവശ്യ മരുന്നുകൾ വലിയ അളവിൽ കൊണ്ടുപോകും. യുദ്ധത്തിൽ ആഘാതമനുഭവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ പുനരധിവാസത്തിനായി കത്തോലിക്കാ രൂപതയായ കമ്യാനെറ്റ്സ് പൊടില്‍സ്കി നിർമ്മിച്ച "സെൻ്റ് ജോൺ പോൾ രണ്ടാമൻ" പുനരധിവാസ കേന്ദ്രം ജൂൺ അവസാനം കർദ്ദിനാൾ ക്രജേവ്സ്കി ഉദ്ഘാടനം ചെയ്യും.
ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും ആംബുലന്‍സുകളും മരുന്നുകളും ഉള്‍പ്പെടെ ഒത്തിരിയേറെ സഹായം വത്തിക്കാന്‍ നേരത്തെയും യുക്രൈനില്‍ എത്തിച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം യുക്രൈനില്‍ 10500 സാധാരണക്കാരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്ത റഷ്യന്‍ അധിനിവേശവും ആക്രമണവും രാജ്യത്തെ സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
|