Content | കണ്ണൂർ: റവ. ഡോ. സ്‌കറിയ കല്ലൂരിനെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ ഇന്‍റര്‍നാഷ്ണല്‍ കമ്മീഷൻ ഫോർ ജസ്റ്റീസ് ആൻഡ് പീസ് ഡയറക്ടറായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ കപ്പൂച്ചിൻ വൈദികരിൽനിന്ന് ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെയാളാണ് റവ. ഡോ. സ്‌കറിയ കല്ലൂർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെട്ട 15 അംഗ സമിതിയാണിത്. ആറു വർഷത്തേക്കാണ് നിയമനം. അന്തർദേശീയ സമിതികളിൽ യുഎന്നിന്റെ ഫ്രാൻസിസ്‌കൻ ഇൻ്റർനാഷ്ണൽ പോലെ സഭയെ പ്രതിനിധീകരിക്കുക, രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വസ്തുതകൾ രാജ്യാന്തര സമിതികൾക്കുമുന്നിൽ അവതരിപ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ കടമകൾ.
33 വർഷമായി വൈദിക സേവനം ചെയ്യുന്ന റവ. ഡോ. സ്‌കറിയ കല്ലൂർ കണ്ണുരിൽ പ്രോവിൻഷ്യലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിട്ടി കിളിയന്തറ സ്വദേശിയാണ്. ചുമതല ഏറ്റെടുക്കാനായി ഓഗസ്റ്റ് പതിനഞ്ചോടെ റോമിലേക്ക് പുറപ്പെടും. മാനവികതയുടെ കാഴ്‌ചപ്പാട് സർവരിലേക്കും എത്തിക്കുന്നതിന് പുതിയ ചുമതല സഹായിക്കുമെന്ന് റവ. ഡോ. സ്‌കറിയ കല്ലൂർ പറഞ്ഞു. |