Content | ലണ്ടന്‍: ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതിയ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെട്ട കിയേർ സ്റ്റാർമറിന് അഭിനന്ദനങ്ങൾ അറിയിച്ച് ബ്രിട്ടീഷ് ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ് കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ച് അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണെന്നും സർക്കാർ രൂപീകരിക്കുന്നതിലും നയിക്കുന്നതിലും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ആശംസകൾ അറിയിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു.
വിദ്യാഭ്യാസ കാര്യങ്ങളിലും പൊതുനന്മയെ സേവിക്കുന്ന മറ്റ് മേഖലകളിലും സർക്കാരുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ കത്തോലിക്കാ സഭ തയാറാണ്. കത്തോലിക് സഭയ്ക്ക് യുകെ ഗവൺമെൻ്റുമായുള്ള പങ്കാളിത്തത്തിൻ്റെ നീണ്ട ചരിത്രമാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരുമായി ചേർന്ന് ഞങ്ങൾ രണ്ടായിരത്തിലധികം സ്കൂളുകൾ നടത്തുന്നു. ഇത് തുടരാനും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഒപ്പം ഇതിലും മറ്റ് മേഖലകളിലും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതീക്ഷ അര്‍പ്പിക്കുന്നതായും മുന്നിലുള്ള പാത ഒരുപക്ഷേ ഏറ്റവും എളുപ്പമുള്ള ഒന്നല്ലെന്ന് എനിക്കറിയാം, പക്ഷേ അതിലേക്ക് കടക്കുമ്പോൾ ആശംസകൾ നേരുന്നു. പ്രധാനമന്ത്രിയെയും കുടുംബത്തെയും പ്രാർത്ഥനകളില്‍ ഓര്‍ക്കുമെന്നും അറിയിച്ചാണ് കർദ്ദിനാളിന്റെ ആശംസ സന്ദേശം സമാപിക്കുന്നത്.
പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്‌റ്റാമറുടെ ആദ്യ തീരുമാനം റുവാണ്ട പദ്ധതി റദ്ദാക്കാനായിരിന്നു. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമായിരുന്നു. റുവാണ്ട പദ്ധതി മരിച്ചതാണെന്നും തുടങ്ങുംമുൻപേ ഒടുങ്ങിയതാണെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കിയേർ സ്‌റ്റാമർ പറഞ്ഞു. |