category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈശോയുടെ ശിഷ്യരിൽ പുരുഷന്മാർ മാത്രമോ?
Contentഈശോയെ അനുഗമിച്ച് അവിടുത്തെ ശിഷ്യ രായവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടാ യിരുന്നു. അനേകം സ്ത്രീകളും അവിടുത്തെ അനുഗമിച്ചവരിൽ പെടുന്നു (ലൂക്ക 8:1-3; മത്താ: 12-46-50). ഈശോയുടെ അമ്മയായ മറിയം, യാക്കോബ്, യോസെ, യൂദാ, ശിമയോൻ എന്നിവരുടെ അമ്മ, സെബദിയുടെ ഭാര്യയും യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയുമായ സലൊമി, ക്ലോപാസിലെ മറിയം, യോവാന്ന, സൂസന്ന, മൂന്ന് മറിയമാർ, പ്രിഷില്ലാ, തബീത്ത, ലിഡിയ, യൂണിയ തുടങ്ങിയ പേരുകൾ പുതിയനിയമത്തിൽ കാണാം. ബഥനിയിലെ മർത്തായോടും മറിയത്തിനോടും അവൻ ഊഷ്മളമായ അടുപ്പം പുലർത്തി, അവരുടെ സഹോദരൻ ലാസറിനോടെന്ന പോലെ (ലൂക്ക 10:38-42). അക്കാലത്തെ സാമൂഹിക ചിട്ടകൾക്ക് വിപരീതമായി ഈശോ സമരിയാക്കാരി സ്ത്രീയോട് പരസ്യമായി സംസാരിച്ച് അവളെ വേദം പഠിപ്പിച്ചു തൻ്റെ പ്രേഷിതയാക്കി മാറ്റി (യോഹ. 4:1-42). ഈശോയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്. പ്രത്യേകിച്ച് അവന്റെ മരണവേളയിൽ (യോഹ. 19:25), ഉത്ഥിതനായ ക്രിസ്‌തു ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലനാമറിയത്തിനാണ് (യോഹ 20:11-18). ഇങ്ങനെയൊക്കെയാണെങ്കിലും, നാം ഓർക്കണം- വളരെയധികം പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലാണ് ഈശോ ജനിച്ചതും പ്രവർത്തിച്ചതും. അതുകൊണ്ട് ഈശോയെക്കുറിച്ചുള്ള ലിഖിതപാരമ്പര്യങ്ങളിൽ പുരുഷന്മാർക്ക് കൂടുതൽ ദൃശ്യത ലഭിച്ചിട്ടുണ്ട്. അത് വളരെ സ്വാഭാവികവുമാണ്. എന്നാൽ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ സ്ത്രീകൾ ഇല്ലായിരുന്നു എന്നത് ശരിയാണ്. സ്ത്രീകൾ മാത്രമല്ല വിജാതീയ പുരുഷന്മാരെയും തന്റെ അപ്പസ്തോലഗണത്തിൽ അവൻ ഉൾപ്പെടുത്തിയില്ല. സ്ത്രീകൾ തന്റെ ശിഷ്യവലയത്തിലുണ്ടായിരുന്നിട്ടും അവൻ അവരെയും പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും അപ്പസ്‌തോല സംഘത്തിലേക്ക് അവരെ അവൻ ഉൾച്ചേർത്തില്ല. അതിൻ്റെ കാരണങ്ങൾ നമുക്ക് അനുമാനിക്കാനേ സാധിക്കൂ. തികച്ചും പുരുഷകേന്ദ്രീകൃത സമൂഹമായിരുന്നതുകൊണ്ട് അവൻ അക്കാലത്തെ സാമൂഹികക്രമം പാലിക്കുകയായിരുന്നു എന്നു വേണമെങ്കിൽ വാദിക്കാം. അതേസമയം അത്തരം സാമൂഹികചിട്ടകളെ അവൻ മിക്കപ്പോഴും മറികടക്കുകയും അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ന്യൂനതകളുള്ള എല്ലാ സാമൂഹിക ക്രമങ്ങളെയും അവൻ മാറ്റിമറിക്കാൻ ശ്രമിച്ചതുമില്ല. ഉദാഹരണത്തിന്, റോമൻ ഭരണക്രമം, അടിമത്ത വ്യവസ്ഥിതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. പന്ത്രണ്ട് അപ്പസ്തോലന്മാർ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പ്രതീകമായിരുന്നു. പുരുഷന്മാരായിരുന്നു ഗോത്രത്തലവന്മാർ. യൂദാസിനെ സംഘത്തിൽനിന്ന് നഷ്ടപ്പെട്ടപ്പോൾ മത്തിയാസിനെ തിരഞ്ഞെടുത്ത് അവർ പന്ത്രണ്ടുപേരെ തികച്ചു. പുതിയ ജറുസലെമിനു പന്ത്രണ്ട് കവാടങ്ങളും പന്ത്രണ്ട് മാലാഖമാരും പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകളും ഉണ്ടാവും (വെളി. 21:12). അതിനാൽ അപ്പസ്തോലന്മാർ പുരുഷന്മാർ ആകേണ്ടിയിരുന്നു എന്നാണ് വാദഗതി. പക്ഷേ പിന്നീട് നേതൃസംഘത്തിൽ പന്ത്രണ്ടുപേർ എപ്പോഴും വേണമെന്ന് നിർബന്ധം സഭ പുലർത്തിയുമില്ല. യാക്കോബ് ശ്ലീഹ രക്തസാക്ഷിയായതോടെ പന്ത്രണ്ട് അംഗസംഖ്യ നിലനിർത്തണം എന്ന് സഭ കരുതിയുമില്ല. ഇക്കാര്യത്തിൽ നമുക്ക് ഉറപ്പിച്ചു പറയാവുന്നത് ഒന്നു മാത്രം: പന്തിരുവർസംഘത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താതിരുന്ന തിന്റെ കാരണം ഈശോയ്ക്ക് മാത്രമേ അറിയൂ. ഈശോ അതെപ്പറ്റി സംസാരിക്കുന്നില്ല; ആരും ഈ വിഷയത്തെക്കുറിച്ച് ചോദിക്കുന്നുമില്ല. വേദപുസ്‌തകവും ഈ വിഷയത്തിൽ പൂർണ്ണമായും നിശബ്ദമാണു താനും. ഒടുവിലായി, ദൈവത്തിൻ്റെ എല്ലാ പ്രവൃത്തികളുടെയും യുക്തി എനിക്കറിയണം എന്ന് നമുക്കാർക്കും ശഠിക്കാനുമാവില്ല. ഉദാഹരണത്തിന്, എന്തിനു പന്ത്രണ്ടുപേരിൽ രണ്ടുപേരെ ഒരു വീട്ടിൽ നിന്നു തന്നെ തിരഞ്ഞെടുത്തു? രണ്ടു വീടുകളിൽനിന്നായിരുന്നെങ്കിൽ അത്രയും പ്രാതിനിധ്യം കൂടുമായിരുന്നല്ലോ? കണക്കുനോക്കാൻ നന്നായിട്ടറിയാമായിരുന്ന ചുങ്കക്കാരൻ മത്തായി കൂട്ടത്തിലുള്ളപ്പോൾ എന്തിനു പണസഞ്ചി യൂദാസിനെ ഏല്‌പിച്ചു? ഈ ചോദ്യങ്ങളെല്ലാം ന്യായമാണ്. പക്ഷേ ഉത്തരം ഈശോയ്‌ക്കേ അറിയൂ. -- കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-11 10:32:00
Keywordsഈശോ
Created Date2024-07-10 14:32:08