Content | വാഷിംഗ്ടണ്‍ ഡിസി/ ഗാസ: വാരാന്ത്യത്തിൽ ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി. ജെറുസലേം പാത്രിയാര്‍ക്കേറ്റിനും പ്രദേശത്തെ ജനങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതായി അന്താരാഷ്ട്ര നീതിയും സമാധാനവും സംബന്ധിച്ച യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് എ. ഏലിയാസ് സൈദാൻ പറഞ്ഞു.
സമാധാനത്തിനും ശത്രുതയ്ക്ക് ഉടനടി അന്ത്യം കുറിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം സിവിലിയൻമാർ യുദ്ധമേഖലയ്ക്കു പുറത്ത് തുടരണമെന്ന് ശക്തമായ ഭാഷയിൽ അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഗാസയിലെ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും ലാറ്റിൻ പാത്രിയാർക്കേറ്റിനു ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടിരിന്നു. സ്‌കൂൾ കോംപ്ലക്‌സ് തീവ്രവാദികളുടെ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമായിരുന്നുവെന്നു ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. കർത്താവിൻ്റെ കരുണയ്‌ക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. |