Content | ഡമാസ്ക്കസ്: കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് ഹന്നാ ജാല്ലൂഫിന്റെ കൈവയ്പ്പിലൂടെയാണ് ജോർജ്ജ് പൗളോ, ജോണി ജാല്ലൂഫ് എന്നിവർ അഭിഷിക്തരായത്. ചടങ്ങുകളിൽ മുപ്പത് ഫ്രാൻസിസ്കൻ സന്യസ്തരും പങ്കെടുത്തിരുന്നു. 2012 നും 2016 നും ഇടയിൽ സിറിയൻ യുദ്ധത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട നഗരമായ അലപ്പോയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ 17 വർഷത്തിനിടയിലെ ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരിന്നു ഇത്.
സഹോദരങ്ങൾ വൈദികരായി അഭിഷിക്തരായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിറിയയിലെ ഫ്രാൻസിസ്കൻ സമൂഹത്തില്‍ ഇരട്ടസഹോദരങ്ങൾ വൈദികരായി അഭിഷിക്തരാകുന്നത്. വിശുദ്ധനാടുകളിൽ ഏറ്റവും കൂടുതൽ ഫ്രാൻസിസ്കൻ സന്യസ്ത വൈദികരുള്ളത് സിറിയയിലാണ്. 1860-ൽ ഡമാസ്കസിൽ വച്ച് കൊല്ലപ്പെട്ട ഫ്രാൻസിസ്കൻ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്ന ദിനത്തിലാണ് തിരുപ്പട്ട സ്വീകരണമെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം 2024 ഒക്ടോബർ 20-ന് ഇവരെ സഭ ഔദ്യോഗികമായി രക്തസാക്ഷികളായി പ്രഖ്യാപിക്കുന്ന ചടങ്ങുണ്ടാകും.
ജോർജ്ജും ജോണിയും ആലപ്പോയിലെ ഫ്രാൻസിസ്‌ക്കൻ ഇടവകയിൽ അൾത്താര ബാലന്മാരായും മതബോധന അധ്യാപകരായും വിവിധ യൂത്ത് ഗ്രൂപ്പുകളിലും സജീവമായി പങ്കെടുത്തിരിന്നു. സിറിയയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ അവർക്ക് 15 വയസ്സായിരുന്നു. നഗരം നേരിട്ട വന്‍ ദുരന്തങ്ങള്‍ക്കു ഇവര്‍ സാക്ഷികളായിരിന്നു. സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിനുമുൻപ് രണ്ടുലക്ഷത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ന് ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ക്രിസ്ത്യാനികൾ മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്. |