Content | വത്തിക്കാന്‍ സിറ്റി: മുൻ പ്രസിഡന്‍റും ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാൾഡ് ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍. ജനങ്ങളെയും ജനാധിപത്യത്തെയും വ്രണപ്പെടുത്തുകയും ദുരിതം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമ സംഭവങ്ങളിൽ വത്തിക്കാന്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയ്ക്കും ഇരകൾക്കും വേണ്ടിയുള്ള യുഎസ് ബിഷപ്പുമാരുടെ പ്രാർത്ഥനയിൽ ചേരുകയാണെന്നും അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രസ്താവിച്ചു.
പെൻസിൽവാനിയയിലെ ബട്ലറിൽ ശനിയാഴ്‌ച വൈകീട്ട് 6.08-ന് (ഇന്ത്യൻ സമയം ഞായറാഴ്‌ച പുലർച്ചെ 3.38) പ്രചാരണയോഗത്തിൽ പ്രസംഗിക്കവേയാണ് ട്രംപിന് വെടിയേറ്റത്. ചെവിയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ പ്രചാരണപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അക്രമത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരിന്നു.
അതേസമയം പെൻസിൽവാനിയയിൽ വെടിവയ്‌പുണ്ടായ സ്‌ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ-15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ വെടിവയ്‌പിൽ പരുക്കേറ്റ ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. |