Content | "നല്ല മുന്തിരിപ്പഴങ്ങൾ ചക്കിലിട്ട് ഞെരിക്കുമ്പോൾ ചാറുകിട്ടുന്നു. അത് സംഭരിച്ച് വെച്ച് ശുദ്ധീകരിക്കുമ്പോൾ നല്ല വീര്യമുള്ള വീഞ്ഞായി. അതുപോലെ കഷ്ടതകൾ കൊണ്ടും വേദനകൾ കൊണ്ടും നാം ശുദ്ധീകരിക്കപ്പെടുമ്പോൾ ആത്മ വീര്യമുള്ളവരാകും" - വിശുദ്ധ അൽഫോൻസ.
തിരുസഭ വിശുദ്ധരെ വിശ്വാസികൾക്ക് അനുകരണീയ മാതൃകകളാക്കി ഉയർത്തിക്കാണിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ തിരുസഭ എന്ന പ്രമാണരേഖയിൽ പഠിപ്പിക്കുന്നു (LG 50 ). ഫ്രാൻസിസ്കൻ ക്ലാര സഭയിലെ ഒരു എളിയ സന്യാസിനിയായിരുന്ന മുട്ടത്തുപാടത്ത് അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചു. "അനിതര സാധാരണ വ്യക്തിത്വമുള്ള ഒരു സ്ത്രീ ആയിരുന്നു അൽഫോൻസാമ്മ. ക്ലേശങ്ങൾ സഹിക്കുന്നതിൽ അവൾ നമുക്ക് മാതൃകയാകട്ടെ!". സ്വർണ്ണം അഗ്നിശുദ്ധി ചെയ്യുമ്പോൾ അത് തങ്കമായി മാറുന്നതുപോലെ ദൈവത്തിനു മുമ്പിൽ തങ്കമായി മാറിയ അൽഫോൻസാമ്മയുടെ ജീവിതം നമുക്കെല്ലാവർക്കും മാതൃകയാണ്. ജീവിതത്തിൽ ദൈവം തരുന്ന ഏത് കഷ്ടപ്പാടും പരാതിയില്ലാതെ സ്വീകരിക്കുക എന്ന മാതൃക അൽഫോൻസാമ്മയിൽ നിന്നും നാം പഠിക്കണം.
ജീവിത പ്രതിസന്ധികളിൽപെട്ടു നട്ടം തിരിയുന്ന മനുഷ്യകുലത്തിന് മാതൃകയാക്കേണ്ട ഒരു ജീവിതമാണ് അൽഫോൻസാമ്മയുടേത്. കുട്ടികൾ മുതൽ മുതിർന്നവർവരെ പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ മാനസിക തളർച്ചയിലേക്കും അമിതമായ ഉൽക്കണ്ഠ യിലേക്കും നടന്നു നീങ്ങുന്നു. ജീവനു പോലും വിലകൽപ്പിക്കാത്ത ഒരു ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കുട്ടികളെ പോലും ആർക്കും നേരായ വഴിയിലൂടെ നയിക്കാൻ ആവുന്നില്ല. ഒരു തെറ്റുതിരുത്തൽ കൊടുത്താൽ പോലും ആത്മഹത്യയിലേക്കും, മയക്കുമരുന്നിന്റെ അടിമത്തത്തിലേക്കും,ഡിപ്രെഷനിലക്കും അതിവേഗം നീങ്ങുന്നു. ആത്മീയമായ ഒരു കരുത്ത് ആർക്കും ഇല്ല.
വിശുദ്ധ അൽഫോൻസാ പ്രതിസന്ധികളെ ധീരതയോടെ നേരിട്ടു. അതിന് അവൾക്ക് സാധിച്ചത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ദൈവാശ്രയ ബോധവും ആയിരുന്നു. ജീവിതത്തിന്റെ വിജയം എന്നു പറയുന്നത് വേദനകൾ ഇല്ലാതിരിക്കുന്നതല്ല മറിച്ച് വേദനകളെ അഭിമുഖീകരിക്കുന്നതാണ്. അൽഫോൻസാമ്മ സഹനത്തെ വിശുദ്ധിയുടെ രക്ഷാമാർഗ്ഗം ആക്കി, പ്രാർത്ഥനയുടെ വിഷയമാക്കി, ലോകത്തിന്റെ പാപ ത്തിനുള്ള പരിഹാരം ആക്കി മാറ്റി. യോഹന്നാന്റെ സുവിശേഷത്തിൽ അഞ്ച് ബാർലി അപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലൻ തന്റെ തന്നെ കുറവുകളെ ദൈവത്തിന്റെ കരങ്ങളിൽ കൊടുത്തപ്പോൾ ദൈവം ആശീർവാദം ഉണ്ടായപ്പോൾ ദൈവം തന്നെ അതിനെ നിറവായി പകർന്ന് എല്ലാവർക്കും മതിവ രുവോളം വിളമ്പി നൽകി..(Jn:6/1-15).
ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിക്കാതെ നമുക്ക് നമ്മുടെ ശക്തികൊണ്ട് ഒന്നും ചെയ്യാൻ ആവില്ല. നമ്മുടെ ബലഹീനമായ ഹൃദയത്തെ ദൈവത്തിന്റെ പക്കൽ സമർപ്പിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തെയും ബലമുള്ളതാക്കും. അതിനുള്ള ശക്തിക്കായി അൽഫോൻസാമ്മയെ മാതൃകയാക്കി ദൈവത്തോട് പ്രാർത്ഥിക്കണം. ക്രിസ്തീയ പുണ്യങ്ങളായ വിശ്വാസം,ശരണം, സ്നേഹം എന്നിവയുടെ വീരോചിത മാതൃകയായി അൽഫോൻസാമ്മയെ സഭ ഉയർത്തി കാണിക്കുമ്പോൾ നമുക്കും അവളുടെ മാതൃക അനുകരിക്കാം. നമുക്ക് അൽഫോൻസാമ്മയ്ക്ക് നൽകാവുന്ന ഏറ്റവും അനുയോജ്യമായ ആദരവ് അമ്മ പ്രകടിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും ജീവിതശൈലി ജീവിതത്തിൽ പകർത്തുക എന്നുള്ളതാണ്.
മോക്ഷരാജ്യത്തിൽ എത്തിച്ചേരുക അങ്ങനെ നിത്യ സൗഭാഗ്യം അനുഭവിക്കുക അതു അൽഫോൻസാമ്മയുടെ ജീവിത വ്രതമായിരുന്നു
അതിനാലാണവൾ മോക്ഷരാജ്യത്തിൽ നിന്നെഴുന്നള്ളി നീവരേണമേ ദൈവകുമാരാ... എന്നവൾ പാടി പ്രാർത്ഥിച്ചിരുന്നത്. ദൈവനന്മകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങാൻ ജീവിതത്തിലെ ഒരു നിമിഷം മാത്രം മതി എന്നത് വാസ്തവമാണ്. എന്നാൽ ചിലർക്കായി ചില അനുഗ്രഹ നിമിഷങ്ങൾ ദൈവം ഒരുക്കിവച്ചിട്ടുണ്ട്.
ആ നിമിഷത്തിൽ ദൈവം അപരിമിതമായ അനുഗ്രഹങ്ങൾ ആ വ്യക്‌തിയിൽ ചൊരിയുന്നു. സവിശേഷമായ ഉൾപ്രകാശം നൽകി സ്നേഹാനുഭവത്തിൽ പൊതിഞ്ഞ് തൻറെ പക്കലേയ്ക്ക് ദൈവം അവരെ വശീകരിക്കുന്നു. ഈ വിധത്തിലുള്ള അനുഗ്രഹീത നിമിഷത്തെക്കുറിച്ചാണ് പൗലോസ് അപ്പസ്തോലൻ വിശേഷിപ്പി ച്ചത് “ഇതാണ് രക്ഷയുടെ ദിവസം; ഇതാണ് സ്വീകാര്യമായ സമയം" (21.6:2) ഇത് എപ്പോൾ സംഭവിക്കുമെന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. അതിനാൽ അൽഫോൻസാമ്മയെപ്പോലെ മോഷരാജ്യത്തിലെ രാജാകുമാരനെ നോക്കി നമുക്കും ഈ ലോകജീവിതം ആനന്ദകരമാക്കാം. |