Content | കൽപ്പറ്റ: ദുരന്തബാധിതർക്കിടയിൽ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ മാനന്തവാടി രൂപത സമിതി. ഉരുൾ പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽനിന്നു രക്ഷപ്പെടുത്തിയതിൽ മുന്നൂറിൽപരം ആളുകള്‍ കഴിയുന്ന മേപ്പാടി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എകെസിസിയുടെ സേവനം. എല്ലാം നഷ്ട്ടപ്പെട്ടതിന്റെ വേദനയുമായി ക്യാമ്പിൽ കഴിയുന്നവർക്കു ഭക്ഷണംവച്ചും വിളമ്പിയുമാണ് എകെസിസിയുടെ ദുരിതാശ്വാസം.
ക്യാമ്പിൽ ഇന്നലെയും ഇന്നും ഭക്ഷണം പാകം ചെയ്‌ത് വിതരണം ചെയ്യുന്ന ഉത്തരവാദിത്വമാണ് എകെസിസി ഏറ്റെടുത്തത്. സ്ത്രീകൾ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയ്യുന്നത്. രാവിലെ ചായ, പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരം ചായ, സ്‌നാക്, രാത്രി അത്താഴം എന്നിങ്ങനെയാണ് ക്യാമ്പിൽ ഭക്ഷണവിതരണം. പാചകം ചെയ്യുന്നതിനുള്ള അരിയും പൊടികളും ഉൾപ്പെടെ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെയാണ് ക്യാമ്പിൽ എത്തുന്നത്.
കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകരായ ഇരുപതോളം പേർ ഇവരുമായി സഹകരിക്കുന്നുണ്ട്. എകെസിസി ഗ്ലോബൽ സമിതി വൈസ് പ്രസിഡൻ്റ് ഡോ. കെ.പി. സാജു, രൂപത ഡയറക്ടർ ഫാ. ജോബിൻ മുക്കാട്ടുകാവുങ്കൽ, പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ, സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, വൈസ് പ്രസിഡന്റ് ലൗലി ജോസഫ്, നടവയൽ ഫൊറോന സെക്രട്ടറി സജി ഇരട്ടമുണ്ടയ്ക്കൽ, നടവയൽ യൂണിറ്റ് സെക്രട്ടറി സ്‌മിത ലിജോ, കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ, മിഷൻ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നതും വിതരണം ചെയ്യുന്നതും. |