Content | കണ്ണൂര്‍/ വത്തിക്കാന്‍ സിറ്റി: കണ്ണൂർ ലാറ്റിന്‍ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ ഫ്രാൻസിസ് പാപ്പാ 2024 ഓഗസ്റ്റ് 15 നു നിയമിച്ചു. നിയമന വാർത്ത വത്തിക്കാനിലും, തൽസമയം ഉച്ചകഴിഞ്ഞു 3.30-നു കണ്ണൂർ രൂപത ആസ്ഥാന മന്ദിരത്തിലും വായിച്ചു. രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് ഈ നിയമനമെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. നിയുക്ത മെത്രാന് അന്തർദേശിയ തലത്തിൽ വിവിധ രാജ്യങ്ങളിലെ പ്രവർത്തന പരിചയം കണ്ണൂരിന്റെ വളർച്ചക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരികെയാണ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ തേടി പുതിയ നിയോഗമെത്തിയിരിക്കുന്നത്.
1967 ഓഗസ്റ്റ് നാലിനു കുറുപ്പ ശ്ശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനായാണ് ജനനം. കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകാംഗമാണ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റുട്ടിൽ നിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേർസിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും കരസ്തമാക്കിയിട്ടുണ്ട്.
1991 ഡിസംബർ 23 നാണു കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായത്. തുടർന്ന്, തുരുത്തിപ്പുറം സെയിൻ്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്തു വിശുദ്ധ കുരിശിൻ്റെ ഇടവക, പുല്ലുറ്റു സെയിന്റ് ആന്റണിസ് എന്നിവിടങ്ങളിൽ പ്രീസ്‌റ് ഇൻ ചാർജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ടിച്ചു. കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിൻ്റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്റസ് ലീഗ് രൂപതാ ഡയറക്‌ടറും ആയിരുന്ന ഡോ. ഡെന്നിസ് കുറുപ്പശ്ശേരി 2001 മുതലാണ് വത്തിക്കാൻ്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്റ്റ്, തായ്ലാന്റ്, ചെക്ക് റിപ്പുബ്ലിക്, അഫ്രിക്കയിലെ ഗാബോൺ എന്നീ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ അമേരിക്കയിലെ വത്തിക്കാൻ എംബസ്സിയിൽ പേപ്പൽ ന്യൂണ്‍ഷ്യോ കഴിഞ്ഞാല്‍ കൂടുതൽ ഉത്തരവാദിത്തമുള്ള ഫസ്റ്റ് അസിസ്റ്റൻ്റ് ആയിരുന്നു മോൺ. ഡെന്നിസ്. 2021 മുതലാണ് മാൾട്ടായിലെ ദൗത്യം ലഭിച്ചത്. പുതിയ സഹായ മെത്രാൻ്റെ മെത്രാഭിഷേക ചടങ്ങുകളുടെ തീയതിയും വിശദാംശങ്ങളും രൂപത ആലോചന സമിതിയും രൂപത വൈദിക സമിതി, കണ്ണൂർ പാസ്റ്ററൽ കൌൺസിൽ എന്നിവ കൂടി തീരുമാനം എടുക്കുന്നതായിരിക്കുമെന്ന് രൂപതാനേതൃത്വം അറിയിച്ചു. |