category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമജുഗോറിയയിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം
Contentസുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മജുഗോറിയയിലെ മാതാവിന്റെ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ, പരിശുദ്ധ അമ്മ പലതവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്തെ, ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്. ഈ ഭക്തികേന്ദ്രത്തിൽ ലഭിച്ച ഫലങ്ങൾ വിശ്വാസികളിൽ തിക്തഫലങ്ങൾ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിച്ചു. സെപ്റ്റംബർ പത്തൊൻപത്തിന് പ്രസിദ്ധീകരിച്ച ഈ രേഖ, മെജുഗോറിയയിൽ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്. മജുഗോറിയയിലെ ഇടവകയിൽ പരിശുദ്ധ അമ്മയോടുള്ള പൊതുവണക്കം അനുവദിച്ച പരിശുദ്ധ സിംഹാസനം പുറത്തുവിട്ട "നുള്ള ഒസ്‌താ" എന്ന, രേഖയിൽ, മജുഗോറിയയിൽ "അമാനുഷികമായ" എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ലോകം മുഴുവനും നിന്നുള്ള തീർത്ഥാടകർ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു. നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാർത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്. ലൗകികമായ ജീവിതശൈലിയും, ഭൗമികസാമ്പത്തിനോടുള്ള അമിത അഭിലാഷവും വെടിഞ്ഞ്, പരിവർത്തനത്തിനുള്ള ക്ഷണമാണ് മജുഗോറിയയിലെ സന്ദേശങ്ങളിൽ പലപ്പോഴും കാണാനാകുന്നത്. പാപത്തിന്റെയും തിന്മയുടെയും ഫലങ്ങളെ കുറച്ചുകാണരുതെന്ന സന്ദേശവും ഇവിടെ നമുക്ക് കാണാം. പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും പ്രാധാന്യവും വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതവും ഇവിടെ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. മജുഗോറിയ ഇടവകയിലെ ആദ്ധ്യാത്മികവും അജപാലനപരവുമായ പ്രവർത്തനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച്, കൃത്യമായ നിയന്ത്രണം ആഗ്രഹിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്നത്, വത്തിക്കാൻ പ്രത്യേകം പരാമർശിച്ചു. അമാനുഷികത അവകാശപ്പെടാനാകാത്ത വിധത്തിൽ, ചില പ്രവർത്തിക കാര്യങ്ങളിൽ പരിശുദ്ധ അമ്മയുടേതായി സന്ദേശങ്ങൾ നൽകപ്പെടുന്നു. എന്നാൽ തന്റെ സന്ദേശങ്ങളുടെ പ്രാധാന്യത്തെ വിശുദ്ധഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെട്ട തിരുവചനത്തിന്റെ മൂല്യത്തേക്കാൾ കീഴിലായാണ് പരിശുദ്ധ അമ്മ അവതരിപ്പിക്കുന്നത് എന്നതും പരിശുദ്ധ സിംഹാസനം പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും, സന്ദേശങ്ങളിൽ, "എന്റെ പദ്ധതി" എന്ന രീതിയിൽ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്ന ആശയങ്ങൾ സന്ദേഹമുളവാക്കിയേക്കാമെന്നും പരിശുദ്ധ സിംഹാസനം എടുത്തുപറയുന്നു. കർത്താവിന്റെ പദ്ധതികളുടെ ആവശ്യങ്ങൾക്കായാണ് പരിശുദ്ധ അമ്മ പ്രവർത്തിക്കുന്നതെന്നും, ദൈവപുത്രന്റേതു മാത്രമായ സ്ഥാനം പരിശുദ്ധ അമ്മയ്ക്ക് ചാർത്തിക്കൊടുക്കാൻ പരിശ്രമിക്കരുതെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു. മെജുഗോറിയയിലെ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് "അമാനുഷികമായ" എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്താതിരിക്കുമ്പോഴും, പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മൊസ്‌താർ ഇടവകദ്ധ്യക്ഷൻ പുറപ്പെടുവിച്ച "നുള്ള ഓസ്താ" രേഖ അനുസരിച്ച്, മജുഗോറിയയിൽ, വിശ്വാസികൾക്ക്, അവിടെയുള്ള പൊതുവായ ആരാധന വഴി, തങ്ങളുടെ ക്രൈസ്തവജീവിതത്തിനായുള്ള പ്രചോദനം സ്വീകരിക്കുന്നതിന് പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. എന്നാൽ ഇതിൽ വിശ്വസിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആരെയും നിർബന്ധിക്കുന്നില്ല എന്നും ഈ രേഖയിൽ വത്തിക്കാൻ കുറിച്ചു. മജുഗോറിയയിലെ സന്ദേശങ്ങളിലെ ഭൂരിഭാഗത്തെക്കുറിച്ചുമുള്ള പോസിറ്റിവായ മൂല്യനിർണ്ണയം, അവയെല്ലാം അമാനുഷികമാണെന്ന ഒരു പ്രഖ്യാപനമല്ല എന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്. പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങൾക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അദ്ധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീർത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിക്കുന്നു. Courtesy: Vatican News
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-19 00:00:00
Keywords
Created Date2024-09-19 19:17:07