category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്യാസ്ത്രീകളുടെ പ്രവര്‍ത്തി ഹൈന്ദവ യുവാവിന്റെ മുന്‍വിധി മാറ്റിമറിച്ചപ്പോള്‍...!
Contentഏതാനും ദിവസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് സെക്ഷനിൽ എൻ്റെ സഹോദരി കൃഷ്ണയുടെ കുഞ്ഞ് അഡ്മിറ്റായതിനാൽ ഞാൻ പെങ്ങളെ സഹായിക്കാൻ അവിടെ പോയതായിരുന്നു. പെങ്ങളുടെ കുഞ്ഞിന് കലശലായ പനിയും ചുമയും ആയിട്ട് ICU ൽ ആണ്. അളിയൻ ആണെങ്കിൽ വിദേശത്തും. ഞങ്ങൾ നല്ല ടെൻഷനിൽ ആണ്. ICU ന് അടുത്ത് തന്നെയാണ് കുഞ്ഞുങ്ങളുടെ കണ്ണ് ഡോക്ടർ ഉള്ളത്. കുഞ്ഞുങ്ങളുടെ കണ്ണ് ചെക്ക് ചെയ്യാൻ വേണ്ടി ധാരാളം മാതാപിതാക്കൾ ആ ചുറ്റുവട്ടത്തുണ്ട്. ഞാൻ ഓരോരുത്തരെയും ഇങ്ങനെ നിരീക്ഷിച്ചിരിക്കുമ്പോൾ അതാ ഒരു കന്യാസ്ത്രീ ഒരു കൈകുഞ്ഞിനെയും പിടിച്ച് അവിടേയ്ക്ക് വരുന്നു. അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞ് ചെറുതായി കരയുന്നുണ്ട്. കുഞ്ഞിനെ കൂടാതെ ഒരു ചെറിയ ബാഗും ഒരു കവറും അവരുടെ കയ്യിൽ ഉണ്ട്. കുഞ്ഞിൻ്റെ കരച്ചിൽ നിർത്താൻ ആ കന്യാസ്ത്രീ നന്നേ പാടുപെടുന്നുണ്ട്. ഒരു അമ്മയുടെ കരുതലോടെ ബാഗിൽ ഉണ്ടായിരുന്ന കുപ്പിപാൽ ഒക്കെ എടുത്ത് കൊടുക്കുന്നുണ്ട് അവർ... പെട്ടെന്ന് എൻ്റെ ചിന്തകളിലേക്ക് കടന്നുവന്നത് ഏതാനും നാളുകൾക്ക് മുമ്പ് ഏതോ ചാനലിൽ ഇരുന്ന് ആരൊക്കയോ നടത്തിയ അന്തി ചർച്ചയാണ്. "ഈ കന്യാസ്ത്രീമാർ ഒക്കെ അത്രയ്ക്കും പരിശുദ്ധരല്ലന്നേ. അവർ അനാഥാലയം നടത്തുന്നത് അവരുടെ മക്കളെ തന്നെ വളർത്താൻ വേണ്ടിയാണ്. ദേവദാസികൾ എന്നാ ഇവളുമാരെ വിളിക്കേണ്ടത്" എന്ന കമൻ്റ് ഓർമ്മയിൽ മിന്നിമറഞ്ഞു... ഈ ഒരു ചിന്തയോടെ ഞാൻ ആ കന്യാസ്ത്രീയെ കൂടുതൽ വീക്ഷിക്കാൻ തുടങ്ങി. അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞ് ഇപ്പോൾ കരച്ചിൽ നിർത്തി പതിയെ ഉറങ്ങി തുടങ്ങി. അവിടെ നിൽക്കുന്നവരും ആ വഴി കടന്നുപോകുന്നവരും ആ കന്യാസ്ത്രീയെ നോക്കുന്നുണ്ട്. ചിലർ ഒന്ന് ഇരുത്തി മൂളിയിട്ടാണ് പോകുന്നത്. ദൂരെ നിൽക്കുന്ന ചിലർ എന്തൊക്കെയോ പതിയെ പറയുന്നുണ്ട്. പക്ഷേ, ആ കന്യാസ്ത്രീക്ക് ഒരു ഭാവഭേദവും ഇല്ല. തൻ്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ പതിയെ പതിയെ കുലുക്കികൊണ്ട് ചെറിയ ഒരു പുഞ്ചിരിയോടെ അവർ അവിടെ ഇരിക്കുമ്പോൾ, എവിടെ നിന്നോ ഒരു ആശുപത്രി ജീവനക്കാരി അവരുടെ അടുത്തേക്ക് ഓടി എത്തി: 'അമ്മേ... ഇത് ഇവിടെ നിന്ന് കിട്ടിയ പുതിയ കുഞ്ഞാണോ' എന്ന് ചോദിച്ചുകൊണ്ട് ആ കുഞ്ഞിൻ്റെ തലയിൽ തലോടുന്നു. ഞാൻ പെട്ടെന്ന് അവരുടെ മറുപടിക്കായി ചെവികൾ കൂർപ്പിച്ചു. അവർ പതിയെ 'അതെ, അമ്മതൊട്ടിലിൽ നിന്ന് കിട്ടിയതാണ്' എന്ന് സ്വരം താഴ്ത്തി പറഞ്ഞപ്പോൾ എൻ്റെ നെഞ്ചിൽ ഒരു കൂടം കൊണ്ട് ആരോ ഒരു അടി തന്നതുപോലെ തോന്നി... ഇതുവരെയും എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ മുൻവിധികളും കാറ്റിൽ പറന്നു... എന്തോ വല്ലാത്ത ഒരു ഭയഭക്തിയും ബഹുമാനവും എനിക്ക് അവരോട് പൊടുന്നനെ തോന്നി തുടങ്ങി. ആശുപത്രി ജീവനക്കാരി അവരുടെ കൂടെ പിന്നാലെ വന്നിരുന്ന മറ്റു ചിലരോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: "ഈ കന്യാസ്ത്രീമാരുടെ ജീവിതം സമ്മതിക്കണം. സ്വന്തം അമ്മമാർക്ക് വേണ്ടാതെ മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ അല്ലേ അവർ എടുത്തോണ്ടു പോയി കഷ്ടപ്പെട്ട് വളർത്തുന്നത്. ഈ ആശുപത്രിയിൽ അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ഇവരാണ് ഏറ്റെടുക്കുന്നത്. എന്നിട്ടും ഇവരുടെ ത്യാഗങ്ങൾ ഒന്നും കാണാതെ ഓരോരുത്തർ ഇവരെപ്പറ്റി എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞു പരത്തുന്നത്" എന്ന് പിറുപിറുത്തു കൊണ്ട് ആ സ്ത്രീ എവിടേക്കോ നടന്നുപോയി... ആ കന്യാസ്ത്രീ കുഞ്ഞിനെ ഇടയ്ക്കിടെ ഡോക്ടറിൻ്റെ അടുത്ത് കൊണ്ടു കാണിക്കുകയും ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്. മണിക്കൂറുകൾ നീണ്ടു പോവുകയാണ്. ഇടയ്ക്ക് കന്യാസ്ത്രീ ആരെയോ വിളിച്ച് തൻ്റെ കൈവശമുള്ള പാൽ തീർന്നു എന്ന് പറയുന്നുണ്ട്. ഞാൻ മനസ്സിൽ ഓർത്തു ഇത് ആരോട് ആയിരിക്കും എന്ന്! ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അതാ വേറൊരു കന്യാസ്ത്രീ ഒരു കൈക്കുഞ്ഞിനെയും കൊണ്ട് ഓടിപ്പാഞ്ഞ് ഇവരുടെ അടുത്തേക്ക് വരുന്നു. ഞാൻ പതിയെ തൊട്ട് അടുത്തുള്ള സ്റ്റെപ്പിലേയ്ക്ക് കയറി നിന്നു, മുകളിലത്തെ നിലയിലേക്ക് കയറി പോകുന്നു എന്ന ഭാവേന... അപ്പോഴും അവർ തമ്മിൽ സംസാരിക്കുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. അവരുടെ സംസാരത്തിൽ നിന്ന് അടുത്ത് എവിടെയോ വേറെ ഒരു സിസ്റ്റർ കൂടി മറ്റൊരു കുഞ്ഞിനെയും കൊണ്ട് ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട്, മൂന്നു സിസ്റ്റേഴ്സ് ആണ് വന്നിരിക്കുന്നത്. മൂന്നു പേരും മൂന്നിടത്താണ്. അപ്പോൾ വന്ന കന്യാസ്ത്രീ തൻ്റെ കൈവശം ഉണ്ടായിരുന്ന സാധനങ്ങൾ ആദ്യത്തെ കന്യാസ്ത്രീയെ ഏല്പ്പിച്ചിട്ട് പറയുകയാണ്, "നമ്മൾ തിരിച്ച് പോകുമ്പോൾ ചിലപ്പോൾ വേറെ ഒരു കുഞ്ഞിനെ കൂടി മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുപോകാൻ ഉണ്ട്, കൊച്ചിന് രണ്ട് കുഞ്ഞുങ്ങളെ മടിയിൽ വയ്ക്കാൻ പറ്റുമോ" എന്ന്...? പ്രായം കുറഞ്ഞ കന്യാസ്ത്രീ, കുഴപ്പമില്ല എന്ന് തലയാട്ടി സമ്മതിക്കുന്നു. "എൻ്റെ ഭഗവതീ" എന്ന് ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ഞാൻ അറിയാതെ ഒരു നിലവിളി ഉയർന്നു.... വാനോളം നിന്ദനങ്ങൾ ഈ സമൂഹം ഇവർക്ക് എതിരെ ഉതിർത്തിട്ടും, ദേവദാസികൾ എന്നും മറ്റും ഈ സമൂഹം ഇവരെ ഒക്കെ ഉറക്കെ വിളിച്ച് ആക്ഷേപിച്ചിട്ടും ഇവർക്ക് എവിടുന്ന് ഈ ധൈര്യം ലഭിക്കുന്നു..? ഇവരെ അല്ലേ ദേവിമാർ എന്ന് വിളിക്കേണ്ടത്? സത്യത്തിൽ ദേവിമാർ അല്ല ദൈവങ്ങൾ എന്ന് തന്നെ വിളിക്കണം... രണ്ടാമതു വന്ന സിസ്റ്ററിനെ ആദ്യത്തെ സിസ്റ്റർ, റോസ്പോ... എന്നാണ് വിളിക്കുന്നത് കേട്ടത്. സിസ്റ്റർ റോസ്പോ തൻ്റെ കയ്യിലുള്ള കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകുന്നത് കണ്ടപ്പോൾ എനിക്ക് അല്പം ക്യൂരിയോസിറ്റി കൂടി ഞാൻ ആ സിസ്റ്ററിന് പിന്നാലെ വച്ചുപിടിപ്പിച്ചു. എന്തായാലും ICU ന് മുമ്പിൽ വെറുതെ നിൽക്കുന്നതിനേക്കാൾ ഭേദം അല്ലേ ചില സത്യങ്ങളുടെ പിന്നാലെ പോകുന്നത്. നല്ല തിരക്കിനിടയിൽ കൂടി ഒരു നിശ്ചിത അകലത്തിൽ ഞാൻ റോസ്പോ സിസ്റ്ററിൻ്റെ പിന്നാലെ ചെന്നുനിന്നത് ഹൃദയഭേദകമായ ഒരു കാഴ്ചയ്ക്ക് മുമ്പിൽ ആണ്. ന്യൂറോ ഡോക്ടറിനെ കാണാൻ അതാ മറ്റൊരു കന്യാസ്ത്രീ ഒരു കൊച്ചിനെയും പിടിച്ച് ' അവിടെ ഒരു കസേരയിൽ ഇരിക്കുന്നു. ആ കന്യാസ്ത്രീയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിൻ്റെ തല അസാധാരണമായ വലിപ്പം ഉണ്ട്. രണ്ട് വയസ് എങ്കിലും ആ കുട്ടിക്ക് ഉണ്ടാകും. കാത്തിരുന്ന് മടുത്തതുകൊണ്ട് ആവാം ആ കുഞ്ഞ് ഭയങ്കരമായി ബഹളം ഉണ്ടാക്കുന്നുണ്ട്. ആ കുഞ്ഞിനെ ശാന്തനാക്കാൻ അവർ രണ്ടു പേരും നന്നേ പാടുപെടുന്നുണ്ട്. അവരെ വീക്ഷിച്ചുകൊണ്ട് അല്പം അകലെ ഞാൻ മാറി നിന്നു. സത്യത്തിൽ ഇന്നുവരെ കന്യാസ്ത്രീമാരെക്കുറിച്ച് എൻ്റെ മനസ്സിൽ ഞാൻ സങ്കല്പിച്ചു കൂട്ടിയ എല്ലാ മുൻവിധികളും ഏതാനും മണിക്കൂറുകൾ കൊണ്ട് എൻ്റെ ഉള്ളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നത് ഞാൻ തിരിച്ചറിഞ്ഞു... കുറച്ചുനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം ഞാൻ തിരിച്ച് എൻ്റെ സഹോദരിയുടെ കുഞ്ഞ് കിടക്കുന്ന ICU വിന് മുമ്പിൽ എത്തി. അപ്പോഴും ആദ്യം കണ്ട സിസ്റ്റർ ആ കുഞ്ഞിനെയും പിടിച്ച് അവിടെ തന്നെ ഉണ്ട്. എന്നെ ഏറ്റവും അതിശയിപ്പിച്ചത്, രാവിലെ 9 മണിക്ക് എത്തിയ ഇവർ 2 മണി കഴിഞ്ഞിട്ടും ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നത് എനിക്ക് കാണാൻ സാധിച്ചില്ല എന്നതാണ്. ഒന്നു രണ്ടു സ്ത്രീകൾ ആ സിസ്റ്ററിൻ്റെ അടുത്തിരുന്ന് എന്തൊക്കയോ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ആ കന്യാസ്ത്രീക്ക് സാധിക്കുന്നില്ല. കാരണം അവരുടെ ഈറനണിഞ്ഞ കണ്ണുകൾ അവർ ഒരു ടവ്വൽ കൊണ്ട് ആരും കാണാതെ തുടയ്ക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നിർദ്ദയം ഉപേക്ഷിച്ച അമ്മയ്ക്ക് ഇല്ലാത്ത വേദന ഈ പോറ്റമ്മയ്ക്ക് ഉണ്ടായല്ലോ എൻ്റെ ഭഗവതീ എന്ന് എൻ്റെ ഹൃദയം മന്ത്രിച്ചു... ഞാൻ പതിയെ ആ കന്യാസ്ത്രീ ഇരിക്കുന്ന സീറ്റിന് പിന്നിൽ ഉള്ള ഒരു കസേരയിൽ സ്ഥാനം പിടിച്ച് വീണ്ടും അവരുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു. അവർ ഇടയ്ക്കിടെ ഡോക്ടറിൻ്റെ അടുത്ത് കുഞ്ഞിനെയും കൊണ്ട് പോകുകയും കുഞ്ഞിൻ്റെ കണ്ണിൽ എന്തോ മരുന്ന് ഒഴിച്ചിട്ട് തിരികെ വരുകയും ചെയ്യുന്നുണ്ട്. ഒരു യുവാവ് ആ കന്യാസ്ത്രീയോട് 'ഈ കുഞ്ഞ് സിസ്റ്ററിൻ്റെ ചേച്ചിയുടെ കുട്ടിയാണോ' എന്ന് സംശയം ചോദിച്ചപ്പോൾ അവർ ഒരു പുഞ്ചിരിയോടെ 'അല്ല, ഞങ്ങളുടെ ഓർഫനേജിലെ കുഞ്ഞുങ്ങൾ ആണെന്ന്' പറയുന്നു. ആ യുവാവിൻ്റെ മുഖത്തും വല്ലാത്ത അത്ഭുതം മിന്നിമറയുന്നത് ഞാൻ കണ്ടു... ഏകദേശം മൂന്നുമണി ആയപ്പോൾ ആദ്യം വന്ന റോസ്പോ സിസ്റ്റർ വീണ്ടും വന്നു. ചെക്കപ്പ് ഒക്കെ തീർന്നു എന്ന് തോന്നുന്നു. രണ്ടു കന്യാസ്ത്രീമാരും കൂടി തിരിച്ച് പോകുന്നതിനെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയാണ്. ഞാൻ ധൈര്യം സംഭരിച്ച് അവരുടെ അടുത്ത് എത്തി 'ആ കുഞ്ഞുങ്ങളെ ഒന്ന് കാണിക്കാമോ' എന്ന് ചോദിച്ചു. അവർ ഒരു പുഞ്ചിരിയോടെ ആ കുഞ്ഞുങ്ങളെ എനിക്ക് കാണിച്ചു തന്നു. ശരിക്കും രണ്ട് മാലാഖ കുഞ്ഞുങ്ങൾ. എൻ്റെ ഉള്ളിൽ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു, എങ്ങനെ ഒരമ്മയ്ക്ക് ഇവരെ ഉപേക്ഷിക്കാൻ തോന്നി എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു. നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, അവർ മറുപടി പറഞ്ഞത് 'ഞങ്ങൾ ചങ്ങനാശ്ശേരി - തോട്ടയ്ക്കാട് റൂട്ടിന് അടുത്ത് രാജമറ്റം എന്ന സ്ഥലത്തുള്ള DSJ കോൺവെൻ്റിൽ നിന്നാണ്' എന്ന്... കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പായി മൂന്നാമത്തെ സിസ്റ്ററും ആ വലിയ തലയുള്ള കുഞ്ഞുമായി അവിടേയ്ക്ക് കടന്നുവന്നു. ഏതോ ഒരമ്മയുപേക്ഷിച്ച മറ്റൊരു പൊടിക്കുഞ്ഞിനെയും കൂടി മെഡിക്കൽ കോളേജിൽ നിന്ന് ഇവർക്ക് ഇന്ന് കൂടെ കൊണ്ടു പോകണം. അവരുടെ പ്ലാൻ അല്പം മാറി നിന്ന എനിക്ക് കേൾക്കാമായിരുന്നു: അവരിൽ ഒരു കന്യാസ്ത്രീ കാർ ഡ്രൈവ് ചെയ്യും മറ്റു രണ്ടു കന്യാസ്ത്രീമാർ ഈരണ്ടു കുഞ്ഞുങ്ങളെ കൈകളിൽ ഏന്തണം. ആറേഴു മണിക്കൂർ ഒരിറ്റു വെള്ളം പോലും കുടിക്കാതെ സ്വന്തം അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ സ്വന്തമായി കണ്ട് ത്യാഗം സഹിച്ച് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഈ കന്യാസ്ത്രീമാരുടെ ജീവിതം ശരിക്കും മഹത്വമേറിയതാണ്. വെറുതെ അല്ല ഇവരെ സമർപ്പിതർ എന്ന് വിളിക്കുന്നത്! തങ്ങളുടെ ലക്ഷ്യം നേടുവോളം അവർ സ്വയം സമർപ്പിക്കുകയാണ് അന്യർക്കായി... എന്തുകൊണ്ടോ എൻ്റെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞു. സത്യത്തിൽ എൻ്റെ മുമ്പിൽ നിൽക്കുന്ന ഈ മൂന്ന് കന്യാസ്ത്രീമാർ ദേവതമാരോ, അതോ ദൈവങ്ങളോ, എന്നോർത്ത് ഞാൻ അവർ നടന്നകലുന്നത് നോക്കി നിന്നു... കൂപ്പുകൈകളുമായി...!
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-25 14:34:00
Keywordsസന്യാസ, സമര്‍പ്പിത
Created Date2024-10-25 14:35:28