Content | വത്തിക്കാന്‍ സിറ്റി: ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ മുന്‍ അധ്യക്ഷനും ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യകാല ഉപദേശകനുമായ ഫാ. പെഡ്രോ അരൂപേയുടെ നാമകരണ നടപടിയുടെ രൂപതാഘട്ടം നവംബർ പകുതിയോടെ അവസാനിക്കും. നവംബർ 14-ന് റോമിലെ ലാറ്ററൻ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങോടെ ഫാ. പെഡ്രോ അരൂപേയുടെ ജീവിതം, പുണ്യങ്ങൾ, വിശുദ്ധി എന്നിവയെക്കുറിച്ചുള്ള രൂപതാ ട്രൈബ്യൂണൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് വത്തിക്കാൻ ബുധനാഴ്ച അറിയിച്ചു. റോം രൂപതയുടെ വികാരി ജനറല്‍ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ നവംബർ 14-ന് നടക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ട്രൈബ്യൂണൽ അംഗങ്ങൾ ചടങ്ങില്‍ പങ്കെടുക്കും.
നവംബർ 14- ഫാ. അരൂപയുടെ 117-ാം ജന്മദിനത്തിലാണ് രൂപതാതല നടപടികള്‍ക്ക് സമാപനമാകുന്നതെന്നത് ശ്രദ്ധേയമാണ്. നാമകരണത്തിന്റെ രൂപത ഘട്ടം അവസാനിച്ചുകഴിഞ്ഞാൽ, ട്രൈബ്യൂണലിൻ്റെ കണ്ടെത്തലുകൾ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിക്ക് പരിഗണിക്കാം. കണ്ടെത്തലുകൾ അവലോകനം ചെയ്‌ത ശേഷം ധന്യ പദവിയിലേക്ക് ഉയര്‍ത്തണമോയെന്ന് ഡിക്കാസ്റ്ററി പഠനം നടത്തും. വിശുദ്ധമായ ജീവിതം നയിച്ചതായി കണ്ടെത്തിയാൽ മാർപാപ്പയ്ക്ക് ഈ പദവി നൽകാം.
1907-ൽ സ്‌പെയിനിലെ ബാസ്‌ക് കൗണ്ടിയിൽ ജനിച്ച അരൂപേ, മാഡ്രിഡിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം 1927-ൽ ജെസ്യൂട്ട് നോവിഷ്യേറ്റിൽ പ്രവേശിച്ചു. വൈദിക പഠനത്തിന് ശേഷം ഒരു മിഷ്ണറിയായി പ്രവർത്തിക്കാൻ ജപ്പാനിലേക്ക് അദ്ദേഹത്തെ അയച്ചു. ജപ്പാനിലെ അദ്ദേഹത്തിൻ്റെ മിഷ്ണറി പ്രവർത്തനം രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരിന്നു. 1945-ൽ അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ അരൂപേ നഗരത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്.
അണുബോംബ് സ്ഫോടനം നഗരത്തെ തകർത്തു ഒരു ലക്ഷത്തിത്തിലധികം ആളുകൾ കൊല്ലപ്പെട്ടപ്പോള്‍ സേവന സന്നദ്ധനായി അദ്ദേഹം രംഗത്തുണ്ടായിരിന്നു. ജനങ്ങളെ സഹായിക്കാൻ, നൊവിഷ്യേറ്റിനെ ഫീൽഡ് ഹോസ്പിറ്റലാക്കി മാറ്റാൻ അരൂപെ ഇടപെടലുകള്‍ നടത്തി. പരിക്കേറ്റവരെ സഹായിക്കാൻ തൻ്റെ മെഡിക്കൽ വൈദഗ്ദ്ധ്യം അദ്ദേഹം ഉപയോഗിച്ചു. 1965 മുതൽ 1983 വരെ ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ 28-ാമത്തെ സുപ്പീരിയർ ജനറലായി ഫാ. പെഡ്രോ അരൂപേ നിയമിതനായി.
1969-ൽ ജസ്യൂട്ട് വൈദികനായി തിരുപ്പട്ടം സ്വീകരിച്ച ബെർഗോളിയോ (ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പ), ഫാ. അരൂപേയുടെ നേതൃത്വത്തിൽ സാമൂഹിക നീതി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിച്ചിരിന്നു. ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) ഫാ. പെഡ്രോയെ ആത്മീയ പിതാവായാണ് കണ്ടിരിന്നത്; അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും ബെർഗോളിയോയില്‍ സ്വാധീനം ചെലുത്തി.
മാർപാപ്പയുടെ ജീവചരിത്രകാരൻ ഓസ്റ്റൻ ഐവറി, "ഫ്രാൻസിസ് മാർപാപ്പയുടെ ഒരു മാതൃക" എന്നാണ് ഫാ. അരൂപേയെ വിശേഷിപ്പിച്ചിട്ടുള്ളത്. 1973-ൽ ഫാ. അരൂപേയാണ് ബെർഗോളിയോയെ അർജൻ്റീനയിലെ ജെസ്യൂട്ട് പ്രവിശ്യയുടെ അദ്ധ്യക്ഷനായി നിയമിച്ചത്. 1991 ഫെബ്രുവരി 5നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2019 ഫെബ്രുവരിയിലാണ് ഫാ. അരൂപേയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായത്.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |