Content | ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബർ രണ്ടിനു പുറപ്പെടും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേതൃത്വം നൽകുന്ന സംഘത്തിൽ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണുള്ളത്.
വത്തിക്കാനിലെത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ നാലിനു നടക്കുന്ന നാമകരണ ചടങ്ങിനു ശേഷം അഞ്ചിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. സുഷമ സ്വരാജിനൊപ്പം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുള്ള പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
വത്തിക്കാനിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉൾപ്പെടുത്തിയതെന്നും ഇതു സഭയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോർ മസ്കരിനാസ് പറഞ്ഞു. വത്തിക്കാനിലെ ചടങ്ങിലേക്ക് ഇത്തവണ 11 അംഗ ഔദ്യോഗിക സംഘത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രർക്കു വേണ്ടിയും തന്റെ ജീവിതവും പ്രവർത്തനങ്ങളും പൂർണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദർ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കൊൽക്കൊത്ത ടീമിനെ മുഖ്യമന്ത്രി മമത ബാനർജി നയിക്കും. കൊൽക്കത്തയിൽ നിന്നും 350 പേരാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. കൊൽക്കത്ത ആർച്ച് ബിഷപ് തോമസ് ഡിസൂസ, വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 200 സിസ്റ്റേഴ്‌സ്, അല്മായർ എന്നിവരടക്കം 350 പേരാണ് സംഘത്തിൽ ഉണ്ടാവുക. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും നാമകരണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്'.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|