Content | അബൂജ: നവംബർ അഞ്ചിന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി. ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ നവംബർ 11ന് പുലർച്ചെ വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഇസിയാല എംബാനോ പരിസരത്തു നിന്നാണ് ഒബോല്ലോയിലെ സെൻ്റ് തെരേസാസ് പള്ളി ഇടവക വികാരിയായ ഫാ. അസുബുകെയെ തട്ടിക്കൊണ്ടുപോയത്.
2009 മുതൽ ബോക്കോഹറാം ഉള്‍പ്പെടെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ഉള്‍പ്പെടെ വിവിധ രീതികളിലുള്ള ആക്രമണ ഭീഷണികളാണ് രാജ്യം നേരിടുന്നത്. അക്രമികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണ്.
നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അടുത്തിടെ ആവശ്യപ്പെട്ടിരിന്നു. പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടിയിരിന്നു.
നേരത്തെ യുഎസ് പ്രസിഡന്റായി സേവനം ചെയ്ത കാലയളവില്‍ ട്രംപ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നൈജീരിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍.
|