category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായി
Contentചങ്ങനാശ്ശേരി: കൽദായ നിസിബിസ് അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തായായി മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായി. ഇന്നലെ ഞായറാഴ്ച ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു സീറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്താ മുഖ്യകാർമികനായി. ആര്‍ച്ച് ബിഷപ്പ് റവ. എഡ്ഗാർ പേഞ്ഞ പര (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ), ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരുമായിരുന്നു. സി.എം.ഐ. സന്യാസമൂഹാംഗം ഫാ. തോമസ് കല്ലുകളം കർമങ്ങൾക്ക് ആർച്ചുഡീക്കനായിരുന്നു. പ്രാരംഭപ്രദക്ഷിണത്തോടെ മെത്രാഭിഷേകശുശ്രൂഷകൾ ആരംഭിച്ചു. അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്തു. അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ജോർജ് പുതുമനമൂഴിയിൽ നിയുക്തമെത്രാപ്പോലീത്തായുടെ നിയമനപത്രം വായിച്ചു. ആർച്ചുഡീക്കനാൽ അനുഗതനായ നിയുക്തമെത്രാപ്പോലീത്താ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വെച്ചിരിക്കുന്ന ബേസ് സഹദേയിലെത്തി തിരുശേഷിപ്പു വണങ്ങി മൗനമായി പ്രാർഥിച്ചു. രണ്ടുകൈവെപ്പുപ്രാർഥനകളോടെ മോൺ. ജോർജ് കൂവക്കാട് മെത്രാപ്പോലീത്തായായി അഭിഷിക്തനാക്കപ്പെട്ടു. കാർമികൻ നവമെത്രാപ്പോലീത്തായ്ക്കു സ്ഥാനികചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി. മെത്രാപ്പോലീത്താസ്ഥാനം സ്വീകരിച്ചതിനുശേഷം മാർ ജോർജ് കൂവക്കാടിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയർപ്പിക്കപ്പെട്ടു. സീറോമലങ്കരസഭയുടെ തലവൻ അഭി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പരിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തി. പരിശുദ്ധ കുർബാനയ്ക്കുശേഷം ഇൻഡ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ് മോസ്റ്റ് റവ. ലിയോപ്പോൾദോ ജിറേല്ലി, സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് വത്തിക്കാൻ സ്റ്റേറ്റ്, ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പര, സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് എമെരിത്തൂസ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ മെട്രോപ്പോലീറ്റൻ എമെരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, സി.എം.ഐ. സന്യാസമൂഹാംഗവും ബന്ധവുമായ ഫാ. തോമസ് കല്ലുകളം എന്നിവർ നവമെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്നു. മാർ ജോർജ് കൂവക്കാട് മറുപടിപ്രസംഗം നടത്തി. വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥർ, സീറോമലബാർ-സീറോമലങ്കര-ലത്തീൻ-അകത്തോലിക്കാസഭകളിലെ മേലധ്യക്ഷന്മാർ, വിവിധ രൂപതകളിലെ വികാരി ജനറാളുമാർ, സമർപ്പിതസമൂഹങ്ങളുടെ അധികാരികൾ, വൈദികർ, സമർപ്പിതർ, ഇടവകപ്രതിനിധികൾ, നവമെത്രാപ്പോലീത്തായുടെ കുടുംബാംഗങ്ങൾ, സമുദായ-രാഷ്ട്രീയനേതാക്കൾ തുടങ്ങി മൂവായിരത്തിയഞ്ഞൂറിലധികം ആളുകൾ കർമങ്ങളിൽ പങ്കെടുത്തു. എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണമെന്നാണ് കാനൻ നിയമം അനുശാസിക്കുന്നത്. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് - സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്ക സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപത എന്നാണർത്ഥമാക്കുന്നത്. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്. നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകളില്‍ മെത്രാന്‍മാരേ നൽകുന്നത്. തുര്‍ക്കിയിലെ നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ നേരത്തെ നിയമിച്ചത്.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-25 09:49:00
Keywordsചങ്ങനാ
Created Date2024-11-25 09:53:37