Content | ദുബായ്: ആഗോള സമുദായ ശാക്തീകരണം സഭയുടെ ലക്ഷ്യമാണെന്നും അതിനായി ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കാൻ കത്തോലിക്ക കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ദുബായിൽ കത്തോലിക്ക കോൺഗ്രസ് ഗൾഫ് റീജൺ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ സഭാംഗങ്ങളുടെ സഹകരണം സാധ്യമാക്കണം. മറ്റ് രാജ്യങ്ങളിൽ കുടിയേറി പാർക്കുന്നവരെയും തൊഴിൽ ബിസിനസ് രംഗങ്ങളിലുള്ളവരെയും വിദ്യാഭ്യാസത്തിനായി വിവിധ രാജ്യങ്ങളിൽ എത്തുന്നവരെയും പരസ്പ്‌പരം ബന്ധിപ്പിക്കാൻ കത്തോലിക്ക കോൺഗ്രസ് നേതൃത്വം വഹിക്കണം. ഗൾഫ് മേഖലയിൽ ആത്മീയ, ഭൗതിക വളർച്ചയ്ക്കായി പിന്തുണ ഉറപ്പാക്കാൻ സഭ കർമപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മാർ തട്ടിൽ പറഞ്ഞു.
സമുദായ അംഗങ്ങളുടെ ഗ്ലോബൽ നെറ്റ്‌വർക്ക് രൂപീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ രാജീവ് കൊച്ചുപ റമ്പിൽ പറഞ്ഞു. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ ബിഷപ്പ് മാർ പൗലോ മാർട്ടിനെലി അനുഗ്രഹ പ്രഭാഷണവും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണവും നടത്തി. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ് കുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻറുമാരായ ഡേവിസ് ഇടക്കളത്തൂർ, ബെന്നി പുളിക്കക്കര, ഫാ. ജിയോ കടവി, ഫാ. പി.എം. പീറ്റർ എന്നിവർ പ്രസംഗിച്ചു. |