Content | ഇരിങ്ങാലക്കുട: ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡിയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ 'ജീസസ് ആൻഡ് മദർ മേരി'യുടെ ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി റാഫേൽ പൊഴോലിപ്പറമ്പിലിൻ്റെ ഉടമസ്ഥതയിലുള്ള റാഫേൽ ഫിലിം പ്രൊഡക്‌ഷൻസാണ് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ചിത്രം നിർമ്മിക്കുന്നത്. തോമസ് ബെഞ്ചമിനാണ് സംവിധാനം. ഖത്തർ ആസ്ഥാനമായുള്ള വ്യവസായി ഡേവിസ് എടക്കളത്തൂരും ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മറ്റു പത്തുപേരും ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ സഹനിർമാതാക്കളിൽ ഉൾപ്പെടുന്നു.
ജയിംസ് കാമറൂണിന്റെ വിശ്വവിഖ്യാത ചിത്രമായ അവതാറിന്റെ വിഷ്വൽ ഇഫക്ട് സൂപ്പർവൈസർ എന്നറിയപ്പെടുന്ന ചക്ക് കോമിസ്‌കിയും പ്രോജക്ടിനൊപ്പമുണ്ട്. ബ്രിട്ടനിലും ഇറ്റലിയിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്കിനേറിയം എന്ന കമ്പനിയാണ് ചിത്രത്തിൻ്റെ പ്രോസ്‌തെറ്റിക് മേക്കപ്പ് ജോലികൾക്കു നേതൃത്വം നൽകുന്നത്. 2020 മാര്‍ച്ച് മാസത്തിലാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. |