Content | തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷങ്ങൾക്കായി നഗരത്തിലെ ദേവാലയങ്ങൾ ഒരുങ്ങി. പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ ബുധൻ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. വിവിധ ദേവാലയങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു സീറോ മലബാര്‍ മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാ വ, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് തുടങ്ങിയവർ കാർമികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നാളെ രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തി രുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും ഉണ്ടാകും.
പിഎംജി ലൂർദ് ഫൊറോന പള്ളിയിലെ ക്രിസ്‌മസ് തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേരുന്ന കർദിനാൾ മാർ ജോർജ് കുവക്കാട്ടിന് നാളെ രാത്രി 10.30നു പള്ളി അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ലൂർദ് ഫൊറോന വികാരി ഫാ. മോ ർളി കൈതപ്പറമ്പിൽ, സഹവികാരിമാരായ ഫാ. റോബിൻ പുതുപ്പറമ്പിൽ, ഫാ. റോൺ പൊന്നാറ്റിൽ എന്നിവർ സഹകാർമികരായിരിക്കും.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നാളെ രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. ക്രിസ്തുമസ് ദിനത്തിൽ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാനയുണ്ടാകും. |