Content | മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി വിശേഷിപ്പിക്കപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു മുതൽ 16 വരെ നടക്കും. 130-ാമത് കൺവെൻഷനുവേണ്ടി പമ്പാനദിയുടെ തീരത്തെ മാരാമൺ മണൽപ്പുറത്ത് വിശാലമായ പന്തൽ തയാറായി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ള നാളത്തെ യോഗത്തിൽ പ്രസംഗിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡൻ്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ന്യൂഡൽഹി) എന്നിവരാണ് ഈ വർഷത്തെ മുഖ്യ പ്രാസംഗികർ. നാളെ മുതൽ എല്ലാദിവസവും രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതു യോഗങ്ങൾ കൺവൻഷൻ പന്തലിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രത്യേക യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. |