category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സൗമാ റമ്പാ അഥവാ വലിയ നോമ്പ്
Contentമൂന്ന് നോമ്പ് കഴിഞ്ഞ് വരുന്ന മൂന്നാമത്തെ ഞായറാഴ്ച പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നു. സുറിയാനിയിൽ സൗമാ റമ്പാ എന്നാണ് ഈ നോമ്പിൻ്റെ പേര്. സൗമാ എന്നാൽ നോമ്പ് എന്നും, റമ്പാ എന്നാൽ വലുത് എന്നുമാണ് അർത്ഥം. നമ്മുടെ കർത്താവിൻ്റെ പെസഹാ, പീഡാസഹന ഉത്ഥാനരഹസ്യങ്ങളുടെ ആചരണമാണ് നോമ്പ്കാലത്തിൻ്റെ കേന്ദ്രബിന്ദു. ഈ അനുസ്മരണ ആഘോഷങ്ങൾക്ക് ഉള്ള ഒരുക്കമാണ് വലിയ നോമ്പിൻ്റെ ആഴ്‌ചകൾ. ഏഴ് ആഴ്‌ചക്കാലമാണ് ഈ ആരാധനവത്സര കാലഘട്ടത്തിൻ്റെ ദൈർഘ്യം. മാർച്ച് 21നോ അല്ലെങ്കിൽ അതിന് ശേഷമോ വരുന്ന വെളുത്തവാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണ് പരമ്പരാഗതമായി ഖ്യംതാ അഥവാ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുന്നത്. 325ലെ നിഖ്യാ സൂന്നഹദോസിലാണ് ഈ തീയതിഗണന പാശ്ചാത്യ സഭയിൽ ഔദ്യോഗികമായി സ്വീകരിച്ചത്. എന്നാൽ പൗരസ്ത്യ സുറിയാനി സഭ 410ലെ മാർ ഇസഹാക്കിൻ്റെ സൂന്നഹദോസിന് ശേഷം മാത്രമാണ് ഇത് ഔദ്യോഗികമായി സ്വീകരിച്ചത്. ഇതിന് മുന്നോടിയായുള്ള ഏഴ് ആഴ്‌ചക്കാലം നാം വലിയ നോമ്പ് അനുഷ്ഠിക്കുന്നു. വലിയ നോമ്പ് കാലഘട്ടത്തിൽ സഭയിൽ എല്ലാവരും നാല്പത് ദിവസത്തെ ഉപവാസം അനുഷ്ഠിക്കണം എന്ന് പൗരസ്ത്യ സുറിയാനി സഭയുടെ കാസോലിക്കാ ആയിരുന്ന മാർ ഇസഹാക്ക് എ. ഡി. 410ൽ കല്പിക്കുകയും നിർബന്ധമാക്കുകയും ചെയ്തു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ശനിയാഴ്ച വൈകുന്നേരത്തെ റംശാ നമക്സാരത്തോടെ ഞായറാഴ്ച ആരംഭിക്കുകയും, നോമ്പിൻ്റെ ആഴ്‌ചകൾ ആരംഭിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഞായറാഴ്ച കർത്താവിന്റെ ദിവസം ആയതിനാൽ അന്ന് സഭയിൽ ഉപവാസം അനുവദനീയമല്ല. അതിനാൽ, കൃത്യതയോടെ പറഞ്ഞാൽ നോമ്പ് ആരംഭിക്കുന്നത് ഞായറാഴ്ച സന്ധ്യയ്ക്ക്, അതായത് തിങ്കളാഴ്ച മാത്രമാണ് എന്ന് ഒൻപതാം നൂറ്റാണ്ടിൽ അർബേലിലെ മെത്രാനായിരുന്ന മാർ ഗീവർഗീസ് പ്രസ്താവിക്കുന്നു. സൗമാ റമ്പായുടെ കാലത്തെ ആദ്യത്തെ ഞായറാഴ്ച പേത്തൂർത്താ അഥവാ പേതൃത്താ എന്ന് അറിയപ്പെടുന്നു. 'പ്ത്തർ' എന്ന സുറിയാനി വാക്കിന് കടന്നുപോയി, ഉപേക്ഷിച്ചു, ഇല്ലാതായി എന്നൊക്കെയാണ് അർത്ഥം. പേതൃത്തായുടെ ദിവസം മത്സ്യവും മാംസവും പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ച് കളഞ്ഞ് നാം നോമ്പിലേക്ക് പ്രവേശിച്ചിരുന്നു. മത്സ്യവും മാംസവും മാത്രമല്ല വെറ്റിലമുറുക്ക് പോലും ഉപേക്ഷിച്ചിരുന്നു. കാരണം അത്ര കഠിനമായ നോമ്പ് ആയിരുന്നു നമ്മുടെ പൂർവ്വികർ അനുഷ്ഠിച്ച് പോന്നത്. നോമ്പിൻ്റെ സ്നേഹിതരെന്നറിയപ്പെട്ട മാർത്തോമ്മാ നസ്രാണികൾക്ക് ആണ്ടുവട്ടത്തിൽ 225 ദിവസം വരെ നോമ്പ് ഉണ്ടായിരുന്നു. മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ച് വലിയ നോമ്പ് എന്നത് ഇറച്ചി, മീൻ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നത് മാത്രമായിരുന്നില്ല, മറിച്ച് പൂർണ്ണ ഉപവാസം ആയിരുന്നു. അതാത് ദിവസത്തെ റംശാ നമസ്കാരത്തിനുശേഷം ഒരുനേരത്തെ ഭക്ഷണം വളരെ കുറച്ച് അളവിൽ മാത്രമേ മാർത്തോമ്മാ നസ്രാണികൾ കഴിച്ചിരുന്നുള്ളൂ. പൂർണ്ണമായും പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും നാളുകളായിരുന്ന നോമ്പുകാലഘട്ടങ്ങളിൽ കുട്ടികളെ പോലും നിശബ്ദത പാലിക്കാൻ പരിശീലിപ്പിച്ചിരുന്നു, പ്രത്യേകിച്ച് അപ്പം മുറിക്കലിനുശേഷമുള്ള പെസഹാ ദിനങ്ങളിൽ. രാവിലെയും, സന്ധ്യയ്ക്കും വിശ്വാസികളെല്ലാം പള്ളിയിൽ യാമ നമസ്കാരത്തിൽ പങ്കെടുത്തിരുന്നതായി പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്തോണിയോ ഗുവേയ എഴുതിയ ജൊർണാദാ എന്ന ഗ്രന്ഥത്തിൽ കാണുന്നു. ആരാധനക്രമത്തിലെ റംശാ, ലെലിയാ, സൂബാആ, കാലാ ദ്ശഹറാ, സപ്രാ, കൂത്താആ, എന്ദാനാ തുടങ്ങിയ ഏഴു യാമപ്രാർത്ഥനകൾ ഏറ്റവും സമ്പന്നമായിട്ടുള്ളത് സൗമാ റമ്പായിൽ തന്നെയാണ്. സൗമാ റമ്പായിൽ ദിനരാത്രങ്ങളിൽ പള്ളിയിലും പരിസരങ്ങളിലുമായി ഉപവാസത്തോടെയും പ്രാർത്ഥനയോടെയും കഴിഞ്ഞു കൂടുകയായിരുന്നു മാർത്തോമ്മാ നസ്രാണികളുടെ പതിവ്; അതായത് ദൈവത്തോടൊപ്പം വസിക്കുന്ന അവസ്ഥ. പള്ളി വിട്ടുപോകാതെ അവർ ദൈവസന്നിധിയിൽ സദാ പ്രാർത്ഥനാനിരതരായി ചിലവഴിച്ചിരുന്നു. നോമ്പ് ആരംഭവുമായി ബന്ധപ്പെട്ട് ആരാധന ക്രമപരമായി പ്രത്യേക കർമ്മങ്ങൾ ഒന്നും പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഇല്ല. ചാരംപൂശൽ എന്ന പേഗൻ അനാചാരം ഉദയംപേരൂർ മതവിചാരണ യോഗത്തിൽ വച്ച് പോർട്ടുഗീസുകാർ നസ്രാണി സഭയിൽ അടിച്ചേൽപ്പിച്ച ഒന്നാണ്. നോമ്പിൻ്റെ ദിവസങ്ങളുടെ കണക്കുകൂട്ടൽ ഇപ്രകാരമാണ്. * നോമ്പ് എന്ന് പറയുമ്പോൾ ഉപവാസം തന്നെയാണ് ഉദ്ദേശിക്കുന്നത്. * ഞായറാഴ്ച കർത്താവിൻ്റെ ദിവസം ആകയാലും, എല്ലാ ഞായറാഴ്ചയും നമ്മുടെ കർത്താവിൻ്റെ ഉയിർപ്പിൻ്റെ അനുസ്മരണം ആകയാലും ഞായറാഴ്ചകളിൽ ഉപവാസവും മുട്ടുകുത്തലും സഭ വിലക്കുന്നു. * ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങൾ ഉപവാസ ദിനങ്ങളാണ്. ഞായറാഴ്ച ഉപവാസം ഇല്ലെങ്കിലും നോമ്പിൻ്റെ ദിനമാണ്. അങ്ങനെ ഞായറാഴ്ചകൾ ഒഴികെ പെസഹായ്‌ക്ക് തലേന്ന് ഉള്ള ബുധനാഴ്ച വരെ ആകുമ്പോൾ 40 ദിവസങ്ങൾ പൂർത്തിയാകുന്നു. ഇത് നമ്മുടെ കർത്താവിൻ്റെ 40 ദിവസത്തെ ഉപവാസത്തിലുള്ള പങ്കുചേരലാണ്. ഇത് പെസഹാ വ്യാഴാഴ്ചത്തെ അപ്പം മുറിക്കലോടെ അവസാനിക്കുന്നു. തുടർന്ന് ഉയിർപ്പ് വരെയുള്ള ദിനങ്ങളിലെ ഉപവാസം പ്രത്യേക നോമ്പായും കണക്ക് കൂട്ടുന്നു. അങ്ങനെ നാല്പത് ദിവസത്തെ നോമ്പ് ആണെങ്കിലും ഈ ഏഴ് ആഴ്ചക്കാലത്തെ ആരാധന വത്സര കാലഘട്ടത്തെ മുഴുവനെയും ചേർത്ത് അൻപത് നോമ്പ് എന്ന് പറയുന്നു. സൗമാ റമ്പായുടെ ഒന്ന്, നാല്, ഏഴ് ആഴ്ചകൾ പരിശുദ്ധ റാസകളുടെ ആഴ്‌ചകളെന്ന് വിളിക്കപ്പെടുന്നു. നാലാം ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ യഥാക്രമം പാതിനോമ്പിൻ്റെ അഥവാ പൽഗൂസായുടെ തിങ്കൾ, ചൊവ്വാ, ബുധൻ എന്ന് വിളിക്കപ്പെടുന്നു. പാതി നോമ്പിൻ്റെ ബുധനാഴ്ച പാശ്ചാത്യ സുറിയാനി സഭയിൽ ഉള്ളതുപോലെ ഹൈക്കലായുടെ മധ്യത്തിൽ സ്ലീവാ ഉയർത്തി നാട്ടുന്ന ചടങ്ങ് പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഇല്ല. കാരണം പൗരസ്ത്യ സുറിയാനി സഭയുടെ പള്ളി ഘടനയിൽ അത് ബേമ്മയുടെ സ്ഥാനമാണ്. നോമ്പ് കാലത്ത് മാത്രം ഉണ്ടാകേണ്ട ഒരു കൂട്ടിച്ചേർക്കൽ അല്ല ബേമ്മയും അതിലെ സ്ലീവായും, അവ പൗരസ്ത്യ സുറിയാനി സഭയുടെ അവിഭാജ്യ ഘടകമാണ്. ഓശാനഞായറിന് മുൻപുള്ള ശനി ലാസറിൻ്റെ ശനി / കൊഴുക്കട്ട ശനി എന്ന് അറിയപ്പെടുന്നു. ഓർശ്ലേമിലേക്കുള്ള യാത്രയിൽ ഈശോ ബേസ്അനിയായിൽ ലാസറിൻ്റെ ഭവനത്തിൽ മർത്തായാലും ലാസറിനാലും സ്വീകരിക്കപ്പെട്ടതിൻ്റെ അനുസ്മരണമാണ് ഇത്. അന്നേദിവസം നസ്രാണി ഭവനങ്ങളിൽ കൊഴുക്കട്ട പാകം ചെയ്യുന്ന പതിവുണ്ട്. മറിയം ഈശോയ്ക്കു പാകം ചെയ്ത് നൽകിയ വിരുന്നിൻ്റെ അനുസ്മരണമാണ് കൊഴുക്കട്ട. പിറ്റേന്ന് ഓശാന ഞായർ നാം ആഘോഷിക്കുന്നു. ഓശാനയ്‌ക്ക് മുൻപുള്ള വെള്ളി, ശനി ദിവസങ്ങളും തുടർന്ന് വരുന്ന തിങ്കളും ലാസറിൻെറ വെള്ളി, ശനി, തിങ്കൾ എന്നിങ്ങനെ അറിയപ്പെടുന്നു. ഓശാന ഞായർ മുതലുള്ള ആഴ്‌ച്ച പരിശുദ്ധ റാസകളുടെ ആഴ്‌ചയാണ്. ഈശോയുടെ ഓർശ്ലേമിലേക്കുള്ള രാജകീയ പ്രവേശനത്തിൻ്റെ ആഘോഷമാണ് ഈ ദിവസം. കുരുത്തോലകളും ഓശാന വിളികളുമായി നാം ദാവീദിൻ്റെ പുത്രനെ സ്വീകരിക്കുന്നു. ഓശാന ഞായർ വരെയാണ് പരിശുദ്ധ സഭയിൽ മാർ തെയദോറോസിൻ്റെ കൂദാശ ക്രമം അർപ്പിക്കുന്നത്. തുടർന്ന്, ആരാധന വത്സരത്തിൻ്റെ അവസാനം വരെ അദ്ദായി മാറി ശ്ലീഹന്മാരുടെ കൂദാശയാണ് സഭയിൽ അർപ്പിക്കപ്പെടുന്നത്. തുടർന്ന് വരുന്ന പ്രധാന ദിവസം പെസ്ഹാ വ്യാഴമാണ്, നമ്മുടെ കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം. വിശുദ്ധ പുളിപ്പ് അഥവാ വിശുദ്ധ മല്ക്ക വർദ്ധിപ്പിക്കുന്ന ദിവസം, മാർ നെസ്തോറിയസിൻ്റെ കുർബാനക്രമം ആർപ്പിക്കേണ്ട ആണ്ടുവട്ടത്തിലെ അഞ്ചാമത്തെ (അവസാന) ദിവസം, നസ്രാണി ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തേണ്ട സന്ധ്യ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ദിവസം. ഓശാന ദിനത്തിൽ 40 ദിവസത്തെ നോമ്പ് അവസാനിപ്പിച്ച്, ഈശോയുടെ പെസഹാ രഹസ്യത്തിലുള്ള പങ്കുചേരലായ നോമ്പിലേക്ക് നാം പ്രവേശിക്കുന്നു. തുടർന്ന് നമ്മുടെ കർത്താവിൻ്റെ മരണത്തിൻ്റെ അനുസ്മരണമായ ഹാശാ വെള്ളി / പീഡാനുഭവ വെള്ളി. ഈദിനം സഭയിൽ പരിശുദ്ധ കുർബാന അർപ്പണം ഇല്ല. പീഡാനുഭവ വെള്ളിയാഴ്ചത്തെ ലെലിയാ മുതൽ ഉയിർപ്പ് തിരുനാളിൻ്റെ റംശാ വരെ ധൂപക്കുറ്റി ഉപയോഗിക്കുന്നുണ്ട് എങ്കിലും അതിൽ തീയില്ലാത്ത കരി മാത്രമാണ് ഉണ്ടായിരിക്കുക. യാമനമസ്കാരങ്ങളും വിശുദ്ധ സ്ലീവായുടെ കബറടക്ക ശുശ്രൂഷയും ആണ് അന്നത്തെ തിരുക്കർമ്മങ്ങൾ. കബറടക്കം നടത്തിയ ശേഷം മദ്‌ബഹായുടെ വിരി തുറന്ന് രണ്ട് വശത്തേയ്ക്കും കെട്ടി വയ്ക്കുന്നു. പരിശുദ്ധ കുർബാന അർപ്പണം ഇല്ലാത്ത ദിവസമാണ് വലിയ ശനിയും. പ്രകാശത്തിൻ്റെ ശനി, വലിയ ശാബതം (ശബ്സാ റബ്സാ) എന്നും ഈ ദിവസം അറിയപ്പെടുന്നു. ഞായറാഴ്ച നമ്മുടെ കർത്താവിൻ്റെ ക്യംതാ (ഉയിർപ്പ്) തിരുനാൾ (മാറാനായ തിരുനാൾ) നാം ആഘോഷിക്കുന്നു. സൗമാ റമ്പാ (വലിയ നോമ്പ് കാലം) അവസാനിക്കുന്നു, ക്യംതാ (ഉയിർപ്പ്) കാലം ആരംഭിക്കുന്നു. പരമ്പരാഗതമായി സഭയിൽ പുതിയ അംഗങ്ങൾക്ക് മാമ്മോദീസാ നൽകുന്ന അവസരമാണ് ഉയിർപ്പ് തിരുനാളിൻ്റെ റംശായെ തുടർന്നുള്ള സമയം. പരിശുദ്ധ മദ്ബഹാ കഴുകുന്ന ശുശ്രൂഷയും, ഹൂസായ ശുശ്രൂഷയും പരികർമ്മം ചെയ്യുന്ന സമയവും ഇതാണ്. ഉയിർപ്പ് തിരുനാളിൻ്റെ പ്രധാന കർമ്മം വെളുപ്പിനെയുള്ള പരിശുദ്ധ കുർബാനയിലെ സമാധാന ആശംസയാണ്. വെള്ളിയാഴ്ച കബറടക്കിയ സ്ലീവാ ഇന്ന് കുരുത്തോലകളാലും പൂക്കളാലും അലങ്കരിച്ച് ഉയർത്തുന്നു. പുതുജീവൻ്റെ പ്രതീകമായി പള്ളികളിൽ ഇടനയില വിതറുന്ന പതിവും മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്നു. മാറാനായ തിരുനാൾ ദിനങ്ങളിൽ പരിശുദ്ധ കുർബാന മധ്യേ ദ്ഹീലത്ത് ആലപിക്കുകയും, ആ അവസരത്തിൽ മദ്ബഹായുടെ ഉള്ളിലെ രണ്ടാമത്തെ വിരി അടയ്ക്കുകയും ചെയ്യുന്നു. ഉയിർപ്പ് ഞായറാഴ്ച വലിയ ആഴ്‌ച / ആഴ്‌ചകളുടെ ആഴ്‌ച ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ ഉയിർപ്പ് മുതൽ പന്തക്കുസ്താ വരെയുള്ള ദിവസങ്ങളിൽ പള്ളികളിൽ മുട്ടുകുത്താൻ പാടില്ല, കാരണം അവ ആനന്ദത്തിൻ്റെ ദിനങ്ങളാണ്. ഉയിർപ്പ് തിരുനാളിനെ തുടർന്ന് വരുന്ന തിങ്കളാഴ്ച ഗയ്യാസായുടെ (നല്ല കള്ളൻ്റെ) ഓർമ്മ പൗരസ്ത്യ സുറിയാനി സഭയിൽ ആഘോഷിക്കുന്നു. ഉയിർപ്പ് കാലത്തെ ആദ്യ വെള്ളിയാഴ്ച മൗദിയാനന്മാരുടെ (സകല വിശുദ്ധരുടെ) തിരുനാൾ പൗരസ്ത്യ സുറിയാനി സഭ ആഘോഷിക്കുന്നു. പേർഷ്യയിൽ പൗരസ്ത്യ സുറിയാനി സഭയുടെ കേന്ദ്രമായിരുന്ന സെലൂഷ്യ-സ്റ്റെസിഫോണിൽ സഭയെ നയിച്ച മാർ ബർ ഗഗായിക്ക് ശേഷം പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കായായിരുന്നു മാർ ശെമ്ഓൻ. ഇറാനിലെ ശാപ്പുർ രണ്ടാമൻ രാജാവിന്റെ ഭരണകാലത്ത് എ.ഡി. 345 ലെ മതമർദ്ദന വേളയിൽ അദ്ദേഹം രക്തസാക്ഷിയായി. രാജകല്പന അനുസരിച്ച് സൊരാസ്ത്രിയൻ മതവിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അനേകം മെത്രാന്മാരും പുരോഹിതന്മാരും ഉൾപ്പടെ പതിനാറായിരത്തോളം വിശ്വാസികൾ അന്ന് കൊല്ലപ്പെട്ടു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടന്നത് ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ആയിരുന്നു. ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത് ഇവരുടെ ഓർമ്മ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. ദുഃഖവെള്ളിയാഴ്ച കർത്താവിന്റെ തിരുനാൾ ദിവസം ആയതിനാൽ നാം അന്നേദിനം മറ്റ് തിരുനാളുകൾ ആചരിക്കാറില്ല, അതിനാൽ അവരുടെ ഓർമ്മ സകല വിശുദ്ധരുടെയും തിരുനാളായി ഉയിർപ്പ് ഞായർ കഴിഞ്ഞ് വരുന്ന അടുത്ത വെള്ളിയാഴ്ച ആചരിക്കുന്നു. മൗദിയാനന്മാരുടെ വെള്ളി കഴിഞ്ഞ് വരുന്ന ശനിയാഴ്ച വലിയ ആഴ്‌ച്ച അവസാനിക്കുന്നു. നമ്മുടെ കർത്താവിൻ്റെ ഉയിർപ്പിൻ്റെ എട്ടാം ദിനം, അതായത് ഉയിർപ്പ് കാലം രണ്ടാം ഞായറാഴ്ച നസ്രാണികൾ പുതു ഞായർ (മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിനം). ഉയിർത്തെഴുന്നേറ്റ ഈശോ മ്ശീഹായെ കണ്ട് മാർത്തോമ്മാ ശ്ലീഹാ "മാർ വലാഹ്" (എൻ്റെ കർത്താവും എൻ്റെ ആലാഹായും) എന്ന് ഏറ്റുപറഞ്ഞ ദിവസം. ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് നാല്പതാം ദിവസം, നമ്മുടെ കർത്താവിൻ്റെ സൂലാക്കാ (സ്വർഗ്ഗാരോഹണ) തിരുനാൾ (മാറാനായ തിരുനാൾ). മാറാനായ തിരുനാൾ ദിനങ്ങളിൽ പരിശുദ്ധ കുർബാന മധ്യേ ദ്ഹീലത്ത് ആലപിക്കുകയും, ആ അവസരത്തിൽ മദ്ബഹായുടെ ഉള്ളിലെ രണ്ടാമത്തെ വിരി അടയ്ക്കുകയും ചെയ്യുന്നു. ഉയിർപ്പിൻ്റെ ശേഷം അൻപതാം ദിവസം, ഞായറാഴ്ച പന്തേക്കുസ്ഥാ തിരുനാൾ (മാറാനായ തിരുനാൾ). വാഗ്ദാനം ചെയ്യപ്പെട്ടപോലെ റൂഹാ ദ്കുദ്ശാ തമ്പുരാൻ എഴുന്നള്ളിവന്ന സുദിനം. മാറാനായ തിരുനാളുകളിൽ ദ്ഹീലത്ത് ആലപിക്കുകയും, തദസവരത്തിൽ മദ്ബഹായുടെ രണ്ടാം വിരി ഉപയോഗിക്കേണ്ടതുമാണ്. നമ്മുടെ സഭയുടെ ആരാധന ക്രമത്തിൽ പന്തക്കുസ്ത തിരുനാളിൽ ദ്ഹീലത്ത് ആലപിച്ച ശേഷം പ്രത്യേക മുട്ടുകുത്തൽ ക്രമമുണ്ട്. ക്യംതാ (ഉയിർപ്പു) തിരുനാൾ മുതൽ പന്തേക്കുസ്തേ തിരുനാൾ വരെ പൗരസ്ത്യ സുറിയാനി സഭയുടെ ക്രമത്തിൽ പരിശുദ്ധ കുർബാന മധ്യേ മുട്ടുകുത്തൽ / കുമ്പിടീൽ വിലക്കപ്പെട്ടിരിക്കുന്നു. അവ സന്തോഷത്തിൻ്റെയും ആനന്ദത്തിൻ്റെയും ദിനങ്ങളാണ്. പന്തക്കുസ്ത മുതൽ വീണ്ടും അനുതാപകരമായ ജീവിതത്തിലേക്ക് പ്രത്യേകമായി നാം മടങ്ങുന്നു. ഇതിൻ്റെ സൂചകമായി പള്ളിയിൽ പ്രത്യേക ശുശ്രൂഷയോടെ മുട്ടുകുത്തൽ / കുമ്പിടീൽ പുനരാരംഭിക്കുന്നു. മറ്റ് ആരാധനക്രമ പാരമ്പര്യങ്ങളിലും ഇത്തരം പ്രത്യേക ശുശ്രൂഷ പന്തക്കുസ്ത ദിനത്തിലുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-02 07:50:00
Keywordsനോമ്പ
Created Date2025-03-02 07:50:27