Content | വത്തിക്കാന്‍ സിറ്റി: ജീവനെ തള്ളിക്കളഞ്ഞ് നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാനാവില്ലായെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. മൂവ്‌മെന്റ് ഫോർ ലൈഫ് സംഘടനയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു തന്റെ ആശുപത്രി മുറിയിൽ നിന്ന് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മാർച്ച് 8ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പാപ്പയുടെ സന്ദേശം വായിച്ചു. ഗർഭസ്ഥ ശിശുക്കളെയും സ്വയം പര്യാപ്തരല്ലാത്ത വൃദ്ധരെയും സുഖപ്പെടുത്താനാവാത്ത രോഗികളെയും ഇല്ലായ്മ ചെയ്തുകൊണ്ട് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് പാപ്പ സന്ദേശത്തില്‍ അടിവരയിട്ട് പറഞ്ഞു.
അര നൂറ്റാണ്ടിനിടയിൽ പ്രത്യയശാസ്ത്രപരമായ ചില മുൻവിധികൾ കുറയുകയും സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ചുള്ള അവബോധം യുവ സമൂഹത്തിന് ഇടയില്‍ വളരുകയും ചെയ്തിട്ടുണ്ടെങ്കിലും, നിർഭാഗ്യവശാൽ വലിച്ചെറിയൽ സംസ്‌കാരം വ്യാപിച്ചിരിക്കുന്നു. സ്വന്തം കുഞ്ഞിന് ജന്മം നൽകാതിരിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കുക എന്നത് പൗരസമൂഹത്തിൻ്റെ നവീകരണത്തിൻ്റെ തത്വമാണെന്ന് അറിഞ്ഞുകൊണ്ട്, ഇറ്റലിയുടെ പല ഭാഗങ്ങളിൽ നിന്നും കടന്നു വന്നിരിക്കുന്ന ഓരോരുത്തരേയും അഭിസംബോധന ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു.
മനുഷ്യ ജീവനുവേണ്ടി, പ്രത്യേകിച്ച്, ബലഹീനാവസ്ഥയിലായിരിക്കുന്ന ജീവനുവേണ്ടി, പ്രായഭേദമന്യേ പ്രവർത്തിക്കുന്നവരുടെ ആവശ്യകത എന്നത്തേക്കാളുപരി ഇന്നുണ്ട്. കാരണം ജീവൻ ദൈവീക ദാനമാണ്. മഹത്തായൊരു നിയോഗത്തിനായാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. 1975-ൽ ഫ്ലോറൻസിൽ തുടക്കം കുറിച്ച മൂവ്‌മെന്റ് ഫോർ ലൈഫ് സംഘടന അന്‍പതാം വാര്‍ഷികത്തിന്റെ നിറവിലാണ്. ഇതിന്റെ ഭാഗമായാണ് സംഘടനാപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക അനുസ്മരണവും ബലിയര്‍പ്പണവും വത്തിക്കാനില്‍ നടന്നത്.
⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
|