Content | ടോപെക: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പൈശാചികമായ സാത്താന്‍ ആരാധന നടത്തുവാന്‍ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാര്‍. വരുന്ന മാര്‍ച്ച് 28 വെള്ളിയാഴ്ച പരിശുദ്ധ കുര്‍ബാനയെ അവഹേളിച്ച് പൈശാചികമായ ആരാധന നടത്തുവാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്യുകയായിരിന്നു. കാപ്പിറ്റോളിനുള്ളിൽ നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ കാര്യങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയാമെന്നും ആസൂത്രിതമായ പരിപാടിയെ പ്രതിരോധിക്കാൻ ആത്മീയവും നിയമപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും മെത്രാന്മാര്‍ പറഞ്ഞു.
ഇതില്‍ പങ്കെടുക്കുവാനിരിക്കുന്നവരുടെ മാനസാന്തരത്തിനും നോമ്പുകാലത്ത് ഓരോ വ്യക്തിയുടെയും സ്വന്തം ഹൃദയപരിവർത്തനത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും സ്ഥിതിഗതികൾ വിശ്വസികളെ അറിയിക്കുമെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി. പരിപാടി കൻസാസിലെ കാപ്പിറ്റോള്‍ മൈതാനത്തെയും നിയമസഭയെയും സാത്താനു സമർപ്പിക്കുവാന്‍ ലക്ഷ്യമിടുന്നതാണെന്നും ദൈവനിന്ദ നടത്തുവാനാണ് സംഘം തയാറെടുക്കുന്നതെന്നും 'കാത്തലിക് ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപ വർഷങ്ങളിൽ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കാന്‍ വാഴ്ത്തിയ തിരുവോസ്തി തങ്ങളുടെ പൈശാചിക ആരാധനയില്‍ ഉപയോഗിച്ചിരിന്നുവെന്ന് സംഘം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് 28നു പദ്ധതിയിട്ടിരിക്കുന്ന പൈശാചിക ചടങ്ങില്‍ തിരുവോസ്തി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും ശക്തമാണ്. അതേസമയം പൈശാചിക ആരാധന തടയണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത കത്തോലിക്കാ സംഘടനയായ ഓണ്‍ലൈന്‍ ക്യാംപെയിന് തുടക്കമിട്ടു. കാൻസസ് ഗവർണർ ലോറ കെല്ലിയുടെ ഇടപെടല്‍ തേടിയുള്ള {{ ഓണ്‍ലൈന്‍ നിവേദനത്തില്‍ -> https://tfpstudentaction.org/petitions/black-mass-protest-kansas-statehouse }} ഇതിനോടകം 31,000 പേരാണ് ഒപ്പുവെച്ചിരിക്കുന്നത്.
⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
|