Content | കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ ജഡ്ജിമാരുടെയും, നീതി സംരക്ഷകരുടെയും, രൂപതകളിലെ ജുഡീഷൽ വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സഭയുടെ നീതി നിർവഹണ വിഭാഗത്തിന്റെ മോഡറേറ്ററായ മാർ മൂലക്കാട്ട്.
മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാൽ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്നതാകണം സഭയിലെ നീതിനിർവ്വഹണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുറിവുകളെ സൗഖ്യമാക്കാനും വിഭജിക്കപ്പെട്ടതിനെ അനുരഞ്ജിപ്പിക്കാനും ആശയക്കുഴപ്പമുള്ളിടത്ത് വ്യക്തത വരുത്താനും നിയമനിർവഹണംകൊണ്ട് സാധ്യമാകണം. അതിനാൽ, നിയമ വിദഗ്ധർ സത്യവും നീതിയും സ്നേഹവും കാരുണ്യവും ഉറപ്പാക്കുന്ന ഇടയ ശുശ്രൂഷകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ലോകത്തിൽ സഭാ ട്രൈബ്യുണലുകൾ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെ യോഗം വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണലിന്റെ ജഡ്ജിയായും വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും സേവനം ചെയ്ത റവ. ഡോ. തോമസ് ആദോപ്പിള്ളിക്കു കൃതജ്ഞതയർപ്പിച്ചുകൊണ്ട് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സംസാരിച്ചു. ട്രൈബ്യൂണൽ പ്രസിഡണ്ട് റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് റവ. ഡോ. ജോസഫ് മുകളെപറമ്പിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു. റവ. ഡോ. തോമസ് തെങ്ങുംപള്ളി, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്, സി. ജിഷ ജോബ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.
|