Content | ജെറുസലേം: വിശുദ്ധ നാടായ ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 111 ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതായി പുതിയ റിപ്പോര്‍ട്ട്. റോസിംഗ് സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് എന്ന സംഘടന ഇന്നലെ വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കണക്ക് പ്രതിപാദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 17-ന്, ഒരു കപ്പൂച്ചിൻ സന്യാസി ജറുസലേമിലെ പാർക്കിലൂടെ നടക്കുമ്പോൾ, രണ്ട് കൗമാരക്കാരായ യഹൂദര്‍ അദ്ദേഹത്തിന്റെ നേരെ തുപ്പിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കപ്പൂച്ചിൻ സന്യാസിയുടെ ഭാഗത്ത് നിന്ന് യാതൊരു രീതിയിലുമുള്ള പ്രകോപനം ഇല്ലാഞ്ഞിട്ടും ഇവര്‍ അധിക്ഷേപിക്കുകയായിരിന്നു.
46 ശാരീരിക ആക്രമണങ്ങൾ, 35 ദേവാലയ സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ, 13 അവഹേളന സംഭവങ്ങള്‍ എന്നിവയുൾപ്പെടെ 111 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറ്റവാളികളിൽ ഭൂരിഭാഗവും തീവ്ര ചിന്താഗതിയുള്ള യഹൂദരാണ്. ഇരകളിൽ ഭൂരിഭാഗവും ക്രൈസ്തവ പുരോഹിതരോ കുരിശ് ഉള്‍പ്പെടെ ദൃശ്യമായ ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിച്ച വ്യക്തികളോ ആണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കണക്ക് പൂര്‍ണ്ണമല്ലെന്നും തങ്ങൾക്ക് അറിയാത്ത നിരവധി കേസുകൾ ഇനിയും ഉണ്ടെന്ന് റോസിംഗ് സെന്ററിനു കീഴിലുള്ള ജെറുസലേം സെന്റർ ഫോർ ജൂവിഷ്-ക്രിസ്ത്യൻ റിലേഷൻസിന്റെ (ജെസിജെസിആർ) ഡയറക്ടർ ഹാന ബെൻഡ്കോവ്സ്കി പറഞ്ഞു.
ഇസ്രായേലിലെ യഹൂദര്‍ക്കു, മൂന്നിൽ ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്കു സ്വീകാര്യത കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് വിശാലമായ അര്‍ത്ഥത്തില്‍ വിഷയത്തെ നോക്കികാണേണ്ടതുണ്ടെന്ന് ജെറുസലേം ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക ജെസ്യൂട്ട് വൈദികനായ ഫാ. ഡേവിഡ് ന്യൂഹൗസ് പറഞ്ഞു. തീവ്ര ചിന്താഗതിയുള്ള യഹൂദര്‍ക്കു ക്രിസ്ത്യൻ വിശ്വാസ ചിഹ്നങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് മതപരമായ കാരണങ്ങളാലല്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രായേലില്‍ 182,000 ക്രിസ്ത്യാനികൾ ഉണ്ടെന്നാണ് കണക്ക്.
⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
|