Content | വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കരുണയുടെ മിഷ്ണറിമാരായ വൈദികരുടെ ജൂബിലി സമ്മേളനത്തിന് സമാപനം. ഇന്നലെ റോമിലെ വിശുദ്ധ അന്ത്രെയാ ദെല്ല വാല്ലെ ബസിലിക്കയിൽവച്ചു നടന്ന വിശുദ്ധ ബലിയോടെയാണ് ജൂബിലി സമ്മേളനം സമാപിച്ചത്. വിശുദ്ധ ബലിക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിച്ചു. ധൂർത്തപുത്രന്റെ ഉപമയെ കേന്ദ്രമാക്കിയായിരിന്നു സുവിശേഷ സന്ദേശം. ലോകത്തിൽ, ദൈവസ്നേഹത്തിൽ നിന്നും അകന്നുപോയ അനേകായിരങ്ങളെ തിരികെ എത്തിക്കുന്നതിന്, ക്ഷമയോടെ കാത്തിരിക്കുന്ന ദൈവത്തെയാണ് കുമ്പസാരക്കൂടുകളിൽ അനുഭവവേദ്യമാക്കുന്നതെന്നു മോൺസിഞ്ഞോർ പറഞ്ഞു.
ഈ ഉപമയിലെ രണ്ടു മക്കളും മനുഷ്യരായ നമ്മുടെ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നും, താത്ക്കാലികമായ സന്തോഷങ്ങൾക്കു വേണ്ടി, ലക്ഷ്യബോധമില്ലാതെ, ദൈവത്തിൽ നിന്നും, ദൈവ ഭവനമായ സഭയിൽ നിന്നും അകലങ്ങളിലേക്ക് യാത്രചെയ്യുന്നത് ഇന്ന് യാഥാർഥ്യമുള്ള സത്യങ്ങളാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ പുത്രൻ പരിഭവം ഉണർത്തിക്കുന്നതുപോലെ, ദൈവത്തിന്റെ അടുപ്പം മനസിലാകാതെ, നേട്ടങ്ങൾക്കുവേണ്ടി കുറ്റപ്പെടുത്തുന്ന സ്വഭാവവും, മനുഷ്യരിൽ പ്രത്യേകിച്ചും, പുരോഹിതരിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പൗരോഹിത്യ വിശ്വസ്തതയും, ഉത്തരവാദിത്വവും എപ്പോഴും ജീവിതത്തിൽ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിച്ചു.
ഉപമയിൽ വിവരിക്കുന്ന സ്നേഹസമ്പന്നനായ പിതൃത്വത്തിന്റെ ഭാവങ്ങൾ കുമ്പസാരിപ്പിക്കുന്ന വൈദികരുടെ ജീവിതത്തിലും പുലർത്തണമെന്നും, നമ്മുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും, നമ്മെ സമീപിക്കുന്നവരിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ സാധിക്കും വിധം, ഹൃദയവും മനസ്സും വിശാലമാക്കാൻ ശ്രദ്ധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. മകനെ കണ്ടു ഓടിച്ചെല്ലുന്ന പിതൃഭാവം പാപത്തെ അതിശയിപ്പിക്കുന്ന സ്നേഹത്തെ എടുത്തു കാണിക്കുന്നുവെന്നും, ആ സ്നേഹം മകനിൽ ഒരു പുതുജീവൻ സൃഷ്ടിക്കുന്നുവെന്നും, ഇതാണ് കുമ്പസാരവേദികളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
<iframe width="360" height="360" src="https://www.youtube.com/embed/HPP8cNvGDJ4" title="മാര്‍പ്പാപ്പയുടെ കരുണയുടെ മിഷനറിയായി മഞ്ഞാക്കലച്ചന്‍ വത്തിക്കാനിലെത്തി | Fr James Manjackal" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
2025 ജൂബിലിവർഷത്തിലെ ആറാമത്തെ വലിയ ജൂബിലിച്ചടങ്ങിനാണ് ഈ ദിവസങ്ങളിൽ റോം സാക്ഷ്യം വഹിച്ചത്. പ്രമുഖ വചനപ്രഘോഷകനും മലയാളിയുമായ ഫാ. ജെയിംസ് മഞ്ഞാക്കലും കരുണയുടെ പ്രേഷിതരായ വൈദികരുടെ ഈ ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തിരിന്നു. 2015-ല്‍ കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തിന്റെ അവസരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പ പ്രത്യേകമായി നിയമിച്ചിട്ടുള്ള കരുണയുടെ മിഷ്ണറിമാരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏകവൈദികന്‍ ആയിരിന്നു ഫാ. ജെയിംസ് മഞ്ഞാക്കല്‍.
⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
|