Content | ഒരു മാർപാപ്പ മരിച്ചാൽ, ഔദ്യോഗികമായി മരണവിവരം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കാമർലെംഗോയ്ക്കാണ്. 2019 മുതല്‍ ഐറിഷ് വംശജനായ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലാണ് ഇതിനായി നിയമിക്കപ്പെട്ടിരിന്നത്. ഇന്ന് ഫ്രാന്‍സിസ് പാപ്പയുടെ മരണവാര്‍ത്ത കര്‍ദ്ദിനാള്‍ കെവിൻ ലോകത്തെ ഔദ്യോഗികമായി അറിയിച്ച വാക്കുകള്‍ ഇപ്രകാരമായിരിന്നു.
"പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ മരണം വളരെ ദുഃഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് രാവിലെ ഇറ്റാലിയൻ സമയം 7:35 ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് പാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. കർത്താവിന്റെയും, അവന്റെ സഭയുടെയും സേവനത്തിനായി അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സമർപ്പിച്ചു".
"സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി, പ്രത്യേകമായി ദരിദ്രരുടെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട് ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ഏകനും, ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയ സ്നേഹത്തിനു നമുക്ക് സമർപ്പിക്കാം".
|