Content | ഇന്ന് സ്വര്‍ഗ്ഗീയ സന്നിധിയിലേക്ക് യാത്രയായ ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഔദ്യോഗിക സ്ഥാന മാനങ്ങളുടെ ആർഭാടങ്ങളൊന്നുമില്ലാതെ ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരിന്നു ഫ്രാന്‍സിസ് പാപ്പയുടേതെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക വസതിയായ വത്തിക്കാൻ കൊട്ടാരത്തിൽ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ജനങ്ങളുടെ ഇടയിൽനിന്ന് അദ്ദേഹം മടങ്ങാറില്ല. അവരോട് സംവദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്‌തും അവർക്കൊപ്പം മണിക്കുറുകളോളം അദ്ദേഹം സമയം ചെലവഴിക്കുമായിരിന്നുവെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.
പാപ്പയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മൃതസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങളും വത്തിക്കാനിൽ നിന്നുള്ള കൂടുതൽ അറിയിപ്പുകളും ലഭിക്കുന്നതുവരെ ദേവാലയങ്ങളിലെ എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും റദ്ദാക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. ഇടവക പെരുന്നാളുകളും മറ്റ് ആരാധനാക്രമ ആഘോഷങ്ങളും, അത്യാവശ്യമാണെങ്കിൽ, ആഘോഷങ്ങള്‍ ഇല്ലാതെ നടത്താം. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ, പ്രിയപ്പെട്ട പരിശുദ്ധ പിതാവിന്റെ ആത്മാവിനെ കർത്താവിന്റെ അനന്തമായ കാരുണ്യത്തിന് സമർപ്പിക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. |