Content | വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വിയോഗത്തെ സംബന്ധിച്ച കുടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. പക്ഷാഘാതവും ഹൃദയസ്‌തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ ഇന്നലെ രാത്രിയോടെ മാധ്യമങ്ങളെ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ പാപ്പയ്ക്ക് പിന്നീട് ഹൃദയസ്‌തംഭനം സംഭവിക്കുകയായിരിന്നു. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മാര്‍പാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാൻ്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോംപേജിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പേരും ചിത്രവും മാറ്റി. ലാറ്റിൻ ഭാഷയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്ന് അർത്ഥം വരുന്ന 'അപ്പോസ്തോലിക്ക സെ ഡ്‌സ് വേക്കൻസ്' എന്നാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. കർദ്ദിനാൾ മൗറോ ഗാംബറ്റി ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. |