Content | ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അടുത്ത ഒൻപത് ദിവസത്തേക്ക് ഇന്ത്യയിലെ എല്ലാ രൂപതകളിലും ദുഃഖാചരണം നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ, വിശുദ്ധ കുർബാന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ നടത്താനും സിബിസിഐ ആഹ്വാനം ചെയ്തു.
പരിശുദ്ധ പിതാവിൻ്റെ സ്‌മരണയ്ക്കും സാർവത്രിക സഭയുടെ കൂട്ടായ്‌മയ്ക്കുംവേണ്ടി എല്ലാ ഇടവകകളിലും സഭാ സ്ഥാപങ്ങളിലും ആശ്രമങ്ങളിലും ഇന്നും ഫ്രാൻസിസ് പാപ്പയുടെ സംസ്‌കാര ദിനത്തിലും വിശുദ്ധ കുർബാന അർപ്പിക്കണം.രാജ്യത്തുടനീളമുള്ള എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളും സാധ്യമെങ്കിൽ പാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്‌കാര ദിനം അടച്ചിടണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. |