category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിടവാങ്ങിയത് റെക്കോര്‍ഡുകളുടെ മാര്‍പാപ്പ
Content 2013 മാർച്ച് 13-ന് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി അർജന്റീനക്കാരനായ കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതല്‍ ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ ശ്രദ്ധാകേന്ദ്രമായിരിന്നു. ആദ്യമായി ഫ്രാന്‍സിസ് എന്ന നാമം സ്വീകരിച്ച പാപ്പ എന്ന ഖ്യാതിയില്‍ തുടങ്ങീ ഒട്ടേറെ കാര്യങ്ങള്‍. ആഗോള കത്തോലിക്കാ സഭയുടെ 266-ാം മാർപാപ്പായെന്ന നിലയിൽ 'ഫ്രാൻസിസ്' എന്ന ലളിതമായ പേരാണു കർദ്ദിനാൾ ബെർഗോഗ്ലിയോ സ്വീകരിച്ചത്. സഭയുടെ പരമാധ്യക്ഷപദവിയിൽ 12 വർഷവും ഒരുമാസവും അദ്ദേഹം തുടർന്നു. 88-ാം വയസിൽ വിടവാങ്ങിയ ഫ്രാൻസിസ് പാപ്പ, ഇഹലോകവാസം വെടിയുമ്പോൾ ഏറ്റവുമധികം പ്രായമുണ്ടായിരുന്ന മാർപാപ്പാമാരിൽ രണ്ടാമനാണ്. 1903-ൽ, 93-ാം വയസിൽ കാലംചെയ്‌ത ലിയോ പതിമൂന്നാമൻ മാർപാപ്പായാണ് പദവിയിലിരിക്കേയുള്ള ആയുർദൈർഘ്യത്തിൽ ഒന്നാമൻ. ഫ്രാൻസിസ് മാർപാപ്പായുടെ മുൻഗാമിയായ ബെനഡിക്ട‌് പതിനാറാമൻ മാർപാപ്പാ 95-ാം വയസിലാണ് കാലംചെയ്‌തതെങ്കിലും അതിനു മുമ്പേ അദ്ദേഹം പദവിയിൽനിന്നു വിരമിച്ചിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതയായിരുന്നു മാർപാപ്പാമാരുടെ പരമ്പരയിൽത്തന്നെ അത്യപൂർവമായ ആ രാജിക്കു കാരണം. പദവിയൊഴിയുമ്പോൾ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പായ്ക്ക് 85 വയസായിരുന്നു. 2013-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാളുമായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8നു മാര്‍ ജോര്‍ജ്ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ പ്രഖ്യാപനവും സഹിതമാണ് ഈ കണക്ക്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. അദ്ദേഹത്തിൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇവരും പങ്കാളികളാകും. ഫ്രാൻസിസ് മാർപാപ്പ 47 തവണയാണ് ഇറ്റലിക്കു പുറത്തേക്കു സഞ്ചരിച്ചിട്ടുള്ളത്. അറുപത്തിയഞ്ചില്‍ ഏറെ വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ലോക രാജ്യങ്ങളുടെ മൂന്നിലൊന്നും ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചവയാണ്. 12 വർഷംകൊണ്ട് 4,65,000 കിലോമീറ്ററിലേറെയാണ് അദ്ദേഹം നടത്തിയ ലോകസഞ്ചാരം. ഇതില്‍ ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മ്യാൻമർ, നോർത്ത് മാസിഡോണിയ, ബഹ്‌റൈൻ, മംഗോളിയ എന്നിവിടങ്ങളിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ വ്യക്തി എന്ന ഖ്യാതിയും പാപ്പയ്ക്കു സ്വന്തം. ആഗോളതലത്തിൽ ഏറ്റവുമധികം വിശുദ്ധരെ വാഴിച്ചതിന്റെ റെക്കോഡും ഫ്രാൻസിസ് മാർപാപ്പായുടെ പേരിലാണ്. 942 പേരെ അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതിൽ ഓട്ടോമൻ തുർക്കികൾ 1480 ൽ ഇറ്റലിയിലെ ഒട്രാൻ്റോ നഗരം പിടിച്ചടക്കിയപ്പോൾ രക്തസാക്ഷികളായ 813 പേരും 1645ൽ ബ്രസീലിൽ ഡച്ച് കാൽവനിസ്‌റ്റുകൾ കൊലപ്പെടുത്തിയ 30 പേരും ഉൾപ്പെടുന്നു.ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ 5 ഇന്ത്യക്കാരുമുണ്ട്. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ (2014), മമദർ തെരേസ (2016), മദർ മറിയം ത്രേസ്യ (2019), ദേവസഹായം പിള്ള (2022). ഇതിൽ 3 പേർ മലയാളികളാണ്. കൂടാതെ 3 മുൻ മാർപാപ്പമാരെയും വിശുദ്ധ പദവിലേക്ക് ഉയർത്തി. വിശുദ്ധരാക്കപ്പെട്ട മുൻ മാർപാപ്പമാരിൽ ജോൺ ഇരുപത്തിമൂന്നാമൻ, ജോൺ പോൾ രണ്ടാമൻ, പോൾ ആറാമൻ എന്നിവരും ഉൾപ്പെടുന്നു. ഏറ്റവും അധികം പേരെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയ മാർപാപ്പാമാരിൽ രണ്ടാംസ്‌ഥാനക്കാരൻ ജോൺ പോൾ രണ്ടാമനാണ്. 26 വർഷത്തെ അധികാരകാലയളവിനിടെ അദ്ദേഹം 483 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധീകരണത്തിനു തൊട്ടുമുമ്പുള്ള ഘട്ടമായ വാഴ്ത്ത‌പ്പെട്ടവരുടെ ഗണത്തിലേക്ക് 1350 പേരെയാണു ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത്. വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിൻ്റെ തലപ്പത്ത് ആദ്യമായി വനിത, ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത, മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ സ്ത്രീകള്‍, പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത, മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറികളില്‍ ആദ്യമായി വനിത, : വത്തിക്കാന്റെ നയതന്ത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ആദ്യമായി വനിത - ഇത്തരത്തില്‍ തിരുസഭയില്‍ നിരവധി ചരിത്രം കുറിച്ച നിയമനങ്ങള്‍ നടത്തിയതും ഫ്രാന്‍സിസ് പാപ്പയായിരിന്നു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-22 16:54:00
Keywordsപാപ്പ
Created Date2025-04-22 08:15:51