Content | ന്യൂഡല്‍ഹി: ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും.
ആത്മീയ ധൈര്യത്തിൻ്റെ ദീപസ്‌തംഭമായിരുന്നു പാപ്പയെന്നും ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് പ്രതീക്ഷയുടെ നാളമായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു. ഇന്ത്യയോട് എന്നും മമതയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും മോദി സ്മരിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന് നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ആ ആഗ്രഹം ബാക്കിനിര്‍ത്തിയാണ് പാപ്പ യാത്രയായതെന്നതും ദുഃഖകരമായ വസ്തുതയാണ്.
|