Content | ന്യൂഡൽഹി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. കേന്ദ്ര പാർലമെന്ററികാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവും കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും വത്തിക്കാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. ആയിരങ്ങളാണ് ഓരോ മണിക്കൂറിലും മാർപാപ്പയെ അവസാനമായി കാണുന്നതിനായി വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിവരെയാണ് പൊതുദർശനം. നാളെ ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയില്‍ മാര്‍പാപ്പയെ കബറടക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 21 വത്തിക്കാൻ പ്രദേശിക സമയം രാവിലെ 7.35നായിരുന്നു പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
|