Content | വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടി നൽകിയവരിൽ മലയാളി പെൺകുട്ടി നിയയും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണു പൂക്കൂടയുമായി അനുഗമിച്ചത്. മൃതസംസ്കാരത്തിന് കര്‍ദ്ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ പ്രവേശനം ലഭിച്ച ആകെ നാലു പേരില്‍ തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കും ഭാഗ്യം ലഭിക്കുകയായിരിന്നു.
സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ. മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടാണ് അസുലഭ ഭാഗ്യമുള്ള ഈ അവസരത്തിന്റെ കാര്യം ഫാ. ബാബു പാണാട്ടുപറമ്പിലിനെ അറിയിച്ചത്. റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോ മലബാര്‍ സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറാണ് തൃശൂര്‍ അതിരൂപത വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍.
മിടുക്കിയായ നിയയുടെ പേരാണ് ഫാ. ബാബുവിന്റെ മനസില്‍ വന്നത്. മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ക്കും അപ്രതീക്ഷിതമായ കൈവന്ന ഭാഗ്യത്തിന്റെ ഞെട്ടലായിരിന്നു. പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവുമായി നിന്ന കുടുംബത്തിന് ലഭിച്ചതു അസുലഭ ഭാഗ്യം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സെൻ്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം എത്തിച്ചപ്പോള്‍ പുഷ്പങ്ങളുമായി അകമ്പടി സേവിക്കുവാന്‍ നിയയ്ക്കും ഭാഗ്യം കൈവരുകയായിരിന്നു. ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ. |