Content | തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കൈവശഭുമിയിൽ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കെതിരേ രജിസ്റ്റർ ചെയ്‌ത കേസിൽ നോട്ടീസുമായി വനംവകുപ്പ് രംഗത്ത്. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർ ടി.കെ. മനോജിൻ്റെ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇന്നലെ ഫോറസ്റ്റ് ഗാർഡുമാർ വീടുകളിൽ നേരിട്ടെത്തിയാണ് പലർക്കും നോട്ടീസ് നൽകിയത്. ഭാരതീയ നാഗരിക് സുരക്ഷ സൻഹിത 2023 സെക്ഷൻ 179 (1) പ്രകാരമാ ണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു. ഈ മാസം 16നാ ണ് നോട്ടീസ് പുറപ്പെടുവിച്ചതെങ്കിലും ഇന്നലെയാണ് വീടുകളിലെത്തി കൈമാറിയത്. വനംവകുപ്പ് കുരിശ് നശിപ്പിച്ച ശേഷം കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ അന്നു കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ ആർക്കും നോട്ടീസ് നൽകുകയോ കേസുമായി മുന്നോട്ടുപോകുകയോ ചെയ്‌തിരുന്നില്ല.
വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നീട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കൈമാറിയിരുന്നു. കളക്ടറുടെ നിർദേശാനുസരണം തൊടുപുഴ ത ഹസിൽദാർ കുരിശ് സ്ഥാപിച്ച സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനവാസ മേഖലയിലാണ് കുരിശ് നിന്നിരുന്നതെന്നു ഡെപ്യൂട്ടി കളക്ടർ മുമ്പാകെ നടന്ന ഹിയറിംഗിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു. ഇതു വനംവകുപ്പിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്. |