Content | വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ രൂപതാധ്യക്ഷനായ റോം രൂപതയില്‍ ശനിയാഴ്ച തിരുപ്പട്ട സ്വീകരണം നടക്കും. റോം രൂപതയ്ക്കു വേണ്ടി പതിനൊന്ന് ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിക്കുക. മെയ് 31 ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവെച്ചു നടക്കുന്ന തിരുപ്പട്ട സ്വീകരണത്തില്‍ ലെയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ഇതിന് മുന്നോടിയായി ഇന്നു മെയ് 29 വ്യാഴാഴ്ച രാത്രി 9 മണിക്ക് വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽവെച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കുമെന്ന് റോം വികാരിയാത്ത് അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫാ. മൗറീസ്സ്യോ ബോത്ത പ്രഭാഷണം നടത്തും.
റോം രൂപതയെ സംബന്ധിച്ചിടത്തോളം ഈ പൗരോഹിത്യസ്വീകരണം വലിയ സന്തോഷത്തിന് കാരണമാണെന്നു റോം രൂപതയിലെ ഡീക്കന്മാരുടെയും വൈദികരുടെയും സമർപ്പിതജീവിതക്കാരുടെയും ചുമതലയുള്ള ബിഷപ്പ് മിക്കേലെ ദി തോൽവോ പ്രസ്താവിച്ചു. തങ്ങളുടെ ജോലികൾ പോലും ഉപേക്ഷിച്ച്, സുവിശേഷം അറിയിക്കാനും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ വളർത്താനുമായാണ് ഇവർ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദികാർത്ഥികൾക്ക് കുടുംബങ്ങളിലൂടെയും, ക്രൈസ്തവസമൂഹങ്ങളിലൂടെയും ലഭിച്ച മാമ്മോദീസയെന്ന കൃപയുടെ തുടർച്ചയായാണ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി ഇവർക്ക് ലഭിച്ചതെന്നും ബിഷപ്പ് മിക്കേലെ പറഞ്ഞു.
വൈദികരായി അഭിഷിക്തരാകുന്നവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയരും നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരുമാണ്. ലെയോ പതിനാലാമൻ പാപ്പ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായി നല്‍കുന്ന തിരുപ്പട്ട ശുശ്രൂഷയെന്ന പ്രത്യേകത ഇത്തവണയുണ്ട്. മെയ് ആദ്യ വാരത്തില്‍ ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാരും ഇക്കഴിഞ്ഞ ആഴ്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്മാരും റോമില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചിരിന്നു. ഇവരെ കൂടാതെയാണ് 11 ഡീക്കന്മാര്‍ തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നത്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|