Content | തൊടുപുഴ: തൊമ്മൻകുത്തിൽ കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുന്നതിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജിനെ ഒടുവിൽ സ്ഥലം മാറ്റി. പത്തനാപുരം റേഞ്ചിലെ പുനലൂർ ഡിവിഷനിലേക്കാണ് സ്ഥലം മാറ്റിയത്. കൈവശ ഭൂമിയിലെ കുരിശ് തകർത്തതിനു പിന്നാലെ ഇതു സ്ഥാപിച്ചവർക്കെതിരേയും ദുഃഖ വെള്ളിയാഴ്‌ച ഇവിടേക്ക് കുരിശിൻ്റെ വഴി നടത്തിയ വൈദികർക്കും വിശ്വാസികൾക്കുമെതിരേയും കേസെടുക്കുകയും കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയും ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസന്‍റ് നെടുങ്ങാട്ട്, ചാൻസലർ ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം തുടങ്ങിയവർക്കെതിരേയാണ് കേസെടുത്തത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്നു വ്യാപക പ്രതിഷേധം ഉയരുകയും വനം വകുപ്പിനെതിരേ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ വിവിധ സംഘടനകൾ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്. |