Content | ഡബ്ലിന്‍: അയർലണ്ടിലെ നോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ജപമാല റാലിയില്‍ ആയിരകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. ഓൾ അയർലൻഡ് ജപമാല റാലിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് പതിനായിരത്തില്‍ പരം വിശ്വാസികള്‍ ഒരുമിച്ച് കൂടിയത്. 1985-ൽ ആരംഭിച്ച ഈ ജപമാല റാലിയില്‍ ഓരോ വര്‍ഷവും ആയിരങ്ങള്‍ പങ്കുചേരുന്നുണ്ട്. പെന്തക്കോസ്ത് തിരുനാളിനു ഒരുക്കമായി നടന്ന ജപമാലറാലിയുടെ ഭാഗമായി നോക്ക് ബസിലിക്കയിൽ യുവജന സമ്മേളനവും ജാഗരണ പ്രാർത്ഥനയും നടത്തി.
'ജപമാല വൈദികന്‍' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരിന്ന ഫാ. പാട്രിക് പെയ്‌റ്റന്റെ ജപമാല റാലികളാണ് തങ്ങള്‍ക്കും പ്രചോദനമായതെന്നും പ്രാർത്ഥനയിലൂടെ സമാധാനമുള്ള ഒരു ലോകമാക്കുക എന്ന അദ്ദേഹത്തിന്റെ കാലാതീതമായ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പരിപാടിയുടെ സംഘാടകനായ ഫാ. മാരിയസ് ഒ'റെയ്‌ലി സിഎൻഎയോട് പറഞ്ഞു. ഇക്കാലത്തെ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ, ലളിതവും ശക്തവുമായ സന്ദേശത്തിന്റെ പ്രാധാന്യം ആളുകൾ കൂടുതലായി തിരിച്ചറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോർക്കിലെ സിറാക്കൂസിൽ നിന്നുള്ള പ്രമുഖ ഭൂതോച്ചാടകനായ മോൺസിഞ്ഞോർ സ്റ്റീവ് റോസെറ്റി, റാലിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.
ലോകത്തിലെ തിന്മയെ മറികടക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുമെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. നമ്മുടെ ലോകത്ത് തിന്മയ്ക്കും അന്ധകാരശക്തികൾക്കും എതിരായ പോരാട്ടം ഇത്രയും വ്യക്തമായിരുന്നില്ല. ഭൂതോച്ചാടനത്തില്‍ നമ്മൾ അല്പം വിശുദ്ധജലം തളിക്കുമ്പോഴോ ഒരു കുരിശുരൂപം ഉയർത്തിപ്പിടിക്കുമ്പോഴോ, പൈശാചിക ദുരാത്മാക്കള്‍ വേദനയോടെ നിലവിളിക്കുന്നു. നമ്മുടെ അനന്തമായ പരിശുദ്ധ ദൈവത്തിന്റെ നേരിട്ടുള്ള സർവ്വസാന്നിധ്യത്തിലേക്ക് പിശാചുക്കളോ അശുദ്ധരായ ശപിക്കപ്പെട്ടവരോ തള്ളപ്പെടുന്നത് എത്ര അവിശ്വസനീയമായ പീഡനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപമാല റാലിയിൽ നിരവധി വിദ്യാര്‍ത്ഥികളും യുവജനങ്ങളും പങ്കെടുത്തു. ബസിലിക്കയിലും അപ്പാരീഷൻ ചാപ്പലിലും നടന്ന കുമ്പസാരത്തിലും വിശുദ്ധ കുർബാനയിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിരിന്നു. 1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ പേര്‍ സാക്ഷികളായിരുന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും മദര്‍ തെരേസയും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷംതോറും മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അന്താരാഷ്ട്ര തീര്‍ത്ഥാടകരാണ് നോക്ക് സന്ദര്‍ശിക്കുന്നത്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|