Content | "വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തു കൊണ്ട് വന്നു. ഓരോരുത്തരുടെയും മേല്‍ കൈ വച്ച് അവന്‍ അവരെ സുഖപ്പെടുത്തി" (ലൂക്ക 4:40).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 10}#
രോഗികളേയും ബലഹീനരേയും പറ്റി നമുക്ക് പ്രത്യേകമായി ചിന്തിക്കാം; ഇന്ന്, ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനുഷ്യജീവിതത്തില്‍ വളരെ കൂടുതലാണ്. ജീവിതത്തിലെ വേദനാജനകമായ അവസ്ഥകളെ പീഢാനുഭവവേളയിലെ യേശുക്രിസ്തുവിന്റെ അവസ്ഥയോട് ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റേ ആവശ്യകതയെ പറ്റി മറ്റുള്ളവര്‍ക്ക് ബോധ്യം നല്‍കാനുള്ള ദൌത്യം സഭ ഏറ്റെടുക്കണം. എല്ലാവര്‍ക്കും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്; എന്നാല്‍ ചിലരുടെ അവസ്ഥ വളരെ ക്ലേശകരമാണ്. മാറാരോഗമോ, ശാരീരിക വൈകല്യമോ ഉള്ള അനേകര്‍ നമ്മുടെ ഇടയിലുണ്ട്. രോഗികളുടെ ലോകം കാണണമെങ്കിലോ, വേദനയുടേയും കഷ്ടതയുടേയും മുഖം കാണണമെങ്കിലോ, ഒരാശുപത്രിയിലേക്ക് ഒന്നു പോയാല്‍ മാത്രം മതി.
ക്രിസ്തുവിനോടും കഷ്ടതയനുഭവിക്കുന്ന സകലരോടും ചേര്‍ന്ന് നില്‍ക്കുന്ന ഒരു 'കരുണാര്‍ദ്രമായ സഭ'യാണ് നമ്മുക്ക് വേണ്ടത്. തന്റെ മഹാദയയും ഹൃദയ നൈര്‍മ്മല്യവും വെളിവാക്കി, യേശു രോഗികളോടും ബലഹീനരോടും കാരുണ്യം കാണിച്ചു. ആത്മാവിലും ശരീരത്തിലും കഷ്ടത അനുഭവിച്ചവരെ, അവിടുന്ന് സുഖപ്പെടുത്തി. അങ്ങനെ അവന്‍ നടത്തിയ ഒട്ടനവധി രോഗസൗഖ്യങ്ങള്‍ കണ്ടിട്ട് അവന്റെ അത്ഭുതസിദ്ധിയുടെ ഗുണം ലഭിക്കാന്‍ ധാരാളം രോഗികള്‍ അവന്റെ അടുത്ത് തടിച്ചു കൂടി.
ലൂക്കാ സുവിശേഷകന്‍ പറയുന്നത് പോലെ ഉപദേശം കേള്‍ക്കാന്‍ മാത്രമല്ല, തങ്ങളുടെ രോഗങ്ങളില്‍ നിന്ന് സുഖം പ്രാപിക്കാനുമായി വലിയ ജനാവലി അവന് ചുറ്റും തടിച്ചു കൂടി. രോഗഭാരവുമായി അവനെ സമീപിച്ചവരെ അവിടുന്ന് നിരാശരാക്കിയില്ല. അതായത് രോഗം സൃഷ്ടിക്കുന്ന കഷ്ടതയോട് ദൈവം മുഖം തിരിക്കുന്നില്ല. പകരം, കര്‍ത്താവ് വെളിപ്പെടുത്തുകയും ലോകത്ത് നിറവേറ്റുകയും ചെയ്യുന്ന രക്ഷാകര പദ്ധതിയിലൂടെ രോഗികള്‍ക്ക് സൗഖ്യം നല്‍കുകയാണ് അവിടുന്ന് ചെയ്യുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.06.94)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
|