category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
Contentഈശോ ജനസഞ്ചയത്തെ സുഖപ്പെടുത്തുന്നു, ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു, പരിശുദ്ധാരൂപിക്കെതിരായ പാപം എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, വിശുദ്ധ ഇരണേവൂസ്, നൊവേഷ്യന്‍, നസിയാന്‍സിലെ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോ ജനസഞ്ചയത്തെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 3:7-12 }# 7 ഈശോ ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. 8 യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. 9 ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന്‍ ശിഷ്യന്‍മാരോട് ഒരു വള്ളം ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു. 10 എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. 11 അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു. 12 തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി. **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# #{black->none->b-> വിശ്വാസം വഴി സ്പര്‍ശിക്കുക }# നമ്മള്‍ ഈശോയെ സ്പര്‍ശിക്കുന്നത് വിശ്വാസംവഴിയാണ്. വിശ്വാസം വഴി സ്പര്‍ശിക്കുന്നതാണ് വിശ്വാസമില്ലാതെ കരങ്ങളാല്‍ മാത്രം സ്പര്‍ശിക്കുന്നതിനെക്കാള്‍ മെച്ചം. കരങ്ങളാല്‍ അവനെ സ്പര്‍ശിക്കുന്നത് അത്ര വലിയ കാര്യമായിരുന്നില്ല. എന്തെന്നാല്‍, അവന്റെ എതിരാളികളും അവനെ പിടികൂടുകയും ബന്ധിക്കുകയും ക്രൂശിക്കുകയും ചെയ്തപ്പോള്‍ തീര്‍ച്ചയായും അവനെ സ്പര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ദുരുദ്ദേശ്യത്തോടെയുള്ള ആ സ്പര്‍ശംവഴി അവര്‍ സ്പര്‍ശിച്ചതിനെ അവര്‍ക്കു നഷ്ടപ്പെട്ടു. ലോകമെങ്ങുമുള്ള സഭയേ, വിശ്വാസത്താല്‍ നീ അവിടുത്തെ സ്പര്‍ശിക്കുന്നതുകൊണ്ട് ''വിശ്വാസം വഴി നീ സുഖം പ്രാപിച്ചിരിക്കുന്നു'' (ഏശ 1,10-18; മത്താ 9,22; മര്‍ക്കോ 5,34; 10,52; ലൂക്കാ 8,48; യോഹ 20,29) (Sermons on Easter 148). #{black->none->b-> സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍ }# വിശ്വാസികളും പിശാചുക്കളും മിശിഹായെ ഏറ്റുപറഞ്ഞു. ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു'' എന്ന് പത്രോസ് ഏറ്റുപറഞ്ഞല്ലോ (മത്താ 16,16). ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം: ദൈവത്തിന്റെ പുത്രന്‍'' എന്നു പിശാചുക്കളും ഏറ്റു പറഞ്ഞു (മര്‍ക്കോ 3,11; ലൂക്കാ 4,41). ഇരുകൂട്ടരിലും സമാനമായ ഏറ്റുപറച്ചില്‍ ഞാന്‍ കാണുന്നു. എന്നാല്‍ ഇവരിലുള്ള സ്‌നേഹം സമാനമല്ല. പുത്രര്‍ക്ക് അവിടുന്ന് സ്‌നേഹയോഗ്യനാണ്. മക്കളല്ലാത്തവര്‍ക്ക് അവിടുന്ന് ഭയകാരണമാണ് (On the Psalms 50,2). #{black->none->b-> വിശ്വാസം സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്നു }# ''സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം'' (ഗലാ 5,6) അല്ല പിശാചുക്കള്‍ക്കുള്ളത്. എന്തെന്നാല്‍ ''പിശാചുക്കള്‍ വിശ്വസിക്കുകയും ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു'' (യാക്കോ 2,19). എന്നാല്‍ അവര്‍ സ്‌നേഹിക്കുന്നില്ല. അവര്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ''നീ ദൈവത്തിന്റെ പരിശുദ്ധനാകുന്നു'' എന്നോ ''നീ ദൈവപുത്രനാകുന്നു'' (മര്‍ക്കോ 3,11-12; ലൂക്കാ 4,34-41) എന്നോ അവ പറയുമായിരുന്നില്ല. അവര്‍ അവിടുത്തെ സ്‌നേഹിച്ചിരുന്നെങ്കില്‍ ''ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തമ്മിലെന്ത്'' (മത്താ 8,29; മര്‍ക്കോ 5,7; ലൂക്കാ 8,28) എന്ന് അവ ചോദിക്കുമായിരുന്നില്ല (Letter 194, To Sixtus) ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു - മര്‍ക്കോസ് 3: 13-19 }# 13 പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. 14 തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും 15 പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു. 16 അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള 17 ബൊവനെര്‍ഗെസ് എന്നു പേരു നല്‍കിയ സെബദീപുത്രന്‍മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും, 18 അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമാ, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, 19 ഈശോയെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ. **************************************************************** ➤ #{red->none->b-> ഒരിജന്‍: }# പുരാതനകാലങ്ങളില്‍ ഒരുവന്റെ പേര് അവന്റെ സ്വഭാവസവിശേഷതകളുടെ സാരാംശത്തെക്കുറിക്കുന്നതായിരുന്നു. അബ്രാമിന്റെ സ്വഭാവം പരിവര്‍ത്തിതമായപ്പോള്‍ അവന്‍ ''അബ്രാഹം'' (ഉത്പ 17,5) എന്നു വിളിക്കപ്പെട്ടു. അപ്രകാരം, ''ശിമയോന്‍'' മാറ്റത്തിനു വിധേയനായപ്പോള്‍ ''പത്രോസ്'' എന്നു വിളിക്കപ്പെട്ടു (മര്‍ക്കോ 3,16; യോഹ 1,42). എന്നാല്‍ ദൈവം നിത്യനും മാറ്റമില്ലാത്തവനുമാകയാല്‍ അവിടുത്തേക്ക് ഒരേയൊരു പേരേയുള്ളൂ. അത് പുറപ്പാടിന്റെ പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു: ''ഞാന്‍ ആകുന്നു'' (പുറ 3,14) 14) (On Prayer 24). ➤ #{red->none->b-> വിശുദ്ധ എവുസേബിയൂസ്: }# ഇടിമുഴക്കം ഇവിടെ സുവിശേഷപ്രഘോഷണത്തെ സൂചിപ്പിക്കുന്നു. ഇടിമുഴക്കം മാനുഷികശക്തിയെ അതിശയിക്കുന്നതും ആകാശത്തില്‍ നിന്നുള്ളതുമായ സ്വരമാണ്. സുവിശേഷത്തിന്റെ പ്രഘോഷണവും അങ്ങനെതന്നെ. അത് സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരമാണ്: മാനുഷിക ശക്തിയില്‍ നിന്നുള്ളതല്ല. സുവിശേഷം ലോകം മുഴുവന്‍ വ്യാപിച്ചത് മനുഷ്യന്റെ ആസൂത്രണത്താലല്ല, ദൈവിക ശക്തിയാലാണ് (Commentary on Psalms 23). ➤ #{red->none->b-> വിശുദ്ധ ബേസില്‍: }# മേഘപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ക്ഷുബ്ധവും വരണ്ടതുമായ കാറ്റ്, പുറത്തുകടക്കാനുള്ള പരാക്രമത്തില്‍ മേഘങ്ങള്‍ക്കിടയിലെ ശൂന്യമായ ഇടങ്ങളിലൂടെ വട്ടം ചുറ്റുന്നു. എന്നാല്‍ ഇതിനു പ്രതിരോധം തീര്‍ത്തു നില്‍ക്കുന്ന മേഘങ്ങളില്‍ ഉയര്‍ന്ന മര്‍ദത്തില്‍ കാറ്റ് ഉരസുന്നതിന്റെ ഫലമായി പരുക്കന്‍ ശബ്ദങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നു. അധികം വൈകാതെ, സമ്മര്‍ദം സഹിക്കവയ്യാതെ, കുമിളകള്‍പോലെ മേഘങ്ങള്‍ പൊട്ടിയകലുകയും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കാറ്റ് പുറത്തു കടക്കുകയും ചെയ്യുന്നു. സാധാരണയായി ഇതോടൊപ്പം മിന്നല്‍ പ്രകാശവുമുണ്ടാകുന്നു. ഈ മേഘവിതാനത്തിനു മുകളിലുള്ള കര്‍ത്താവുതന്നെയാണ് ശക്തമായ ഇടിമുഴക്കങ്ങളെ സൃഷ്ടിക്കുന്നത്. വളരെ മൃദു സ്വഭാവമുള്ള വായു എന്ന മാദ്ധ്യമത്തില്‍നിന്നാണ് അത്യന്തം ശക്തിയുള്ള ഈ ശബ്ദം അവിടുന്ന് പുറപ്പെടുവിക്കുന്നത് (ഏശ 29,6). മാമ്മോദീസാ മുതല്‍ വിശുദ്ധീകരണത്തിലേക്കു നയിക്കുന്ന പ്രൗഢമായ സുവിശേഷപ്രബോധനം ആത്മാവിന് ഇടിമുഴക്കം പോലെയാണ്. ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ (മര്‍ക്കോ 3,17) എന്ന് കര്‍ത്താവ് പേരു നല്‍കിയ ശിഷ്യന്‍മാരിലൂടെ സുവിശേഷം ഇടിമുഴക്കത്തിനു സദൃശമാണെന്ന് വ്യക്തമാക്കപ്പെട്ടു (Homily 13.3). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# സഹോദരന്‍മാരായ യാക്കോബിനെയും യോഹന്നാനെയും അവിടുന്ന് ''ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍'' എന്നു വിളിച്ചു. പഴയനിയമം നല്‍കിക്കൊണ്ട് അബ്രാമിനെ 'അബ്രാഹം' എന്നും (ഉത്പ 17,5) സാറായിയെ 'സാറാ' (ഉത്പ 17,15) എന്നും യാക്കോബിനെ ''ഇസ്രായേല്‍''എന്നും (ഉത്പ 32,28) പുതിയ പേരുകള്‍ വിളിച്ചവന്‍ തന്നെയാണ് താന്‍ എന്നു സൂചിപ്പിക്കാനാണിതു ചെയ്തത്. ലെയായുടെ പ്രവൃത്തിയില്‍നിന്നു തെളിയുന്നതുപോലെ (ഉത്പ 29,32; 30,11.13.18.20) ആളുകള്‍ക്ക് വിശുദ്ധമായ അര്‍ത്ഥമുള്ള പേരുനല്‍കുന്നത് പൂര്‍വ്വപിതാക്കള്‍ക്കിടയിലെ പാരമ്പര്യമായിരുന്നു. കൗതുകത്തിന്റെ പേരിലായിരുന്നില്ല ഇത് ചെയ്തത്; മറിച്ച് ദൈവത്തിന്റെ നന്‍മയെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുദ്ര അവര്‍ക്കു നല്‍കുന്നതിനുവേണ്ടിയായിരുന്നു. ഇതുമൂലം ഓരോ നാമവുംവഴി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന പ്രവചനം ആ നാമം സ്വീകരിക്കുന്ന വ്യക്തിയുടെ കാതുകളില്‍ നിത്യസ്മരണയുണര്‍ ത്തിക്കൊണ്ട് നിരന്തരം മുഴങ്ങിയിരുന്നു (Homilies on St. John, Homily 19) . ➤ #{red->none->b-> വിശുദ്ധ ബീഡ്: }# മത്തായിക്ക് രണ്ട് പേരുകളുണ്ടായിരുന്നുവെന്നത് നമ്മള്‍ മറക്കരുത്. 'ലേവി' എന്നും അദ്ദേഹം വിളിക്കപ്പെട്ടിരുന്നു. ഈ പേരും അദ്ദേഹത്തിനു ലഭിച്ച കൃപയെ സാക്ഷ്യപ്പെടുത്തുന്നതാണ്. എന്തെന്നാല്‍ 'ലേവി' എന്ന പേരിന്റെ അര്‍ത്ഥം ''കൂട്ടിച്ചേര്‍ക്കപ്പെട്ടത്'' എന്നോ ''ഉയര്‍ത്തപ്പെട്ടത്'' എന്നോ ആണ്. മിശിഹാ നടത്തിയ തിരഞ്ഞെടുപ്പ് വഴി മത്തായി ''ഉയര്‍ത്തപ്പെട്ടു'' എന്നും ശ്ലീഹന്‍മാരുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടു എന്നും ലേവി എന്ന പേര് സൂചിപ്പിക്കുന്നു. മര്‍ക്കോസും ലൂക്കായും സുവിശേഷപ്രവര്‍ത്തനങ്ങളിലെ തങ്ങളുടെ സുഹൃത്തായ ലേവിയുടെ മുന്‍കാലജീവിതത്തെ ഉയര്‍ത്തിക്കാട്ടാനാഗ്രഹിക്കാത്തതിനാല്‍ മത്തായി എന്ന പേരാണ് കൂടുതലും ഉപയോഗിക്കുന്നത് (മര്‍ക്കോ 3,18; ലൂക്കാ 6,15). എന്നാല്‍ മത്തായിയാകട്ടെ ചുങ്കസ്ഥലത്തുനിന്നു താന്‍ വിളിക്കപ്പെട്ട സംഭവം വിവരിക്കുന്നിടത്ത് ലേവി എന്ന പേരും മറ്റൊരിടത്ത് ''ചുങ്കക്കാരന്‍'' എന്ന അഭിധാനവുംകൂടി കൃത്യമായി ചേര്‍ക്കുന്നു (മത്താ 19,3). ''നീതിമാന്‍ തന്നെത്തന്നെ കുറ്റപ്പെടുത്തുന്നു'' (സുഭാ 18,17) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ചുങ്കകാര്‍ക്കും പാപികള്‍ക്കും രക്ഷയെക്കുറിച്ചുള്ള വലിയ പ്രത്യാശ അദ്ദേഹം പകര്‍ന്നു നല്‍കുന്നു (Homilies on the Gospels 1.21) ---------------------------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: പരിശുദ്ധാരൂപിക്കെതിരായ പാപം - മര്‍ക്കോസ് 3: 20-30 }# (മത്താ 12,22-32) (ലൂക്കാ 11,14-23) (ലൂക്കാ 12,10-10) 20 അനന്തരം അവന്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നു കൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. 21 അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു. 22 ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. 23 അവന്‍ അവരെ അടുത്തു വിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക? 24 അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. 25 അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. 26 സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. 27 ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ. 28 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. 29 എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തര വാദിയാകും. 30 അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്. **************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ''സാത്താന് സാത്താനെ ബഹിഷ്‌ക്കരിക്കാനാവുമോ?''(മര്‍ക്കോ 3,23). സാത്താന്‍ ശരീരത്തെയും അതിന്റെ ഇന്ദ്രിയങ്ങളെയും പ്രലോഭിപ്പിക്കുന്നത് അവയെത്തന്നെ ലക്ഷ്യംവച്ചല്ല, കൂടുതല്‍ വലിയ വിജയമായി അവന്‍ കണക്കാക്കുന്നത് മനുഷ്യന്റെ ഇച്ഛാശക്തിക്കുമേലുള്ള ആധിപത്യമാണ്. ഭക്തിരാഹിത്യമെന്ന തെറ്റുവഴിയാണ് അവനിത് നേടുന്നത്. സാത്താന്‍ ശരീരത്തിലല്ല പ്രഹരമേല്‍പിക്കുന്നത്; മറിച്ച് മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലാണ്. ഇതിനെക്കുറിച്ച് ശ്ലീഹാ എഴുതിയിരിക്കുന്നു: ''അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷശക്തികളുടെ അധിപന്‍'' (എഫേ 2,2) അതായത് സാത്താന്‍ ശരീരത്തെയോ പഞ്ചേന്ദ്രിയങ്ങളെയോ അല്ല കീഴടക്കുന്നത്; മനുഷ്യന്റെ ഇച്ഛാശക്തിയെയാണ്. കൃത്യമായിപ്പറഞ്ഞാല്‍, അവന്റെ ദുരാഗ്രഹത്തിലാണ് സാത്താന്‍ ആധിപത്യം പുലര്‍ത്തുന്നത് (Eighty Three Different Questions, Question 79.2) . #{black->none->b-> തമ്മില്‍ വിഭജിച്ചിരിക്കുന്നവരെ അരൂപി യോജിപ്പിക്കുന്നു: }# അശുദ്ധാരൂപി തനിക്കെതിരായിത്തന്നെ ഭിന്നിച്ചിരിക്കുന്നതിനെപ്പറ്റി കര്‍ത്താവ് സൂചിപ്പിച്ചു. എന്നാല്‍ പരിശുദ്ധാരൂപി തനിക്കെതിരായി ഭിന്നിക്കുന്നില്ല. മറിച്ച് ശുദ്ധീകരിക്കപ്പെട്ടവരില്‍ വസിച്ചുകൊണ്ട് അവരെ ഒന്നിപ്പിക്കുന്നു. അതിനെപ്പറ്റി ശ്ലീഹന്മാരുടെ നടപടികളില്‍ നമ്മള്‍ വായിക്കുന്നു: ''വിശ്വസിച്ചവര്‍ക്ക് ഒരാത്മാവും ഒരു ഹൃദയവുമായിരുന്നു'' (നടപടി 4,32) (Sermons on the New Testament Lessons 21.35). #{black->none->b-> സാത്താന്റെ വസ്തുവകകള്‍ }# 'ശക്തനായവന്‍' എന്നിവിടെ വിവക്ഷിക്കുന്നത് മനുഷ്യവംശത്തെ അടിപ്പെടുത്തിവച്ച സാത്താനെയാണ്. അവന്റെ 'വസ്തുവകകള്‍' എന്നതുകൊണ്ട് ദൈവരഹിതരായി പാപങ്ങളില്‍ മുഴുകി ജീവിച്ച് സാത്താന്റെ അടിമകളായിത്തീര്‍ന്നവരെയാണ്. അവരെ മോചിപ്പിക്കാന്‍ മിശിഹാ വരികയും അവര്‍ വിശ്വാസികളായി മാറുകയും ചെയ്തു. 'ശക്തനായ' ഇവനെ ബന്ധിക്കുന്നതിനെപ്പറ്റി വെളിപാടു പുസ്തകത്തില്‍ ഒരു ദര്‍ശനം വിവരിക്കുന്നു: ''സ്വര്‍ഗത്തില്‍നിന്നും ഒരു ദൂതന്‍ പാതാളത്തിന്റെ താക്കോലും കൈയില്‍ വലിയ ചങ്ങലയുമായി ഇറങ്ങിവന്നു. സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സര്‍പ്പത്തെ അവന്‍ ആയിരം വര്‍ഷത്തേക്കു ബന്ധനസ്ഥനാക്കി'' (വെളി 20,1-2). സ്വതന്ത്രരായവരെ പ്രലോഭിപ്പിക്കാനും സ്വന്തമാക്കാനും സാത്താനുണ്ടായിരുന്ന ശക്തിയെ ദൂതന്‍ തടയുകയും അടിച്ചമര്‍ത്തുകയും ചെയ്തു (The City of God 20.7).. #{black->none->b-> ദുര്‍ബലത ശക്തിയായി മാറുന്നു }# അവിടുന്ന് സാത്താനെ ധര്‍മ്മനീതിയാലും ശക്തിയാലും പരാജയപ്പെടുത്തി. ധര്‍മ്മനീതിയാല്‍ പരാജയപ്പെടുത്തിയെന്ന് പറയുന്നതിനു കാരണം, പാപമില്ലാത്തവന്‍ (2 കോറി 5,21) അത്യന്തം അനീതിപരമായി കൊല്ലപ്പെട്ടതാണ്. ശക്തിയാല്‍ പരാജിതനാക്കി എന്നു പറയുന്നതിനു കാരണം, മരണത്തിലൂടെ കടന്നവന്‍ ഇനിയൊരിക്കലും മരിക്കാത്തവിധം (റോമ 6,9) ജീവിക്കുന്നവനായിത്തീര്‍ന്നുവെന്നതാണ്. മിശിഹാ ക്രൂശിക്കപ്പെട്ടത് ഏതെങ്കിലും അമാനുഷിക ശക്തിയുടെ പ്രവര്‍ത്തനം മൂലമല്ല, മനുഷ്യശരീരത്തില്‍ അവന്‍ ഏറ്റെടുത്ത ബലഹീനത നിമിത്തമാണ് (2 കോറി 13,4). ഈ ബലഹീനതയെപ്പറ്റി ശ്ലീഹാ പറയുന്നു: ''ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ശക്തിയെക്കാള്‍ ബലമുള്ളതാണ്'' (1 കോറി 1,25) (On the Trinity 13.14.15). #{black->none->b->കുരിശിലെ വിജയം }# താന്‍ കൊലപ്പെടുത്തിയവന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ സാത്താന്‍ പരാജിതനായിത്തീര്‍ന്നു. അതിലുപരി, താന്‍ കീഴടക്കിയിരിക്കുന്നുവെന്ന് അവന്‍ ചിന്തിച്ച അതേ നിമിഷത്തില്‍ത്തന്നെ - മിശിഹാ ക്രൂശിക്കപ്പെട്ട സമയത്ത് - സാത്താന്‍ കീഴടക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. എന്തെന്നാല്‍ ആ നിമിഷത്തില്‍ നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി നിഷ്‌കളങ്കരക്തം ചിന്തപ്പെട്ടു (മത്താ 26,28; 1 യോഹ 3,5). അതുവരെ, പാപത്താല്‍ താന്‍ ബന്ധിച്ചവരെ സാത്താന്‍ മരണത്തിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാല്‍ പാപമില്ലാത്തവന്‍ അവനെ ആ ശിക്ഷാവിധിയില്‍നിന്നു മോചിപ്പിച്ചു (ഹെബ്രാ 2,14). ഈ നീതിയാല്‍ ശക്തനായവന്‍ തോല്‍പ്പിക്കപ്പെടുകയും ബന്ധിക്കപ്പെടുകയും അവന്റെ പക്കലുണ്ടായിരുന്ന കൊള്ളമുതല്‍ (പാത്രങ്ങള്‍) വീണ്ടെടുക്കപ്പെടുകയും ചെയ്തു. കോപത്തിന്റെ പാത്രങ്ങളായിരുന്നവ കരുണയുടെ പാത്രങ്ങളായി മാറി (റോമാ 9, 22-23) (On the Trinity 13.15.19). #{black->none->b->ദൈവദൂഷണത്തെപ്രതി അനുതപിക്കുക }# ഒരിക്കലും പൊറുക്കപ്പെടാത്ത ദൂഷണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. ശരിയായി അനുതപിക്കുകയാണെങ്കില്‍ ഇതും ക്ഷമിക്കപ്പെടും (Sermons on the New Testament Lessons 21.35). ➤ #{red->none->b-> വിശുദ്ധ ജറോം: }# ഈശോയെ മാനസികാസ്വാസ്ഥ്യമുള്ളവനെന്ന് ധരിച്ച് ബന്ധിക്കുവാന്‍ ബന്ധുക്കള്‍ പോലും തുനിഞ്ഞുവെന്ന് സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു. എതിരാളികള്‍ അവിടുത്തെ ദുഷിച്ചുപറഞ്ഞു: ''നീ ഒരു സമരിയാക്കാരനാണ്. നിനക്കു പിശാചുണ്ട്'' (യോഹ 8,48) (Letter 108, To Eustochium) . ➤ #{red->none->b-> വിശുദ്ധ ഇരണേവൂസ്: }# സ്രഷ്ടാവിന്റെ നിയമങ്ങളെ ലംഘിക്കാന്‍ ശത്രു മനുഷ്യവംശത്തെ പ്രേരിപ്പിക്കുകയും അതുവഴി നമ്മള്‍ അവന്റെ പിടിയിലകപ്പെടുകയും ചെയ്തു (ഉത്പ 3,1-6). നിയമലംഘനത്തിലേക്കും വിശ്വാസത്യാഗത്തിലേക്കും മനുഷ്യന്റെ ഇച്ഛയെ ആകര്‍ഷിക്കാനുള്ള ശക്തി മാത്രമേ സാത്താനുണ്ടായിരുന്നുളളൂ. ഈ ചങ്ങലകളാല്‍ അവന്‍ മനുഷ്യന്റെ ഇച്ഛയെ ബന്ധനത്തിലാക്കി. ഇക്കാരണത്താലാണ് രക്ഷാകരപദ്ധതിയില്‍ ഇതേ ചങ്ങലകള്‍കൊണ്ടുതന്നെ സാത്താന്‍ തളയ്ക്കപ്പെടേണ്ടിയിരുന്നത്. മനുഷ്യവംശം കര്‍ത്താവിലേക്ക് തിരികെ പോകത്തക്ക വിധത്തില്‍ സ്വതന്ത്രമാക്കപ്പെടേണ്ടിയിരുന്നത് ഒരു മനുഷ്യനാല്‍ത്തന്നെയാണ് (റോമാ 5,18). എതിരാളി തന്നെ ബന്ധിക്കാനുപയോഗിച്ച പാപച്ചങ്ങലയാല്‍ത്തന്നെ മനുഷ്യന്‍ അവനെ തളച്ചു. സാത്താന്‍ ബന്ധിതനാകുമ്പോള്‍ മനുഷ്യന്‍ മോചിതനാകുന്നു. ''ശക്തനായവന്റെ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ വസ്തുവകകള്‍ എടുക്കണമെങ്കില്‍ ആദ്യമേ അവന്‍ ബന്ധിതനാകേണ്ടിയിരിക്കുന്നു'' (മത്താ 12,29; മര്‍ക്കോ 3,27). സര്‍വത്തിന്റെയും സ്രഷ്ടാവായ വചനം തന്റെ എതിരാളിയുടെ തനിനിറം വെളിവാക്കുകയും തന്റെ കല്‍പനയാല്‍ അവനെ കീഴടക്കുകയും ചെയ്തു. സാത്താന്‍ നിയമനിഷേധിയും ദൈവത്തെ ഉപേക്ഷിച്ചവനുമാണെന്ന് പുതിയ മനുഷ്യന്‍ തെളിയിച്ചു. തുടര്‍ന്ന് ഈ നിയമലംഘകനെ അവന്‍ ബന്ധിക്കുകയും അവന്റെ വസ്തുവകകളെ പുറത്തെത്തിക്കുകയും ചെയ്തു. വസ്തുവകകള്‍ എന്നാല്‍ സ്വന്തം ഇഷ്ടനിര്‍വഹണത്തിനായി സാത്താന്‍ അടിമകളാക്കിവച്ച മനുഷ്യരായിരുന്നു. മാനവകുലത്തെ അടിമയാക്കിവച്ചിരുന്നവന്‍ അടിമയാക്കപ്പെടുക നീതിയായിരുന്നു. ഇപ്രകാരം ദൈവപിതാവ് തന്റെ സ്വന്തം കരവേലയായ മനുഷ്യനോട് ആര്‍ദ്രതയും അനുകമ്പയും തോന്നി അവനെ എതിരാളിയുടെ പിടിയില്‍നിന്നു വിടുവിച്ച്, വചനമായ മിശിഹാവഴി അവന് രക്ഷ നല്കി. അക്ഷയത്വം ദൈവം നല്‍കുന്ന സ്വതന്ത്രമായ ദാനമാണെന്ന് ഈ യഥാര്‍ത്ഥ സംഭവത്തില്‍നിന്നു മനുജകുലം പഠിക്കേണ്ടതിനാണിത് (റോമാ 5,16) (Against Heresies 5.21.3). ➤ #{red->none->b-> ഒരിജന്‍: }# പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും ശക്തി എല്ലാ സൃഷ്ടികളിലും പ്രവര്‍ത്തനിരതമാണ് (റോമാ 1,20). പരിശുദ്ധാരൂപിയിലുള്ള ജീവിതം പൂര്‍ണ്ണമായി കൈക്കൊണ്ടിരിക്കുന്നവരാണ് വിശുദ്ധര്‍ (റോമാ 10; ഗലാ 6,8). ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ''ഈശോ കര്‍ത്താവാണെന്ന് പരിശുദ്ധാരൂപി മുഖേനയല്ലാതെ ആര്‍ക്കും പറയാന്‍ കഴിയില്ല'' (1 കോറി 12,3). ശ്ലീഹന്മാര്‍ അയോഗ്യരായിരുന്നെങ്കിലും അവരോട് ഇപ്രകാരം പറയപ്പെട്ടു: ''പരിശുദ്ധാരൂപി നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും'' (നടപടി 1,8). അതിനാല്‍, ''മനുഷ്യപുത്രനെതിരായി പാപം ചെയ്യുന്നവനോട് ക്ഷമിക്കപ്പെടും'' (മത്താ 12,32) എന്നതിന്റെ അര്‍ത്ഥമിതാണ്. ഒരുവന്‍ ദൈവവചനാനുസൃതമായ ജീവിതത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയോ അജ്ഞതയിലും ഭോഷത്വത്തിലും വീഴുകയോ ചെയ്‌തെന്നു വരാം. അപ്പോഴും അവന് യഥാര്‍ത്ഥ പശ്ചാത്താപത്തിലേക്കും ക്ഷമയിലേക്കുമുള്ള വഴി അടിഞ്ഞിട്ടില്ല. എന്നാല്‍ പരിശുദ്ധാരൂപിയിലുള്ള ജീവിതത്തില്‍ ഒരിക്കല്‍ പങ്കാളിയായവന്‍ വിശ്വാസത്യാഗത്തിലേക്ക് പിന്‍തിരിഞ്ഞാല്‍ അതിനാല്‍ത്തന്നെ പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറഞ്ഞിരിക്കുന്നു (മത്താ 12,31-32; മര്‍ക്കോ 3,29) (On First Principles 1.3.7). ➤ #{red->none->b-> നൊവേഷ്യന്‍: }# പരിശുദ്ധാരൂപിയുടെ ആവാസമുള്ള ഒരുവനും ഈശോ ശപിക്കപ്പെട്ടവനാണെന്ന് പറയുകയില്ല (1 കോറി 12,3). മിശിഹാ ദൈവപുത്രനാണെന്നും ദൈവം സ്രഷ്ടാവാണെന്നുമുള്ള വസ്തുതകളെ അരൂപിയിലായിരിക്കുന്നവന്‍ നിഷേധിക്കുകയില്ല. വിശുദ്ധ ഗ്രന്ഥത്തിനു വിരുദ്ധമായതോ ധാര്‍മ്മിക തത്വങ്ങള്‍ക്കു നിരക്കാത്തതോ ആയ ഒന്നും വിശ്വാസിയുടെ നാവില്‍ നിന്നു പുറപ്പെടുകയില്ല. എന്നാല്‍, ആരെങ്കിലും ഇതേ പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറയുന്നുവെങ്കില്‍ ''അവനോട് ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല'' (മത്താ 12,32; ലൂക്കാ 12,10). എന്തെന്നാല്‍, ശ്ലീഹന്മാരിലൂടെ മിശിഹായ്ക്കു സാക്ഷ്യം നല്‍കുന്നതും (എഫേ 3,5) രക്തസാക്ഷികളില്‍ അചഞ്ചലമായ വിശ്വാസം വെളിപ്പെടുത്തുന്നതും നിര്‍മ്മലമായ ജീവിതങ്ങളില്‍ ചാരിത്രശുദ്ധിയെ നിറയ്ക്കുന്നതും ഇതേ അരൂപി തന്നെയാണ്. ലോകമെങ്ങുമുള്ള സഭകളിലുടനീളം കര്‍ത്താവിന്റെ പ്രബോധനങ്ങളെയും നിയമങ്ങളെയും കറയും കുറവുമില്ലാതെ സംരക്ഷിക്കുന്നതും പാഷണ്ഡകരെ നശിപ്പിക്കുന്നതും തെറ്റിലുള്‍പ്പെട്ടവരെ തിരുത്തുന്നതും അവിശ്വാസികളെ ശാസിക്കുന്നതും വഞ്ചകരെ തുറന്നുകാട്ടുന്നതും ദുഷ്ടരെ അവരുടെ മാര്‍ഗങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതും ഇതേ അരൂപിതന്നെയാണ് (2 കോറി 11,12) (The Trinity 29). ➤ #{red->none->b-> നസിയാന്‍സിലെ ഗ്രിഗറി: }# പരിശുദ്ധാരൂപി നമ്മെ വിശുദ്ധീകരിക്കുന്നു, പങ്കാളികളാക്കുന്നു, നിറയ്ക്കുന്നു, നിലനിര്‍ത്തുന്നു. നമ്മള്‍ അവനില്‍ പങ്കുപറ്റുന്നു; അവന്‍ നമ്മുടേതായ ഒന്നിലും പങ്കുപററുന്നില്ല. അവന്‍ നമുക്ക് അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന ''ദൈവത്തിന്റെ വിരലാണ്'' (ലൂക്കാ 11,20). അരൂപി ''അഗ്നി''യാണ് (നടപടി 2,3). ദൈവാരൂപി പിതാവിന്റെ അതേ സത്തയും സ്വഭാവവുമുള്ളവനാണെന്ന് ഇത് വ്യക്തമാക്കുന്നു. നമ്മെ സൃഷ്ടിച്ചതും മാമ്മോദീസായിലൂടെയും ഉത്ഥാനത്തിലൂടെയും പുനഃസൃഷ്ടിക്കുന്നതും അരൂപിയാണ്. അരൂപി എല്ലാം അറിയുന്നു (റോമാ 8,26; എഫേ 3,4-5), എല്ലാം പഠിപ്പിക്കുന്നു (നെഹ 9,20; ഏശ 11,2; യോഹ 14,26). അരൂപി തനിക്കിഷ്ടമുള്ളിടത്തേക്ക,് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ളതുപോലെ ചലിക്കുന്നു (യോഹ 3,8). അവന്‍ നയിക്കുന്നു (സങ്കീ 143,10; യോഹ 16,13). സംസാരിക്കുന്നു (2 സാമു 23,2; എസെ 11,5; മത്താ 10,20; മര്‍ക്കോ 13,11; യോഹ 16,13; 1 തിമോ 4,1) അയയ്ക്കുന്നു (ഏശ 61,1; നടപടി 13,4). ഉറപ്പില്ലാത്തവരെയും പ്രലോഭിതരെയും വേര്‍തിരിക്കുകയും ചെയ്യുന്നു. അവന്‍ വെളിപ്പെടുത്തുന്നു (1 കോറി 2,10; എഫേ 3,5), നമ്മെ പ്രകാശിപ്പിക്കുന്നു (ജോയേ 2,28), ജീവദാതാവാകുന്നു, കുറിച്ചൂകൂടി കൃത്യമായിപ്പറഞ്ഞാല്‍ അവന്‍ തന്നെ പ്രകാശവും ജീവനുമാകുന്നു (ജോബ് 27,3; 34,4; സങ്കീ 104,30; ദാനി 5,14; എഫേ 2,1-10). അവന്‍ നമ്മെ തന്റെ ആലയങ്ങളാക്കുന്നു (1 കോറി 3,16), വിശുദ്ധീകരിക്കുന്നു (1 കോറി 6,11; 1 തെസ 5,23; 2 തെസ 2,13; 1 പത്രോ 1,2). നമ്മെ പൂര്‍ണ്ണരാക്കുകയും ചെയ്യുന്നു (ഏശ 11,2; 32,15). പരിശുദ്ധാരൂപി മാമ്മോദീസായ്ക്കു മുമ്പും പിമ്പും പ്രവര്‍ത്തിക്കുന്നു (മര്‍ക്കോ 1,8-10). ദൈവം ചെയ്യുന്നതെല്ലാം അരൂപി ചെയ്യുന്നു (Oration 31, On the Holy Spirit 29). ---------********* (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-28 19:01:00
Keywordsസുവിശേഷ ഭാഷ്യ
Created Date2025-06-28 19:01:52