Content | ജൂലൈ വീണ്ടും അതിന്റെ പരിശുദ്ധിയുമായി കടന്നുവരുമ്പോൾ അൽഫോൻസാമ്മ എന്ന വികാരം ഭാരത കത്തോലിക്ക സഭയിൽ പ്രത്യേകിച്ച് കേരളസഭയിൽ ഉണർത്തുന്ന ചൈതന്യം വാക്കുകൾക്കതീതമാണ്. ഈശോയിലേക്കു അടുക്കാനായി അൽഫോൻസാവെച്ച ചുവടുകളാണ് ഈ മാസത്തിലെ നമ്മുടെ ചിന്താവിഷയം.
#{blue->none->b->ഒന്നാം ചുവട്: സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക}#
"എന്‍റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും." (യാക്കോ 1 : 2-4)
സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക എന്നുപറഞ്ഞാൽ ജീവിത ദുഃഖങ്ങളും ദുരിതങ്ങളും പരീക്ഷണങ്ങളും പരാതിയോ പരിഭവമോ ഇല്ലാതെ ക്രിസ്തുവുമായുള്ള ഹൃദയഐക്യത്തിൽ ജീവിക്കുക എന്നതാണ്. അമലോത്ഭവ മാതാവിൻ്റെ വിശുദ്ധ അൽഫോൻസ അവളുടെ ജീവിതത്തിലെ സഹനങ്ങൾ ഇപ്രകാരം ജീവിച്ചവളാണ്. ചെറുപ്പം മുതൽ, അവൾ ശാരീരിക കഷ്ടപ്പാടുകളും, അപമാനവും, ഒറ്റപ്പെടലും സഹിച്ചു - എന്നിട്ടും അൽഫോൻസാമ്മ ഒരിക്കലും അവളുടെ ഹൃദയസമാധാനം നഷ്ടപ്പെടുത്തിയില്ല. സഹനങ്ങളെ ശിക്ഷയായിട്ടല്ല, മറിച്ച് ഈശോയെ കൂടുതൽ അടുത്ത് സ്നേഹിക്കാനുള്ള സുവർണ്ണ അവസരങ്ങളായിട്ടാണ് അവൾ കണ്ടത്.
സന്തോഷത്തോടെ സ്വീകരിക്കുക എന്നാൽ കഷ്ടപ്പാടുകളെ വേദനയില്ലാത്ത രീതിയിൽ സ്വീകരിച്ചു യാഥാർത്യത്തിൽ നിന്നു ഓടി അകലുക എന്നല്ല മറിച്ച്, വിശ്വാസത്തോടെ അത് സ്വീകരിക്കുകയും ദൈവത്തിനുള്ള ഒരു യാഗമായി അർപ്പിക്കുകയും അതിനു ഒരു രക്ഷാകര മൂല്യമുണ്ടെന്ന് വിശ്വസിക്കുകയുമാണ് ."ഞാൻ ഒരിക്കലും പാപം ചെയ്യുകയില്ലന്നും ഈശോ എനിക്ക് തരുന്ന ഏതൊരു കഷ്ടപ്പാടും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഞാൻ ദൈവവുമായി ഒരു ഉടമ്പടി ചെയ്തട്ടുണ്ട്'' എന്നു വിശുദ്ധ അൽഫോൻസാ പലപ്പോഴും പറയാറുണ്ടായിരുന്നു.
നമ്മുടെ കഷ്ടപ്പാടുകളെയും സഹനങ്ങളെയും ഈശോയുടെ സ്വന്തം പീഡാസഹനവുമായി സംയോജിപ്പിക്കുന്നതിലൂടെ, നാം അവന്റെ രക്ഷാകരഫലത്തിൽ പങ്കുചേരുന്നു. ഈശോയുടെ ബലിയിൽ നമ്മുടെ സഹനങ്ങൾ ഉൾച്ചേർക്കുമ്പോൾ വേദന പ്രാർത്ഥനയും ദുഃഖം കൃപയായും മാറുന്നു. കഷ്ടപ്പാടുകളിൽ സന്തോഷിക്കുക എന്നാൽ കണ്ണീരോടെ പുഞ്ചിരിക്കലല്ല, മറിച്ച് ദൈവം അടുത്തുണ്ടെന്നും, നമ്മെ ശുദ്ധീകരിക്കാനും, മറ്റുള്ളവരെ വിശുദ്ധീകരിക്കാനും, അതു വഴി സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കാനും അവൻ എല്ലാ പരീക്ഷണങ്ങളും ഉപയോഗിക്കും എന്നുള്ള വിശ്വാസമാണ്.
സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക എന്നത് സ്നേഹത്തിന്റെ ശക്തമായ ഒരു പ്രവൃത്തിയാണ്. അത് ആഴത്തിലുള്ള സമാധാനവും ശാശ്വതമായ പ്രതിഫലവും കൊണ്ടുവരുന്നു.
#{blue->none->b->പ്രാർത്ഥന }#
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും കൃപയിൽ വളരാനും സഹായിക്കണമേ. ആമ്മേൻ.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|