Content | ഈശോയുടെ അമ്മയും സഹോദരന്മാരും, വിതക്കാരന്റെ ഉപമ, ഉപമകളുടെ ഉദ്ദേശ്യം എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, റോമിലെ ക്ലെമന്റ്, വിശുദ്ധ ക്രിസോസ്‌തോം, അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ സിറില്‍, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, വിശുദ്ധ ഇരണേവൂസ്, വിശുദ്ധ അത്തനേഷ്യസ്, എവാഗ്രിയൂസ്, വിശുദ്ധ അപ്രേം എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ #{blue->none->b-> വചനഭാഗം: ഈശോയുടെ അമ്മയും സഹോദരന്മാരും - മര്‍ക്കോസ് 3:31-35 }# (മത്താ 12,46-50) (ലൂക്കാ 8,19-21).
31 അവന്റെ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. 32 ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. 33 അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? 34 ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! 35 ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
****************************************************************
➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }#
തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് തന്റെ കുടുംബാംഗങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഈശോ മറിയത്തെ ഒഴിവാക്കുകയല്ല, ഉള്‍പ്പെടുത്തുകയാണ് ചെയ്ത ത്. എന്തെന്നാല്‍ അവള്‍ അവന്റെ പിതാവിന്റെ ഹിതമാണ് നിറവേറ്റിയിരുന്നത്. ഭൗതികബന്ധത്തെക്കാള്‍ സ്വര്‍ഗീയബന്ധത്തെ അവിടുന്ന് ഉയര്‍ത്തിക്കാട്ടി. നന്ദിഹീനനാകരുത്. നിന്റെ അമ്മയോടുള്ള കൃതജ്ഞതയുടെ കടമകള്‍ നിറവേറ്റുക. ഭൗമിക നന്മകള്‍ക്കു പകരം ആത്മീയ നന്മകള്‍ കൊടുക്കുക. നശ്വരമായവയ്ക്ക് പകരം അനശ്വരമായവ തിരികെ നല്‍കുക (Letter 243, Το Laetus).
#{black->none->b-> മറിയം - അമ്മയും വിശ്വാസിനിയും }#
അവിടുന്ന് ''ജഢപ്രകാരമുള്ള ബന്ധത്തെ''ക്കാള്‍ ''അരൂപിവഴിയുള്ള ബന്ധം'' കൂടുതല്‍ വിലമതിക്കുന്നുവെന്ന് ഈ ഭാഗം തെളിയിക്കുന്നു (റോമാ 8,15; ഗലാ 4,29). അരൂപിയുടെ സാമീപ്യം വഴിയാണ് നമ്മള്‍ നീതിമാന്‍മാരോടും വിശുദ്ധരോടും ഐക്യപ്പെടുന്നതെന്നും അനുസരണവും അനുഗമിക്കലും വഴിയാണ് അവരുടെ പ്രബോധനത്തോടും ജീവിതചര്യയോടും നമ്മള്‍ ഒട്ടിച്ചേരുന്നതെന്നും ഈശോ പഠിപ്പിക്കുന്നു. ശാരീരികമായി മിശിഹായെ ഗര്‍ഭംധരിച്ചതിനെക്കാള്‍ അവിടുത്തെ വിശ്വാസത്തില്‍ പങ്കുപറ്റിയതാണ് മറിയത്തെ കൂടുതല്‍ സൗഭാഗ്യവതിയാക്കുന്നത്. എന്തെന്നാല്‍ ''നിന്നെ വഹിച്ച ഉദരം ഭാഗ്യപ്പെട്ടത്'' എന്നു പറഞ്ഞവളോട് ''ദൈവവചനം കേട്ടുപാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' (ലൂക്കാ 11,27-28) എന്നാണല്ലോ ഈശോതന്നെ പറഞ്ഞത്. ഈശോയുടെ ജഡപ്രകാരമുള്ള സഹോദരര്‍ അവനില്‍ വിശ്വസിക്കാതിരുന്നപ്പോള്‍ (യോഹ 7,4) അവര്‍ക്ക് ആ ബന്ധത്തില്‍നിന്ന് എന്തെങ്കിലും സൗഭാഗ്യം കിട്ടിയെന്നു തോന്നുന്നില്ല. മറിയം തന്നെയും മിശിഹായെ ഹൃദയത്തില്‍ സംവഹിച്ചിരുന്നില്ലെങ്കില്‍ അമ്മയെന്ന നിലയിലുള്ള സാമീപ്യം അവളുടെ രക്ഷയ്ക്ക് ഉതകുമായിരുന്നില്ല (മത്താ 3,8-10; ലൂക്കാ 11,27-28; റോമാ 9,1-8) (On Virginity 3).
#{black->none->b-> മറിയത്തിന്റെ സൗഭാഗ്യത്തിന്റെ അടിസ്ഥാനം }#
ആഗസ്തീനോസ്: മറിയം പിതാവിന്റെ ഹിതം പ്രവര്‍ത്തിച്ചു. അവളിലെ ഈ സവിശേഷതയെയാണ് ഈശോ പ്രകീര്‍ത്തിച്ചത്. ഒരര്‍ത്ഥത്തില്‍ അവിടുന്ന് ഇപ്രകാരം പറയുന്നതിനു തുല്യമാണിത:് ''നിങ്ങള്‍ ഭാഗ്യവതി എന്നു വിളിക്കുന്ന എന്റെ അമ്മ ഭാഗ്യവതിയായത് അവള്‍ ദൈവവചനം പാലിച്ചതുകൊണ്ടാണ്: അല്ലാതെ വചനം അവളില്‍ മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ചതുകൊണ്ടല്ല'' (യോഹ 1,14). ഏതു വചനത്താല്‍ താന്‍ സൃഷ്ടിക്കപ്പെട്ടോ, ഏതു വചനം തന്നില്‍ മാംസമെടുത്തുവോ ആ വചനം പാലിച്ചതുകൊണ്ടാണ് അവള്‍ സൗഭാഗ്യവതിയായത് (Tractates on John 10.3.2).
➤ #{red->none->b-> ക്ലെമന്റിന്റെ പേരിലുള്ള കൃതി: }#
അവിടുന്ന് നമ്മെ പുത്രരായി സ്വീകരിക്കത്തക്കവിധം അധരംകൊണ്ടും ഹൃദയംകൊണ്ടും അവിടുത്തെ സ്തുതിക്കാം. കര്‍ത്താവ് പറഞ്ഞു: ''എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ സഹോദരര്‍'' (മത്താ 12,50; ലൂക്കാ 8,21). നമ്മെ വിളിച്ച പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ഈ ഭവനത്തില്‍ നമുക്ക് സമാധാനത്തോടെ നിവസിക്കാം. ഇവിടുത്തെ നമ്മുടെ ഏകവ്യഗ്രത പുണ്യത്തെ പിന്തുടരുക മാത്രമായിരിക്കട്ടെ (2 Clement 9.10-10.1).
----------------------------------------------------------------------------------------------
♦️ #{blue->none->b-> വചനഭാഗം: വിതക്കാരന്റെ ഉപമ - മര്‍ക്കോസ് 4:1-9 }# (മത്താ 13,1-9) (ലൂക്കാ 8,4-8)
1 കടല്‍ത്തീരത്തുവച്ച് ഈശോ വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. 2 അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. 3 അവരെ ഉപദേശിച്ചുകൊണ്ട് അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. 4 വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു. 5 മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാ തിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. 6 സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7 വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. 8 ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. 9 അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
****************************************************************
➤ #{red->none->b-> ഒരിജന്‍: }#
ഉപമകളെക്കുറിച്ച് ഒരു പൊതു വിചിന്തനമേ സാധ്യമാകൂ. ഇവയുടെ അതീവ വിശാലമായ വ്യാഖ്യാനം സുവിശേഷകന്മാര്‍ നല്‍കിയിട്ടില്ല. ഈശോ ശിഷ്യന്മാര്‍ക്ക് ഉപമകള്‍ രഹസ്യത്തില്‍ വിശദീകരിച്ചുകൊടുത്തിരുന്നു (മര്‍ക്കോ 4,34). അവ വാക്കുകള്‍കൊണ്ടു വെളിപ്പെടുത്താവുന്നതിനുമപ്പുറമായതിനാലാണ് സുവിശേഷകര്‍ വിശദമായി രേഖപ്പെടുത്താത്തത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ലോകത്തിനുതന്നെ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമായിരുന്നു. എന്നാല്‍ ഒരുക്കമുള്ള ഒരു ഹൃദയത്തിന് അവയെ കുറച്ചൊക്കെ ഗ്രഹിക്കാന്‍ കഴിഞ്ഞേക്കാം. ഉദ്ദേശ്യശുദ്ധി ഉപമകളെ കൂടുതല്‍ മെച്ചമായി വിവേചിച്ചറിയാന്‍ പ്രാപ്തി നല്‍കുകയും അവ ജീവിക്കുന്ന ദൈവത്തിന്റെ അരൂപിയാല്‍ ഹൃദയത്തില്‍ എഴുതപ്പെടുകയും ചെയ്യുന്നു (2 കോറി 3,3). ഇത്തരുണത്തില്‍, നമ്മള്‍ ഉപമകളെ വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ അത് ദൈവനിന്ദയാണെന്നും രഹസ്യവും നിഗൂഢവുമായതിനെ വിശദീകരിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ചിലര്‍ വാദിച്ചേക്കാം. ഉപമകളെക്കുറിച്ച് സാമാന്യം യുക്തിസഹമായ വിശദീകരണം നമുക്കുണ്ടെങ്കില്‍പ്പോലും ആരോപണമുയര്‍ന്നേക്കാം. നമ്മെ സംബന്ധിച്ചിടത്തോളം ഉപമകള്‍വഴി സൂചിപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങാന്‍ നമുക്ക് കഴിവില്ലെന്നു തുറന്നു സമ്മതിക്കുന്നു. ഏറെ പഠിച്ചിട്ടും പരിശോധിച്ചിട്ടും തുച്ഛമായ അറിവുമാത്രം ലഭിച്ചിട്ടുള്ള കാര്യങ്ങളെപ്പറ്റി എഴുതാനും തുനിയുന്നില്ല. എങ്കിലും വായനക്കാരന്റെയും നമ്മുടെതന്നെയും ചിന്താശേഷിയെ ആദരിച്ച് ഏതാനും അടിസ്ഥാന വസ്തുതകള്‍ എഴുതുന്നതില്‍ സാധുതയുണ്ട്. (Commentary on Matthew 14.12).
➤ #{red->none->b->റോമിലെ ക്ലെമന്റ്: }#
വരാനിരിക്കുന്ന ഉത്ഥാനത്തെക്കുറിച്ച് കര്‍ത്താവ് പലപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പുവഴി അവിടുന്നുതന്നെ ഉത്ഥാനത്തിന്റെ ആദ്യഫലമായി (1 പത്രോ 1,13). ഉത്ഥാനത്തിന്റെ സാദൃശ്യങ്ങള്‍ പ്രകൃതിയില്‍ അരങ്ങേറുന്നത് നമുക്ക് കാണാന്‍ കഴിയും. പകലിനെയും രാത്രിയെയും പരിഗണിക്കുക. രാത്രി വീണുറങ്ങുന്നു; പകല്‍ ഉദിച്ചുയരുന്നു. പകല്‍ വിടവാങ്ങുന്നു; രാത്രി മടങ്ങിയെത്തുന്നു. വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. വിതക്കാരന്‍ വിതയ്ക്കിറങ്ങി വിത്തുകളെ മണ്ണില്‍ പതിപ്പിക്കുന്നു (മത്താ 13,3-9; മര്‍ക്കോ 4,3-9; ലൂക്കാ 5,5-8). തുറസ്സായ സ്ഥലത്ത് വീണ് അവ അഴുകുന്നു. ആ അഴുകലില്‍നിന്ന് ദൈവത്തിന്റെ ശക്തി അവയെ ഉയിര്‍പ്പിക്കുന്നു. ഒരു വിത്തില്‍നിന്ന് പല തണ്ടുകള്‍ ഉയര്‍ന്ന് ഫലം പുറപ്പെടുവിക്കുന്നു.
കിഴക്ക്, അറേബ്യയായുടെ സമീപദേശങ്ങളില്‍ ഉള്ളതായി പറയപ്പെടുന്ന ഫീനിക്‌സ് എന്ന പക്ഷിയുടെ വൃത്താന്തമാകട്ടെ കൂടുതല്‍ നാടകീയത മുറ്റിയതാണ്. അഞ്ഞൂറു വര്‍ഷത്തോളം ആയുസ്സുള്ള വിചിത്രമായ ഒരു പക്ഷിയാണത്രേ ഇത്. അന്ത്യവിനാഴിക അടുക്കുന്തോറും ഇത് മീറയും കുന്തുരുക്കവും മറ്റ് പരിമളദ്രവ്യങ്ങളും ചേര്‍ത്ത് മൃതപേടകസമാനമായ ഒരു കൂടു നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു. മരണവിനാഴികയില്‍ പക്ഷി കൂട്ടില്‍ പ്രവേശിച്ച് മൃതിയെ വരവേല്ക്കുന്നു. എന്നാല്‍ മാംസം അഴുകിത്തുടങ്ങുമ്പോള്‍ അതില്‍നിന്ന് ഒരു പുഴു പുറത്തുവരുന്നു. പക്ഷിയുടെ മൃതശരീരത്തെ ഉപജീവിച്ച് വളരുന്ന ഈ ജീവിക്ക് വൈകാതെ ചിറകു മുളയ്ക്കുന്നു. കരുത്താര്‍ജ്ജിക്കുന്നതോടെ അസ്ഥികള്‍ മാത്രം ശേഷിച്ച കൂടുമായി അത് അറേബിയായില്‍നിന്ന് ഈജിപ്തിലേക്കു പറക്കുന്നു.
അവിടെ ഹെലിയോപോളിസ് എന്ന നഗരത്തില്‍, പകല്‍ വെളിച്ചത്തില്‍ എല്ലാവരും കാണ്‍കെ സൂര്യദേവന്റെ ബലിപീഠത്തിനു സമീപം കൂട് നിക്ഷേപിക്കുന്നു. എന്നിട്ട് അത് തിരികെപ്പറക്കുന്നു. അഞ്ഞൂറു വര്‍ഷത്തിലൊരിക്കലാണിതു സംഭവിക്കുന്നതെന്ന് അവിടുത്തെ രേഖകള്‍ പരിശോധിക്കുന്ന പുരോഹിതര്‍ പറയുന്നു. പ്രകൃതിയില്‍ ഇത്രയേറെ സൂചനകളുള്ള സ്ഥിതിക്ക് പ്രപഞ്ചസ്രഷ്ടാവും നാഥനുമായവന്‍ തന്നെ നിര്‍മ്മലതയോടെ ശുശ്രൂഷിക്കുന്നവര്‍ക്ക് ഉയിര്‍പ്പിലുള്ള നല്ല പ്രത്യാശ നല്‍കുന്നതില്‍ എന്തിന് വിസ്മയിക്കണം (ലൂക്കാ 14,14; യോഹ 5,29) (1 Clement 24:1-26.1).
➤ #{red->none->b->വിശുദ്ധ ക്രിസോസ്‌തോം: }# സര്‍വ്വ വ്യാപിയായിരിക്കുന്ന ദൈവം എങ്ങോട്ടാണ് ''പുറപ്പെട്ടത്''?. അവിടുന്ന് ഒരു സ്ഥലത്തേക്കല്ല, ഒരു ജീവിതത്തിലേക്കും ചരിത്രത്തിലെ രക്ഷാകര്‍മ്മത്തിലേക്കുമാണ് പുറപ്പെട്ടത്. അതുവഴി നമ്മുടെ മാംസം ധരിച്ചുകൊണ്ട് നമ്മോട് സമീപസ്ഥനാകുകയും നമ്മെ രക്ഷിക്കുകയും ചെയ്തു. നമ്മുടെ പാപങ്ങള്‍ നിമിത്തം വാതിലടയ്ക്കപ്പെട്ടിരുന്നു; നമുക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ട് അവിടുന്ന് പുറത്തേക്കു വന്നു. അവിടുന്ന് നിലം ഉഴുതുമറിച്ച് കരുണയുടെ വചനം വിതയ്ക്കാന്‍ വന്നു. ഇവിടെ കര്‍ത്താവ് തന്റെ പ്രബോധനത്തെ വചനമായും മനുഷ്യഹൃദയങ്ങളെ ഉഴുതൊരുക്കപ്പെട്ട വയലാ യും തന്നെത്തന്നെ വിതക്കാരനായും ചിത്രീകരിക്കുന്നു (On Temperance).
#{black->none->b-> തിരിച്ചുവ്യത്യാസമില്ലാതെ വിതയ്ക്കുന്നു }#
വിതക്കാരന്‍ തന്റെ വയലിലെങ്ങും തിരിച്ചുവ്യത്യാസമില്ലാതെ കൈതുറന്ന് വിത്തെറിയുന്നതുപോലെ ദൈവം തന്റെ ദാനങ്ങള്‍ ധനികനെന്നോ ദരിദ്രനെന്നോ ജ്ഞാനിയെന്നോ മൂഢനെന്നോ അലസനെന്നോ പരിശ്രമശാലിയെന്നോ ധീരനെന്നോ ഭീരുവെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും വര്‍ഷിക്കുന്നു. അവിടുന്ന് എല്ലാവരെയും കണക്കിലെടുക്കുകയും തന്റെ ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എന്നിട്ടും കുറെ വിത്തുകള്‍ നിഷ്ഫലമായിപ്പോയി. അത് വിതക്കാരന്റെ ന്യൂനതയല്ല; നിലത്തിന്റെ കുഴപ്പമാണ് - അതായത് വചനം ശ്രവിക്കാന്‍ കൂട്ടാക്കാത്ത ആത്മാവിന്റെ ന്യൂനതയാണ്.
പച്ചപിടിച്ചവയെക്കാള്‍ കൂടുതല്‍ വിത്തുകള്‍ പാഴായിപ്പോയാലും ശിഷ്യന്മാര്‍ നിരാശരാകേണ്ട. കുറെയേറെ വിത്തുകള്‍ നശിച്ചുപോയേക്കുമെന്നറിയാമെങ്കിലും ഇടമുറിയാതെ വിതച്ചുകൊണ്ടിരിക്കുക എന്നത് കര്‍ത്താവിന്റെ രീതിയാണ്. എന്നാല്‍ പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വഴിയരികിലും വിതയ്ക്കുന്നത് ഭോഷത്തമല്ലേയെന്ന് ചിലര്‍ ചോദിച്ചേക്കാം. പാറ പാറയായും മുള്‍ച്ചെടി മുള്‍ച്ചെടിയാ യും വഴിയോരം വഴിയോരമായും തന്നെ തുടരുകയില്ലേയെന്ന ന്യായവുമുയര്‍ത്തിയേക്കാം. മുമ്പു സൂചിപ്പിച്ചവയെ സംബന്ധിച്ച് ഇതു ശരിതന്നെ. എങ്കിലും സ്വതന്ത്രമായ ഇച്ഛയും ചിന്താശേഷിയുമുള്ളവയെ (മനുഷ്യരെ) സംബന്ധിച്ച് ഇത് തിരിച്ചാണ്.
ശിലാഹൃദയം ഇളക്കിമറിക്കപ്പെടാം. പാതയോരം പോലുള്ള മനസ്സ് ചവിട്ടിമെതിക്കപ്പെടുന്നതില്‍നിന്നു സംരക്ഷിക്കപ്പെട്ടേക്കാം. മുള്ളുകള്‍ നീക്കം ചെയ്യപ്പെടുകയും വിത്തുകള്‍ വളര്‍ച്ച വീണ്ടെടുക്കുകയും ചെയ്‌തേക്കാം. ഇവയൊന്നും സാധ്യമല്ലായിരുന്നെങ്കില്‍ വിതക്കാരന്‍ അവിടെ വിതയ്ക്കുമായിരുന്നില്ല. ഇനിയും, ആത്മാവില്‍ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും അത് വിതക്കാരന്റെ കുറ്റമായിരിക്കുകയില്ല; മാനസാന്തരമാഗ്രഹിക്കാത്തവരുടെ ന്യൂനതയായിരിക്കും. വിതക്കാരന്‍ തന്റെ ഭാഗം നിര്‍വഹിച്ചിരിക്കുന്നു (The Gospel of St.Matthew, Homily 44.5.1).
#{black->none->b-> ദുഷിച്ച ഇച്ഛയാകുന്ന വേരുകള്‍}#
ധാന്യച്ചെടിയുടെ ഇളംതണ്ടുകള്‍ വാടുന്നതിനു കാരണം ചൂടല്ല. ''അവ യ്ക്കു വേരുകളില്ലാത്തതിനാല്‍'' (മത്താ 13,6; മര്‍ക്കോ 4,6) എന്നാണല്ലോ അവിടുന്നു പറഞ്ഞത്. മിശിഹായുടെ പ്രബോധനം നമ്മില്‍ വളര്‍ച്ച മുരടിച്ച് പോകുന്നെങ്കില്‍ അതിനു കാരണം മുള്ളുകളല്ല, നമ്മള്‍തന്നെയാണ്. ഒരുവന് മനസുണ്ടെങ്കില്‍ ഈ മുള്ളുകളുടെ വളര്‍ച്ചയെ തടയാനും അവനവന്റെ വിഭവങ്ങള്‍ ഉചിതമായ വിധത്തില്‍ ഉപയോഗിക്കാനും കഴിയും. ഇക്കാരണത്താലാണ് ''ലോകം'' എന്നു പറയാതെ ''ലോകത്തോടുള്ള വ്യഗ്രത'' എന്നും ''ധനം'' എന്നും അവിടുന്ന് പറയുന്നത്. സൃഷ്ടവസ്തുക്കളെ കുറ്റപ്പെടുത്തേണ്ട; വഴിപിഴച്ച ഇച്ഛയെ പഴിക്കുവിന്‍ (On Temperance).
#{black->none->b-> വാടിപ്പോയതിനു കാരണം}#
നാശത്തിന് സാരവത്തായ പല കാരണങ്ങളുണ്ട്. ചിലര്‍ വഴിയരുകില്‍ വീണ വിത്തുപോലെ നിസ്സംഗരും അശ്രദ്ധരും ആലസ്യം ബാധിച്ചവരുമാണ്. മറ്റുചിലര്‍ പാറമേല്‍ വീണ വിത്തുപോലെ, ദൗര്‍ബല്യങ്ങള്‍ മൂലം പരാജയപ്പെട്ടുപോകുന്നവരാണ് (The Gospel of St.Matthew, Homily 44.5).
#{black->none->b-> സ്വീകരിക്കാനുള്ള സന്നദ്ധത}#
എന്തുകൊണ്ടാണ് നിലങ്ങള്‍ നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിച്ചത്? ഓരോ നിലത്തിന്റെയും സ്വീകരിക്കാനുള്ള സന്നദ്ധതയിലുള്ള വ്യത്യാസമാണ് കാരണം. കൃഷിക്കാരന്റെയോ വിത്തിന്റെയോ ന്യൂനതകളല്ല (ഠവല ഏീുെലഹ ീള ട.േങമേേവലം, ഒീാശഹ്യ 44.6).
#{black->none->b-> സ്വീകരിക്കാനുള്ള സന്നദ്ധത}#
എന്തുകൊണ്ടാണ് നിലങ്ങള്‍ നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിച്ചത്? ഓരോ നിലത്തിന്റെയും സ്വീകരിക്കാനുള്ള സന്നദ്ധതയിലുള്ള വ്യത്യാസമാണ് കാരണം. കൃഷിക്കാരന്റെയോ വിത്തിന്റെയോ ന്യൂനതകളല്ല (The Gospel of St.Matthew, Homily 44.6).
➤ #{red->none->b->ഹെര്‍മാസിന്റെ ഇടയന്‍: }#
മുള്‍ച്ചെടികള്‍ ധനികരും മുള്ളുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ മുഴുകിക്കഴിയുന്നവരുമാണ്. ദൈവത്തിന്റെ ശുശ്രൂഷകരുടെ ഗണത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുക അവര്‍ക്ക് എളുപ്പമല്ല. സാമ്പത്തിക വ്യാമോഹങ്ങളില്‍പ്പെട്ട് അവര്‍ ഉഴറിനടക്കുകയും വീര്‍പ്പുമുട്ടുകയും ചെയ്യുന്നു (1 തിമോ 6:9). ദൈവത്തിന്റെ ശുശ്രൂഷകരുടെ ഗണത്തില്‍ ധനികര്‍ ചേര്‍ന്നുനില്‍ക്കുന്നത് നന്നേ ക്ലേശിച്ചാണ്. ആരെങ്കിലും തങ്ങളോട് സഹായം ചോദിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് ദുഷ്‌ക്കരമായിരിക്കും. മുള്‍ച്ചെടികള്‍ക്കിടയിലൂടെ നിഷ്പാദുകനായി നടന്നുനീങ്ങുക എത്ര ക്ലേശകരമായിരിക്കുമോ അത്ര ദുഷ്‌ക്കരമായിരിക്കും ഇവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതും (മത്താ 19,23-24; മര്‍ക്കോ 10,23-25; ലൂക്കാ 18,25) (The Shepherd of Hermas 3.9.20).
➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറില്‍: }#
ദുരന്തത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴികള്‍ മൂന്നു വീതമാണ്. വഴിയരികില്‍ വീണ വിത്തിനെ പക്ഷികള്‍ തിന്നുകളഞ്ഞു. പാറമേല്‍ വീണത് പെട്ടെന്ന് നശിച്ചുപോയി. മുള്ളുകള്‍ക്കിടയില്‍ വീണത് ഞെരുക്കപ്പെട്ടില്ലാതായി. നല്ല നിലത്തുവീണ വിത്ത് മൂന്നു വിധത്തിലാണ് ഫലം പുറപ്പെടുവിച്ചത് - നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും. ജ്ഞാനിയായ പൗലോസ് എഴുതുന്നു: ''ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്ന് വിഭിന്ന ദാനങ്ങളാണ് ലഭിക്കുന്നത്. ഒരുവന് ഒരു ദാനം, വേറൊരുവന് മറ്റൊന്ന്'' (1 കോറി 7,7). വിശുദ്ധരുടെ നന്മപ്രവൃത്തികള്‍ക്ക് വ്യത്യസ്ത നിലവാരങ്ങളുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള പ്രവൃത്തികളില്‍നിന്ന് ഉന്നതനിലവാരത്തിലുള്ള പ്രവൃത്തിയിലേക്ക് ഉയരുന്നതിന് ശ്രമിക്കാന്‍ ഇതുവഴി സാധിക്കും. മിശിഹാ നമുക്ക് ഉദാരമായ പ്രതിഫലമേകുകയും ചെയ്യും. അവിടുത്തേക്ക് പിതാവിനോടും പുത്രനോടുമൊപ്പം എന്നേക്കും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ ആമ്മേന്‍ (Commentary on the Gospel of Luke 8.5.9).
----------------------------------------------------------------------------------------------
♦️ #{blue->none->b-> വചനഭാഗം: ഉപമകളുടെ ഉദ്ദേശ്യം - മര്‍ക്കോസ് 4:10-20 }# (മത്താ 13,10-23) (ലൂക്കാ 8,9-15)
10 അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. 11 അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. 12 അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. 13 അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും? 14 വിതക്കാരന്‍ വചനം വിതയ്ക്കുന്നു. ചിലര്‍ വചനം ശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, 15 അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. 16 ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. 17 വേരില്ലാത്തതിനാല്‍, അവ അല്പസമയത്തേ ക്കുമാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. 18 മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു. 19 എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. 20 നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
****************************************************************
➤ #{red->none->b->ക്രിസോസ്‌തോം: }#
അവന്‍ ഉപമകള്‍വഴി സംസാരിച്ചത് തന്റെ പ്രഭാഷണം വ്യക്തതയുള്ളതാക്കുന്നതിനും അവയെക്കുറിച്ച് അവരില്‍ ഓര്‍മ്മ ആഴപ്പെടുത്തുന്നതിനും പ്രവാചകന്മാര്‍ ചെയ്തിരുന്നതുപോലെ അവരുടെ കണ്‍മുമ്പിലുള്ള കാര്യങ്ങള്‍ കാഴ്ചയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു (The Gospel of St.Matthew, Homily 44.3).
#{black->none->b-> തിരുലിഖിതങ്ങള്‍ തമ്മിലുള്ള ഘടനാബന്ധം}#
ഒരു വൈദ്യശാസ്ത്രകാരന്‍ ഒരു ജീവിയുടെ ഏതെങ്കിലും വശത്തില്‍നിന്ന് ചെറിയൊരു ഭാഗം മുറിച്ചെടുക്കുന്നത് സങ്കല്‍പ്പിക്കുക - എടുത്ത ഭാഗം എത്ര ചെറുതായിരുന്നാലും അതില്‍ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ എല്ലാറ്റിന്റെയും അംശങ്ങള്‍ കാണാന്‍ കഴിയും - നാഡികള്‍, സിരകള്‍, അസ്ഥികള്‍, ധമനികള്‍, രക്തം തുടങ്ങി എല്ലാം. ചുരുക്കിപ്പറഞ്ഞാല്‍ മുഴുവന്‍ ശരീരത്തിന്റെയും ഒരു ചെറുമാതൃക അല്ലെങ്കില്‍ നേര്‍ പരിഛേദം നമുക്ക് ലഭിക്കുന്നു. ഇതുപോലെയാണ് തിരുലിഖിതങ്ങള്‍ക്കു തമ്മിലുള്ള ഘടനാപരമായ ഐക്യവും. എഴുതപ്പെട്ടിരിക്കുന്ന ഓരോ ഭാഗത്തും മറ്റു ഭാഗങ്ങളോടുള്ള ജൈവബന്ധം പ്രകടമാണ് (The Gospel of St.Matthew, Homily 1.8).
#{black->none->b-> ധനം വചനത്തെ ഞെരുക്കുന്നു}#
വചനം ഞെരുക്കപ്പെടുന്നതു മുള്ളുകള്‍കൊണ്ടു മാത്രമല്ല, വചനത്തെ വളരാന്‍ അനുവദിക്കാത്തവര്‍ പുലര്‍ത്തുന്ന അവഗണന കൊണ്ടുകൂടിയാണ്. തിന്മയുടെ വളര്‍ച്ചയെ തടയാനും ധനം ഉചിതമായി ഉപയോഗിക്കാനും മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്. അതിനാല്‍ ''ലോകം'' എന്നല്ല, ''ലോകത്തെക്കുറിച്ചുള്ള വ്യഗ്രത'' എന്നും ''ധനം'' എന്നല്ല ''ധനാസക്തി'' എന്നുമാണ് ഈശോ മുന്നറിയിപ്പു നല്‍കാനായി ഉപയോഗിച്ച പദങ്ങള്‍. വസ്തുക്കളെ കുറ്റപ്പെടുത്തേണ്ട; നമ്മുടെ വഴിപിഴച്ച മനസ്സിനാണു പ്രശ്‌നം. ധനികനായിരിക്കെത്തന്നെ അതിനാല്‍ വഞ്ചിക്കപ്പെടാതിരിക്കുക സാധ്യമാണ്. ലോകത്തിലായിരിക്കെത്തന്നെ അതിനോടുള്ള വ്യഗ്രതയാല്‍ ഞെരുക്കപ്പെടാതിരിക്കാനും കഴിയും. ധനത്തിന് പരസ്പരവിരുദ്ധമായ രണ്ടു ദോഷങ്ങളുണ്ട്; ഒന്ന് അവയെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണ്.
അതാകട്ടെ, നമ്മുടെമേല്‍ ഇരുട്ടു വീഴ്ത്തുകയും നമ്മെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. രണ്ടാമത്തേത് സുഖലോലുപതയാണ്. അത് നമ്മെ ആലസ്യത്തില്‍ തള്ളിയിടുന്നു. ധനാഡംബരങ്ങളെ ''മുള്ളുകള്‍'' എന്ന് കര്‍ത്താവ് വിളിച്ചതില്‍ വിസ്മയിക്കാനില്ല. നിങ്ങള്‍ ഇന്ദ്രിയ ലഹരിക്കടിമപ്പെട്ടവനാണെങ്കില്‍ ഇതിന്റെ സാരാംശം മനസ്സിലായിക്കൊള്ളണമെന്നില്ല. ആഡംബരങ്ങള്‍ ഏതു മുള്ളിനേക്കാളും മുനയുള്ളവയാണെന്ന് മനസ്സിലാക്കുന്നവന്‍ ആരോഗ്യകരമായ അവസ്ഥയിലാണ്.
ഉത്ക്കണ്ഠയേക്കാള്‍ ഭീകരമായി ആഡംബരം ആത്മാവിനെ കാര്‍ന്നുകളയുന്നു. ആത്മാവിനും ശരീരത്തിനും അതിതീവ്രമായ വേദന സൃഷ്ടിക്കുന്നു. അനിയന്ത്രിതമായി ആഡംബരത്തില്‍ മുഴുകുന്നത് വരുത്തിവയ്ക്കുന്നിടത്തോളം ഉപദ്രവം ഉത്ക്കണ്ഠയാല്‍ സൃഷ്ടിക്കപ്പെടുന്നില്ല. അത് അകാലവാര്‍ദ്ധക്യം, ഇന്ദ്രിയങ്ങളുടെ മന്ദത, ബുദ്ധിയുടെ ഇരുളിമ, ഉള്‍ക്കാഴ്ച നഷ്ടപ്പെടല്‍ എന്നിവ കൊണ്ടുവരുകയും അങ്ങനെ ശരീരം ചീര്‍ത്തുതൂങ്ങുകയും ചെയ്യുന്നു (The Gospel of St. Matthew, Homiliy 44.72).
➤ #{red->none->b->ഒരിജന്‍: }#
ചില രോഗങ്ങള്‍ പെട്ടെന്നോ ഉപരിപ്ലവമായി മാത്രമോ സുഖപ്പെടുന്നത് അത്രതന്നെ ആശ്വാസമായിരിക്കില്ല: പ്രത്യേകിച്ച് ഇതുവഴി രോഗം ഉള്‍വലിയുകയും ആന്തരാവയവങ്ങളെ രൂക്ഷമായി ഗ്രസിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍. അതിനാല്‍ രഹസ്യങ്ങള്‍ ഗ്രഹിക്കുന്നവനും എല്ലാക്കാര്യങ്ങളും ആവിര്‍ഭവിക്കുന്നതിനു മുമ്പേതന്നെ അറിയുന്നവനുമായ ദൈവം തന്റെ അനന്ത നന്മയില്‍ ഇത്തരം രോഗികളുടെ സൗഖ്യം വൈകിപ്പിക്കുകയും ചെയ്യും. സുഖപ്പെടുത്താതിരിക്കുന്നതിലൂടെ ദൈവം അവരെ സുഖപ്പെടുത്തുന്നു എന്നു പറയാം. ഇവരെയാണ് ''മറ്റുള്ളവര്‍'' അഥവാ ''പുറമേയുള്ളവര്‍'' എന്നു പറഞ്ഞപ്പോള്‍ കര്‍ത്താവ് ഉദ്ദേശിച്ചത്.
അവരുടെ ഹൃദയവിചാരങ്ങളും വികാരങ്ങളും അവിടുന്ന് അറിയുന്നു. വിശ്വാസത്തിന്റെ ആഴമേറിയ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധരല്ലാത്തവരില്‍നിന്ന് ഈശോ അവ ഉപമകളില്‍ മറച്ചുവച്ചു. കേള്‍ക്കാന്‍ സന്നദ്ധരും പ്രാപ്തരുമല്ലാത്തവര്‍ക്ക് അതിവേഗത്തിലുള്ളതും തൊലിപ്പുറമേയുള്ളതുമായ സൗഖ്യം മാത്രം നല്‍കാന്‍ അവിടുന്ന് അഭിലഷിച്ചില്ല. വളരെ അനായാസേന നേടുന്ന ക്ഷമ ഉടന്‍തന്നെ അവരെ വീണ്ടും പാപത്തിലേക്കു വീഴിച്ചേക്കാം. പാപത്തില്‍ വീണാലും കുഴപ്പമില്ല, ക്ഷമയും മോചനവും കൈയകലത്തിലുണ്ടല്ലോ എന്നൊരു ആലസ്യം അവരെ ബാധിച്ചേക്കാം (On First Principles 3.1.7).
➤ #{red->none->b->ആഗസ്തീനോസ്: }#
സാധാരണഗതിയില്‍, തന്റെ പ്രബോധനങ്ങള്‍ മറഞ്ഞിരിക്കണമെന്ന് ഈശോ ആഗ്രഹിച്ചിരുന്നില്ല. നാനാദിക്കുകളിലും അവ പ്രഘോഷിക്കപ്പെടണമെന്നാണ് അവിടുന്നഭിലഷിച്ചത്. ചില സാഹചര്യങ്ങളില്‍ രഹസ്യ സൂചനകളോടെ പരസ്യമായി സംസാരിക്കാന്‍ സാധിക്കും. രഹസ്യാത്മകശൈലിയില്‍ പരസ്യമായി സംസാരിക്കുക എന്നര്‍ത്ഥം. ''അവര്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല'' (മര്‍ക്കോ 4,12) എന്ന് ഈശോ പറഞ്ഞത് പരസ്യമായാണ്.
പരസ്യമായ വാക്കുകളില്‍ ചിലത് ഒരു പ്രത്യേക നിലവാരത്തിലുള്ള ശ്രോതാവിന് അഗ്രാഹ്യമാണെങ്കില്‍ അതേ വാക്കുകള്‍ മറ്റൊരു നിലവാരത്തിലുള്ള കേള്‍വിക്കാരന് സുഗ്രാഹ്യമായിരിക്കും. സത്യത്തോടെയും നീതിയോടെയും വിധിക്കുന്നവന് കുറ്റം കണ്ടെത്താനാവാത്ത വിധമായിരുന്നു, ഈശോയുടെ വാക്കുകള്‍. അവനില്‍ കുറ്റമാരോപിക്കാന്‍ എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി പലപ്പോഴും അവര്‍ അവിടുത്തോട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അവിടുത്തെ മറുപടികള്‍ അവരുടെ ഗൂഢാലോചനകളെയും ദുരാരോപണങ്ങളെയും തകര്‍ക്കുന്നവയായിരുന്നു (Tractates on John 113).
➤ #{black->none->b->നല്ല നിലങ്ങളാവുക }#
നിങ്ങളാകുന്ന നിലം ആവുംവിധം നന്നായി ഒരുക്കുക. നിങ്ങളിലെ തരിശുഭൂമി കലപ്പകൊണ്ട് ഉഴുതുമറിക്കുക. കല്ലുകള്‍ നീക്കംചെയ്യുകയും മുള്‍ച്ചെടികള്‍ പാടേ പിഴുതുകളയുകയും വേണം. ദൈവവചനത്തെ നിഷ്ഫലമാക്കുന്ന ''കഠിനഹൃദയം'' ഉള്ളവരാകാന്‍ ആഗ്രഹിക്കരുത് (സങ്കീ 85,8; സുഭാ 28,14; മര്‍ക്കോ 16,14). ദൈവസ്‌നേഹത്തിന് പ്രവേശിക്കാനോ വേരൂന്നാനോ കഴിയാത്ത ''ആഴമില്ലാത്ത മണ്ണ്'' ആകാന്‍ അഭിലഷിക്കാതിരിക്കുക. നിന്റെ നന്മയ്ക്കായി വിതയ്ക്കപ്പെടുന്ന ''നല്ല വിത്തിനെ'' ഞെരുക്കുന്ന വിധത്തില്‍ ജീവിത വ്യഗ്രതകളും ആസക്തികളും നിറഞ്ഞവനാകാതിരിക്കുക. ദൈവം വിതക്കാരനും നമ്മള്‍ നിലവുമാണ്; നല്ല നിലമായിരിക്കാന്‍ യത്‌നിക്കുക (ഏശ 1,19-20; ഹോസി 10,12; ലൂക്കാ 6,47-48) (Sermons on New Testament Lessons 73.3).
➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറിള്‍: }#
ഉപമകള്‍ വാങ്മയചിത്രങ്ങളാണ്. ഭൗതികനേത്രങ്ങള്‍കൊണ്ടല്ല, അരൂപിയുടെയും മനസ്സിന്റെയും കണ്ണുകള്‍കൊണ്ടാണ് അവ ദൃശ്യമാകുന്നത്. ഭൗമികനേത്രങ്ങള്‍ക്കു കാണാനാവാത്തവയെ ഉപമ ഉള്‍ക്കണ്ണുകള്‍ക്കു മുമ്പില്‍ കൊണ്ടുവരികയും ഇന്ദ്രിയഗോചരമായ വസ്തുക്കള്‍ക്കൊണ്ട് ബുദ്ധിയുടെ സൂക്ഷ്മമായ ഗ്രഹണപാടവത്തിനു ഭൗതിക യാഥാര്‍ത്ഥ്യമെന്നപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു (Commentary on the Gospel of Luke 8.5.4).
➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }#
ചിലപ്പോഴൊക്കെ നമ്മുടെ രക്ഷകന്‍ തന്റെ ശിഷ്യര്‍ക്ക് നിഗൂഢഭാഷണംവഴി വചനം നല്കി. പ്രവചനത്തില്‍ അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്. ''അവന്‍ ഉപമകളിലൂടെ സംസാരിക്കും; ലോകാരംഭം മുതല്‍ നിഗൂഢമായിരുന്നവ അവന്‍ വെളിപ്പെടുത്തും'' (സങ്കീ 78,2). ശക്തവും അധികാരപൂര്‍ണ്ണവുമായ ദൈവവചനം (ഹെബ്രാ 4,12) സ്വന്തം ഫലസിദ്ധിയാല്‍ത്തന്നെ അതു സ്വീകരിക്കുന്ന ഓരോരുത്തരെയും നിഗൂഢവും അദൃശ്യവുമായ വിധത്തില്‍ അതിലേക്ക് അടുപ്പിക്കുന്നു (ടൃേീാമലേശ െ5.12).
#{black->none->b-> സര്‍വ്വസംസ്‌കാരങ്ങളിലും വിതയ്ക്കപ്പെട്ടിരിക്കുന്ന വിത്ത്}#
ചില സംസ്‌കാരങ്ങള്‍ സത്യത്തിന്റെ വചനത്തെ ബുദ്ധിവഴി കുറെയൊക്കെ ഗ്രഹിച്ചിട്ടുണ്ടെന്നതു സത്യംതന്നെ. ''എന്നാല്‍ അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല; വിശ്വാസത്താലാണ്'' (റോമാ 4). അതിനാല്‍ അവര്‍ക്ക് വിശ്വാസമില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ജീവിതാന്ത്യത്തില്‍ ഉപകാരപ്പെടുകയില്ല (Stromateis 1.7).
➤ #{red->none->b->ഇരണേവൂസ്: }#
നമ്മള്‍ ഉറങ്ങുമ്പോള്‍ ശത്രുവന്ന് കളകള്‍ വിതയ്ക്കുന്നു. അതിനാലാണ് എപ്പോഴും ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന് ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. നീതിയുടെ ഫലം സജീവമായി പുറപ്പെടുവിക്കാത്തവര്‍ പെട്ടെന്ന് മണ്‍മറയപ്പെടുകയും മുള്‍ച്ചെടികള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നു. എന്നിരിക്കിലും അവര്‍ പരിശ്രമം പുലര്‍ത്തുകയും ദൈവവചനത്തെ തങ്ങളോട് ഒട്ടിച്ചുചേര്‍ക്കുകയും ചെയ്യുന്നെങ്കില്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യവംശത്തിന്റെ ആദിമപരിശുദ്ധി അവര്‍ വീണ്ടെടുക്കും (അഴമശിേെ ഒലൃലശെല െ5.10.1).
➤ #{red->none->b->അത്തനേഷ്യസ്: }#
ശ്ലീഹന്മാരുടെ വിശ്വാസം പിന്‍ചെന്നുകൊണ്ട് നമുക്ക് കര്‍ത്താവിനോട് നിതാന്ത സംസര്‍ഗ്ഗം സൂക്ഷിക്കാം. ലോകം നമുക്ക് കടലിനു സമാനമാണ്. ''കപ്പലുകള്‍ അതില്‍ പായുന്നു; അങ്ങ് സൃഷ്ടിച്ച ലെവിയാഥന്‍ അതില്‍ നീന്തിക്കളിക്കുന്നു'' (സങ്കീ 104,26) എന്ന് അതിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു. ഈ കടല്‍പ്പരപ്പില്‍ നമ്മള്‍ പൊങ്ങിക്കിടക്കുന്നു. കപ്പല്‍ കാറ്റിനാലെന്നപോലെ ഓരോരുത്തരും സ്വേച്ഛയാ അവനവന്റെ ഗതി നിയന്ത്രിക്കുന്നു. വചനമാകുന്ന നാവികന്റെ കീഴില്‍ സുരക്ഷിതമായി നമ്മള്‍ തുറമുഖത്തണയുന്നു. എന്നാല്‍ സഞ്ചാരത്തിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ടാല്‍ നമ്മള്‍ നാശത്തില്‍പ്പെടുകയും കപ്പല്‍ഛേദം നേരിടുകയും ചെയ്യും.
കടലില്‍ കൊടുങ്കാറ്റും തിരമാലകളും അടിച്ചുയരുന്നതുപോലെ ലോകത്തില്‍ യാതനകളും പ്രലോഭനങ്ങളും ഉണ്ടാകും. വിശ്വാസമില്ലാത്തവര്‍ ''തങ്ങളില്‍ത്തന്നെ വേരുകളില്ലാത്തതിനാല്‍ അല്‍പ്പസമയത്തേക്കു മാത്രം പിടിച്ചുനില്‍ക്കുകയും വചനത്തെപ്രതി ക്ലേശങ്ങളും പീഡനങ്ങളും ഉയരുമ്പോള്‍ വീണുപോവുകയും ചെയ്യുന്നു'' (മര്‍ക്കോ 4,17). അവര്‍ വിശ്വാസത്തില്‍ ഉറച്ചവരല്ലെങ്കില്‍, ഭൗതികതയില്‍ തറഞ്ഞുപോയവരാണെങ്കില്‍ ക്ലേശങ്ങളുടെ സങ്കീര്‍ണ്ണതയില്‍ പിടിച്ചുനല്‍ക്കാനാവില്ല (Letter 19.7, Easter A.D. 347).
➤ #{red->none->b->എവാഗ്രിയൂസ്: }#
ദൈവാരൂപി നിന്നില്‍ വസിക്കാനനുവദിക്കുക; അവന്‍ തന്റെ സ്‌നേഹത്തില്‍ നിന്നില്‍ വരുകയും വാസമുറപ്പിക്കുകയും ചെയ്യും. അവന്‍ നിന്നിലും നീ അവനിലും വസിക്കും (റോമാ 8,9). നിന്റെ ഹൃദയം നിര്‍മ്മലമെങ്കില്‍ നീ അവനെ കാണും. അവന്‍ നിന്നില്‍ തന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ധ്യാനത്തിന്റെയും തന്റെ ഗാംഭീര്യത്തെക്കുറിച്ചുള്ള വിസ്മയത്തിന്റെയും നല്ല വിത്തുകള്‍ വിതയ്ക്കും. നിന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്ന് അങ്ങിങ്ങു കാണപ്പെടുന്ന ആഗ്രഹങ്ങളും ദുശ്ശീലങ്ങളാകുന്ന മുള്‍ച്ചെടികളും കളകളും നീക്കം ചെയ്യുമെങ്കില്‍ ഇവ തീര്‍ച്ചയായും സംഭവിക്കും (മത്താ 13,22; ലൂക്കാ 8,14). (Admonition on Prayer ).
➤ #{red->none->b->അപ്രേം: }#
വയലുകള്‍ക്ക് ഒരേയൊരു വിളവെടുപ്പുകാലമേയുള്ളൂ; എന്നാല്‍ തിരുലിഖിതത്തില്‍നിന്ന് രക്ഷാകരസന്ദേശത്തിന്റെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ആലസ്യത്തിലാണ്ട് നിശ്ചലമായിക്കിടക്കുന്നു. വിളവെടുപ്പു കഴിഞ്ഞാല്‍ മുന്തിരിത്തണ്ടുകള്‍ നിര്‍ജീവമായി മരവിച്ചുകിടക്കുന്നു. എന്നാല്‍ തിരുലിഖിതങ്ങളില്‍നിന്ന് അനുദിനം വിളവ് ശേഖരിക്കപ്പെടുന്നു; അതിന്റെ വ്യാഖ്യാതാക്കളുടെ വത്സരം അവസാനിക്കുന്നില്ല; അവര്‍ക്ക് എന്നും വിളവെടുക്കാനുണ്ട്. തിരുലിഖിതത്തിന്റെ മുന്തിരിക്കുലകളില്‍നിന്ന് എല്ലാദിവസവും പ്രത്യാശയുടെ ഫലങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും അത് തീര്‍ന്നുപോകുന്നില്ല (Commentary on Tatian's Diatessaron, Proem).
---------********* #{black->none->b-> (....തുടരും). }#
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}}
⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}}
-- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|