Content | ഖർഗ ഒയാസിസ്: ഈജിപ്തിലെ ഖർഗ ഒയാസിസില്‍ റോമൻ കാലഘട്ടത്തില്‍ നിലനിനിന്നിരിന്ന പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളും കെട്ടിടങ്ങളും ഈജിപ്ഷ്യൻ ഗവേഷകർ കണ്ടെത്തി. ന്യൂ വാലി ഗവർണറേറ്റിലെ ഐൻ അൽ-ഖറാബിൽ നടത്തിയ ഉദ്ഖനനത്തിലാണ് ഇവ കണ്ടെത്തിയത്. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള ദേവാലയങ്ങളാണെന്നാണ് അനുമാനം. ആദ്യകാലഘട്ടത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്ക് അനേകര്‍ പരിവർത്തനം നടത്തിയിരിന്നുവെന്ന് തെളിയിക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഗവേഷകരുടെ കണ്ടെത്തല്‍. രാജ്യത്തെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ കീഴിലുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരിന്നു ഉദ്ഖനനം.
രണ്ട് പുരാതന പള്ളികൾ, ഭവനങ്ങള്‍, സെമിത്തേരികൾ, മൺപാത്രങ്ങൾ, എന്നിവയുൾപ്പെടെ നിരവധി അവശിഷ്ടങ്ങൾ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പ്രാകൃത വിശ്വാസങ്ങളില്‍ അടിമകളായവര്‍ ആദ്യകാലത്ത് തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറിയതിന്റെ ശേഷിപ്പുകളായാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നടന്ന ഉദ്ഖനനത്തില്‍ കണ്ടെത്തിയ - യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്നതായി ചിത്രീകരിക്കുന്ന അപൂർവ ചുവർചിത്രം, ക്രിസ്ത്യൻ പ്രബോധനങ്ങളെ ആദിമ വിശ്വാസികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെയും ആദ്യകാല ബൈസന്റൈൻ, ഗ്രീക്ക് ക്രിസ്ത്യൻ പാരമ്പര്യങ്ങളുടെ വിശാലമായ കലാപരമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
രണ്ട് പള്ളികളിൽ ആദ്യത്തേതു ബസിലിക്ക ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ കൽ അടിത്തറകൾ, മധ്യ ഹാൾ, ചതുരാകൃതിയിലുള്ള തൂണുകൾ പിന്തുണയ്ക്കുന്ന രണ്ട് വശങ്ങളിലെ ഇടനാഴികൾ എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തെ പള്ളി ചെറുതും ചതുരാകൃതിയിലുള്ളതുമാണ്. ഉൾഭാഗത്തെ ചുവരുകളുടെ ഭാഗങ്ങളിൽ ഇപ്പോഴും കോപ്റ്റിക് ലിഖിതങ്ങൾ ഉണ്ട്, ഈജിപ്തിന്റെ ആദ്യകാല ക്രിസ്ത്യൻ കാലഘട്ടത്തിലെ പ്രാധാന്യം സ്ഥിരീകരിക്കുന്നതാണ് ലിഖിതം. ഈജിപ്തിന്റെ വിശ്വാസ ചരിത്രത്തിന്റെ സമ്പന്നതയുടെ "ശ്രദ്ധേയമായ സാക്ഷ്യം" എന്നാണ് ഉദ്ഖനനത്തെ ടൂറിസം പുരാവസ്തു മന്ത്രി ഷെരീഫ് ഫാത്തി വിശേഷിപ്പിച്ചത്.
|