| Content | വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പും അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗവുമായ ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ജീവകാരുണ്യ സേവന ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2022 മുതൽ ഓഫീസിന് നേതൃത്വം നൽകിയ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ പിന്‍ഗാമിയായാണ് ബിഷപ്പ് ലൂയിസ് മാരിൻ സേവനം ചെയ്യുക. ലോഡ്ജിലെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിതനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ജന്മനാടായ പോളണ്ടിലേക്ക് മടങ്ങും.
1961-ൽ മാഡ്രിഡിൽ ജനിച്ച മാരിൻ ഡി സാൻ മാർട്ടിൻ മാഡ്രിഡിലെ പൊന്തിഫിക്കൽ കോമില്ലാസ് സർവകലാശാലയിൽ നിന്ന് ആത്മീയ ദൈവശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. 2021-ൽ ഫ്രാൻസിസ് മാർപാപ്പ ബിഷപ്പ് ലൂയിസ് മാരിനെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചിരിന്നു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ വത്തിക്കാനിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തി കൂടിയായിരിന്നു. അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗങ്ങളായ ലെയോ പതിനാലാമനും ബിഷപ്പ് ലൂയിസ് മാരിനും വർഷങ്ങളായി പരസ്പരം അറിയുന്നവര്‍ കൂടിയാണ്.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |