| Content | "ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?" (ലൂക്കാ 22:48).
പുതിയ നിയമത്തിൽ, ചുംബനം എന്നത് ശിഷ്യനും ഗുരുവുമായുള്ള ആഴമേറിയ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിരുന്നു. എന്നാൽ ഗെത്സെമനിയിൽ യൂദാസ് ഇത് ഒരു ആയുധമാക്കി മാറ്റി. പഴയനിയമത്തിൽ സുഭാഷിതങ്ങള്‍ 27: 6 ൽ നാം കാണുന്നു "സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത് ആത്‌മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുക മാത്രം ചെയ്യുന്നു."
യൂദാസിന്റെ ചുംബനം ഈ വചനത്തിന്റെ പൂർത്തീകരണമായി മാറുന്നു.
വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നത്, യൂദാസ് തന്റെ അധരങ്ങൾ കൊണ്ട് ഈശോയെ സ്പർശിച്ചെങ്കിലും ഹൃദയം കൊണ്ട് അവനിൽ നിന്ന് ബഹുദൂരം അകലെയായിരുന്നു എന്നാണ്. വിശുദ്ധ ആഗസ്തിനോസിൻ്റെ അഭിപ്രായത്തിൽ, "യൂദാസ് സ്നേഹത്തിന്റെ അടയാളത്തെ പാപത്തിന്റെ ഉപകരണമാക്കി മാറ്റി." ദൈവികമായ ഒന്നിനെ ലൗകിക ലാഭത്തിനായി ഉപയോഗിക്കുന്ന ഏത് പ്രവർത്തിയും ഒരു തരം 'യൂദാസ് ചുംബനം' ആണെന്ന് സഭാപിതാക്കന്മാർ മുന്നറിയിപ്പ് നൽകുന്നു.
മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നതും, സ്നേഹം നടിച്ചു വഞ്ചിക്കുന്നതും ചുംബനം കൊണ്ടുള്ള ഒറ്റിക്കൊടുക്കലിന് തുല്യമാണ് എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു. 'ആധുനിക യൂദാസുമാരെ'ന്നാണ് പിതാവ് അവരെ വിശേപ്പിച്ചത്.
കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ പഠിപ്പിക്കുന്നതുപോലെ, "ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും അയൽക്കാരനെ വെറുക്കുകയും ചെയ്യുന്നത് ഒരു വഞ്ചനയാണ്." അപരന്റെ ജീവനും അന്തസ്സിനും എതിരെ പ്രവർത്തിക്കുന്നത് ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണന്നു കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (CCC 2268-2283).
യൂദാസിന്റെ ചുംബനം ചരിത്രത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അത് നമ്മുടെ ജീവിതത്തിലും സംഭവിക്കാം- നാം സ്നേഹം അഭിനയിക്കുകയും ഹൃദയത്തിൽ വിദ്വേഷം സൂക്ഷിക്കുകയും ചെയ്യുമ്പോൾ. ഈ നോമ്പുകാലത്ത്, ചുംബനങ്ങൾ വഞ്ചനയുടേതല്ല, മറിച്ച് പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റേതുമാകട്ടെ.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|