| Content | വത്തിക്കാന്‍ സിറ്റി: ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ലെയോ പാപ്പ നടത്തുന്ന സുദീര്‍ഘമായ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. 2026-ലെ ലെയോ പാപ്പയുടെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ സന്ദര്‍ശനത്തിനാണ് ഇന്നു അള്‍ജീരിയായില്‍ തുടക്കമാകുക. അള്‍ജീരിയ കൂടാതെ കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കും ലെയോ പാപ്പ സന്ദര്‍ശനം നടത്തും. സന്ദര്‍ശനം 23 വരെ നീളും.
അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അൾജീരിയയിലേക്ക് ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക യാത്രയാണ് ഇത്തവണ ലെയോ പതിനാലാമൻ പാപ്പ നടത്തുന്നതെന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്.
മറ്റു മൂന്ന് രാജ്യങ്ങളിലേക്കു ദശാബ്ദങ്ങൾക്കുശേഷമാണ് ഒരു പാപ്പ എത്തുന്നത്. ഇന്ത്യന്‍ സമയം ഇന്നു ഉച്ചയ്ക്ക് 2.30നു രാജ്യ തലസ്ഥാനമായ അൽജിയേഴ്‌സിലെ ഹൗറി ബൗമെഡിന്‍ ഇൻ്റർനാഷണൽ എയർപോർട്ടില്‍ ലെയോ പാപ്പയ്ക്കും സംഘത്തിനും ഭരണാധികാരികളും സഭാനേതൃത്വവും ചേര്‍ന്ന് സ്വീകരണം നല്‍കും. ആഫ്രിക്കന്‍ സന്ദർശനത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ പാപ്പാ വിശ്വാസി സമൂഹത്തെയും, പൗരന്മാരെയും അഭിസംബോധന ചെയ്യും. സമാധാനം, കുടിയേറ്റം, പരിസ്ഥിതി, യുവജനങ്ങൾ, കുടുംബം എന്നിവ സന്ദേശങ്ങളിലെ മുഖ്യവിഷയങ്ങളായിരിക്കുമെന്നാണ് സൂചന. |