category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലെയോ പാപ്പയുടെ ഒരു വര്‍ഷം; പ്രധാനപ്പെട്ട 10 സംഭവങ്ങള്‍
Content2025 മെയ് 8. ദശലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു സ്വര്‍ഗ്ഗം നല്‍കിയ ഉത്തരമായി, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ ലെയോ പതിനാലാമന്‍ പാപ്പയായി ലോകം പരിചയപ്പെട്ട ദിവസം. പത്രോസിന്റെ പിന്‍ഗാമിയായുള്ള പാപ്പയുടെ ജൈത്രയാത്രയ്ക്കു ഇന്നു ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായുള്ള പേപ്പല്‍ ശുശ്രൂഷയുടെ ഒരു വർഷത്തിനിടെ ലെയോ മാർപാപ്പ നടത്തിയ അപ്പസ്തോലിക യാത്രകൾ, വിശുദ്ധ പദവി പ്രഖ്യാപനങ്ങൾ, ഉൾപ്പെടെ പ്രധാനപ്പെട്ട 10 സംഭവങ്ങള്‍ മനസിലാക്കാം. #{blue->none->b->1. 48 മണിക്കൂറിനുള്ളിൽ ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയില്‍ സന്ദർശനം ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു 48 മണിക്കൂറിനുള്ളിൽ, റോമിൽ നിന്ന് മാറി സെന്റ് അഗസ്റ്റിൻ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ജെനാസാനോയിലെ മദർ ഓഫ് ഗുഡ് കൗൺസൽ ദേവാലയം സന്ദർശിച്ചുകൊണ്ട് വത്തിക്കാനിന് പുറത്തുള്ള തന്റെ ആദ്യ സന്ദർശനം മാര്‍പാപ്പ നടത്തി. വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ, സെന്റ് മേരി മേജർ ബസിലിക്കയിലും ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിലും ലെയോ പാപ്പ പ്രാർത്ഥിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രിയപ്പെട്ട പുഷ്പമായിരുന്നെന്ന് പറയപ്പെടുന്ന ഒരു വെളുത്ത റോസാപ്പൂവ് ലെയോ പാപ്പ അവിടെ സമര്‍പ്പിച്ചു. #{blue->none->b-> 2. മാര്‍പാപ്പയായതിന് ശേഷമുള്ള ആദ്യ ബലിയര്‍പ്പണം. ‍}# 2025 മെയ് 18ന്, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അര്‍പ്പിച്ച വിശുദ്ധ ബലിയര്‍പ്പണത്തിലൂടെ ലെയോ പാപ്പ തന്റെ ശുശ്രൂഷ ആരംഭിച്ചത്. അന്നു വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദ്ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി എത്തിയാണ് പാപ്പ ബലിയര്‍പ്പിച്ചത്. ഏകദേശം 150,000 പേർ പങ്കെടുത്ത ബലിയര്‍പ്പണത്തില്‍ സാഹോദര്യം, എളിമ, അനുരഞ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാപ്പ സംസാരിച്ചത്. ഇത് ലക്ഷകണക്കിന് വിശ്വാസികള്‍ ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും തത്സമയം കണ്ടു. #{blue->none->b->3. യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ‍}# 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടന്ന യുവജന ജൂബിലി വര്‍ഷാഘോഷത്തില്‍ ഒരു ദശലക്ഷത്തോളം യുവജനങ്ങളുടെ കൂട്ടായ്മയെയാണ് പാപ്പ സന്ദര്‍ശിച്ചത്. മാർപാപ്പയായ ആദ്യ വർഷത്തിൽ പരിശുദ്ധ പിതാവിന് യുവജനങ്ങളുമായി ചെലവിട്ട രണ്ടു പ്രധാന പരിപാടികളാണ് ഉണ്ടായിരിന്നത്. യുവജന ജൂബിലിയിൽ ഏകദേശം 1 ദശലക്ഷം യുവജനങ്ങളെ അഭിസംബോധന ചെയ്തതും നാഷണൽ കാത്തലിക് യൂത്ത് കോൺഫറൻസിൽ (NCYC) ഒത്തുകൂടിയ യുവജനങ്ങളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയും. ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടന്ന യുവജന ജൂബിലിയിൽ, ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ റോമിലെ തെരുവുകളിൽ നിറഞ്ഞു. റോമിൽ നിന്ന് 10 മൈൽ കിഴക്കുള്ള ഔട്ട്ഡോർ വേദിയായ ടോർ വെർഗറ്റയിൽ നടന്ന സായാഹ്ന ജാഗരണ പരിപാടിയില്‍ പാപ്പ സംബന്ധിച്ചു, ഹെലികോപ്റ്ററിൽ എത്തിയ പരിശുദ്ധ പിതാവിനെ ആര്‍പ്പ് വിളികളോടെ യുവജനങ്ങള്‍ സ്വീകരിച്ചു. ആഗസ്റ്റ് 3നു നടന്ന സമാപന ബലിയിലും പാപ്പ കാര്‍മ്മികനായി. നവംബർ 20–22 തീയതികളിൽ ഇന്ത്യാനാപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽവെച്ചു നടന്ന നാഷണൽ കാത്തലിക് യൂത്ത് കോൺഫറൻസിൽ കൌമാരക്കാരുമായി ഡിജിറ്റൽ കൂടിക്കാഴ്ചയും പാപ്പ നടത്തി. #{blue->none->b->4. ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനം ‍}# 2025 സെപ്റ്റംബര്‍ 7നു പതിനായിരങ്ങളെ സാക്ഷിയാക്കി "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപനം ലെയോ പാപ്പ നടത്തി. ലക്ഷകണക്കിന് ആളുകള്‍ തത്സമയം ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ കാർളോ അക്യുട്ടിസിന്റെ കുടുംബവും സന്നിഹിതരായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും അന്നത്തെ ചടങ്ങിനുണ്ടായിരിന്നു. #{blue->none->b->5. "ദിലേക്സി തേ" - ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം}# "ഞാൻ നിന്നെ സ്നേഹിച്ചു" അഥവാ "ദിലേക്സി തേ" എന്ന പേരില്‍ ലെയോ പതിനാലാമൻ പാപ്പ എഴുതിയ പ്രഥമ അപ്പസ്തോലിക പ്രബോധനം 2025 ഒക്ടോബര്‍ 9 വ്യാഴാഴ്ച പുറത്തിറക്കി. ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിന്നത്. ദൈവസ്നേഹവും, പാവപ്പെട്ടവരോടുള്ള സ്നേഹവും തമ്മിൽ വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കു ഇരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. #{blue->none->b->6. തുർക്കിയിലേക്കും ലെബനോനിലേക്കും പ്രഥമ അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ലെയോ പാപ്പയുടെ പ്രഥമ അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര തുര്‍ക്കിയിലേക്കായിരിന്നു. 2025 നവംബർ 27 മുതൽ ഡിസംബർ 2 വരെയാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം നടന്നത്. ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച‌ തുടങ്ങീ നിരവധി പരിപാടികളില്‍ പാപ്പ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം പ്രമാണിച്ചു വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (മുന്‍പ് നിഖ്യാ) എക്യുമെനിക്കൽ പ്രാർത്ഥനയിലും പാപ്പ സംബന്ധിച്ചു. തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച ലെയോ പാപ്പയുടെ ശക്തമായ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ത്രിദിന തുർക്കി സന്ദർശനത്തിനുശേഷം മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്ത പാപ്പ യുവജനങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനം, 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന, ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ ദിവ്യബലിയര്‍പ്പണം എന്നിവയ്ക്കു ശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. #{blue->none->b-> 7. അസാധാരണ കൺസിസ്റ്ററി}# ലെയോ പാപ്പ വിളിച്ചുകൂട്ടിയ പ്രഥമ അസാധാരണ കൺസിസ്റ്ററിയ്ക്കു വത്തിക്കാന്‍ വേദിയായി. ജനുവരി 7 മുതൽ 8 വരെ ചേർന്ന അസാധാരണ കൺസിസ്റ്ററിയിലെ തന്റെ പ്രാരംഭ പ്രസംഗത്തിൽ, വത്തിക്കാനിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർക്ക് "ഞാൻ കേൾക്കാൻ ഇവിടെയുണ്ട്" എന്ന് മാര്‍പാപ്പ ഉറപ്പ് നൽകി. കൺസിസ്റ്ററിയ്ക്കു രഹസ്യ സ്വഭാവമുണ്ടായിരിന്നു. സഭയുടെ മിഷന്‍ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നതായിരിന്നു കണ്‍സിസ്റ്ററിയെന്ന് പിന്നീട് വത്തിക്കാന്‍ തന്നെ വ്യക്തമാക്കി. #{blue->none->b->8. മാര്‍പാപ്പ എന്ന നിലയിലുള്ള ആദ്യത്തെ വിശുദ്ധ വാരവും ഈസ്റ്റർ ആഘോഷവും ‍}# 2026ലെ വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികനായി. ഓശാന ഞായറാഴ്ച ബലിയര്‍പ്പണം, ക്രിസം കുർബാന, , പീഡാനുഭവ വെള്ളി അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥന, ഈസ്റ്റർ തിരുക്കര്‍മ്മങ്ങള്‍, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നിന്നുള്ള "ഉർബി ഏത് ഓർബി" ആശീര്‍വാദം എന്നിവയ്ക്കു പാപ്പ കാര്‍മ്മികനായി. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കികൊണ്ട് ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയില്‍ പെസഹ വ്യാഴാഴ്ച നവവൈദികരുടെ പാദങ്ങളാണ് പാപ്പ കഴുകിയത്. കഴിഞ്ഞ വർഷം മെയ് 31നു വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽവെച്ച് ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെ പാദങ്ങളാണ് "കൊയ്‌ന ഡൊമിനി" അഥവാ തിരുവത്താഴ ബലിയര്‍പ്പണത്തിനോട് അനുബന്ധിച്ചു പാപ്പ കഴുകിയത്. മൂന്നു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും മരക്കുരിശ് വഹിക്കുന്ന മാര്‍പാപ്പ എന്ന പേരിനു ലെയോ പാപ്പ അര്‍ഹനായി. 1994-ൽ ജോൺ പോൾ രണ്ടാമന്‍ പാപ്പയാണ് ഇത്തരത്തില്‍ പങ്കെടുത്തിട്ടുള്ളത്. #{blue->none->b-> 9. ആഫ്രിക്കയിലേക്കു നടത്തിയ ചരിത്രപ്രസിദ്ധമായ 11 ദിവസത്തെ അപ്പസ്തോലിക യാത്ര ‍}# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ആഫ്രിക്കയിലെ വിശ്വാസികളെ കാണാന്‍ പാപ്പ തീരുമാനമെടുത്തിരിന്നു. ഏപ്രിൽ 13 മുതൽ 23 വരെ 11 ദിവസം നീണ്ട ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തില്‍ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങൾ സന്ദർശിച്ചു. 18 വ്യത്യസ്ത വിമാനങ്ങളിലായി അദ്ദേഹം 11,000 മൈലിലധികം ദൂരമാണ് പാപ്പ സഞ്ചരിച്ചത്. ആ രാജ്യങ്ങളിലെ 11 നഗരങ്ങളിൽ പാപ്പ സന്ദര്‍ശനം നടത്തി. സഭാനേതൃത്വം, ഭരണകൂടം, യുവജനങ്ങള്‍, രാഷ്ട്രീയ നേതാക്കൾ, തടവുകാർ, തുടങ്ങീ വിവിധ വിഭാഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. തന്റെ യാത്രയിലുടനീളം സമാധാനം, അനുരഞ്ജനം, നീതി എന്നീ വിഷയങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ ഊർജ്ജസ്വലതയും ദ്രുതഗതിയിലുള്ള വളർച്ചയും പ്രതിഫലിപ്പിക്കുന്നതായിരിന്നു പാപ്പയുടെ സന്ദര്‍ശനത്തിലെ ജനപങ്കാളിത്തം. #{blue->none->b-> 10. സമാധാനത്തിന് വേണ്ടി ഉയരുന്ന ആഗോള ശബ്ദം }# മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പോള്‍ മുതൽ ലെയോ പാപ്പ സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ" എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ പ്രഥമ പ്രഭാഷണം ആരംഭിച്ചത് തന്നെ. സുവിശേഷത്തിൽ വേരൂന്നിയതും എന്നാൽ സംഘർഷവും വിഭജനവും നിറഞ്ഞ ഒരു ലോകത്തിലേക്ക് സമാധാനം കൊണ്ടുവരുവാന്‍ നിരന്തരമായ ആഹ്വാനങ്ങളും പാപ്പ നടത്തി. ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാർത്ഥന പാപ്പ നടത്തി. പാപ്പയുടെ സമാധാന ആഹ്വാനത്തില്‍ വിറളിപൂണ്ട അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ പ്രസ്താവനകള്‍ വിവാദമായി. എന്നാല്‍ പാപ്പയുടെ മറുപടി ശ്രദ്ധേയമായിരിന്നു. തനിക്കു ട്രംപ് ഭരണകൂടത്തെ ഭയമില്ല, യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്... തുടങ്ങീയ വാചകങ്ങളാണ് പാപ്പ മറുപടി നല്‍കിയത്. നമുക്ക് എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല- ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്; ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ചില ആളുകൾ ചെയ്യുന്ന രീതിയിൽ സുവിശേഷത്തിന്റെ സന്ദേശം ദുരുപയോഗം ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല. യുദ്ധത്തിനെതിരെ ഞാൻ ഉറക്കെ ശബ്ദിക്കുന്നത് തുടരും, പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമാധാനവും ബഹുമുഖ സംഭാഷണവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമെന്നും പാപ്പ വ്യക്തമാക്കി. - ലെയോ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth Image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2026-05-08 18:04:00
Keywordsലെയോ പാപ്പ
Created Date2026-05-08 18:13:09